കാറ്റുവന്നു-നിന്റെ കാമുകന്‍ വന്നു-പാദസരം-@45.

കാറ്റുവന്നു, നിന്റെ കാമുകന്‍ വന്നു, ഉഷസേ നീയെന്നെ വിളിക്കുകില്ലെങ്കില്‍–എന്നീ മനോഹരങ്ങളായ ഗാനങ്ങള്‍ മലയാളി മറക്കാനിടയില്ല.

ആദ്യത്തെ ഗാനം ജയചന്ദ്രനും രണ്ടാമത്തെ ഗാനം പാടിയത് യേശുദാസുമാണ്.

1978 ഡിസംബര്‍-1 ന് റിലീസ് ചെയ്ത പാദസരം എന്ന സിനിമയിലെ പാട്ടുകളാണിവ.

45 വര്‍ഷം മുമ്പ് ഇതേ ദിവസം റിലീസ് ചെയ്ത പാദസരം എ.എന്‍. തമ്പിയാണ് സംവിധാനം ചെയ്തത്.

അനന്തനാരായണന്‍ തമ്പി എന്ന വലിയ പേരാണ് എ.എന്‍.തമ്പിയായി ചുരുക്കിയത്.

1970 ല്‍ നിശാഗന്ധി എന്ന ഹൊറര്‍ ത്രില്ലര്‍ സിനിമ സംവിധാനം ചെയ്താണ് തമ്പി രംഗത്തുവന്നത്.

73 ല്‍ വേളൂര്‍കൃഷ്ണന്‍കുട്ടിയുടെ പ്രശസ്ത ഹാസ്യ നോവലായ മാസപ്പടി മാതുപിള്ള അതേ പേരില്‍ സിനിമയാക്കി.

മൂന്നാമത്തെ സിനിമയാണ് പാദസരം.

1981 ല്‍ സ്വരങ്ങള്‍ സ്വപ്‌നങ്ങള്‍, 92 ല്‍ കിങ്ങിണി എന്നീ സിനിമകള്‍ സംവിധാനം ചെയ്തു.

1985 ല്‍ കാട്ടുതീ എന്ന പേരില്‍ ഒരു സിനിമ സംവിധാനം ചെയ്തുവെങ്കിലും അത് റിലീസായില്ല.

നടന്‍ ടി.ജി.രവിയാണ് പാദസരം നിര്‍മ്മിച്ചത്.

തുഷാര മൂവീ മേക്കേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച സിനിമ സാമ്പത്തികമായി വലിയ വിജയം നേടിയിരുന്നു. പാട്ടുകളാണ് സിനിമയെ പ്രേക്ഷകരിലേക്ക് എത്തിച്ചത്.

1980 ല്‍ പാദസരത്തിന്റെ തിരക്കഥാകൃത്ത് ജി.ഗോപാലകൃഷ്ണന്റെ രചനയിലും സംവിധാനത്തിലും ചോര ചുവന്ന ചോര എന്ന സിനിമ നിര്‍മ്മിച്ചു.

ഇതിലെ നായകനും ടി.ജി.രവിതന്നെയായിരുന്നു. അനാഥ ശവങ്ങള്‍ ഏറ്റെടുത്ത് ഒറ്റക്ക് സംസ്‌ക്കരിക്കുന്ന ആ കഥാപാത്രത്തോടെയാണ് രവി അഭിനയരംഗത്ത് ശ്രദ്ധേയനായത്.

1980 ല്‍ ചാകര, 82 ല്‍ അമൃതചുംബനം, 1983 ല്‍ രചന എന്നീ സിനിമകളും നിര്‍മ്മിച്ചു.

പാദസരം-

ജോസ്, കൊട്ടാരക്കര, ശോഭ, കവിയൂര്‍പൊന്നമ്മ, പി.ജെ.ആന്റണി, ടി.ജി.രവി, കുതിരവട്ടം പപ്പു, ശാന്താദേവി, ആറന്‍മുള പൊന്നമ്മ, ബേബി സംഗീത, ശിവന്‍ കുന്നമ്പിള്ളി, വൈക്കം സുകുമാരന്‍, വൈക്കം രാമചന്ദ്രന്‍, വി.കെ.ഗോപാലകൃഷ്ണന്‍, കലാമണ്ഡലം ക്ഷേമാവതി, കൊല്ലം ജി.കെ.പിള്ള എന്നിവരാണ് അഭിനേതാക്കള്‍. ശ്രീ എന്റര്‍പ്രൈസസാണ് വിതരണക്കാര്‍. ബ്ലാക്ക് ആന്റ് വൈറ്റില്‍ നിര്‍മ്മിക്കപ്പെട്ട പാദസരത്തിന്റെ കഥ ആര്‍.ഹരികുമാറിന്റെതാണ്. ജി.ഗോപാലകൃഷ്ണനാണ് തിരക്കഥയും സംഭാഷണവും. ടി.എന്‍.കൃഷ്ണന്‍കുട്ടിനായര്‍ ക്യാമറയും ജി.വെങ്കിട്ടരാമന്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചു. എ.എന്‍.തമ്പി തന്നെയാണ് കലാസംവിധായകന്‍. മണി ആന്റ് മണി പരസ്യം. എ.പി.ഗോപാലന്‍, ജി.കെ.പള്ളത്ത്, ജി.ഗോപാലകൃഷ്ണന്‍ എന്നിവര്‍ എഴുതിയ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയത് ദേവരാജന്‍.

ഗാനങ്ങള്‍

1-ഇല്ലപ്പറമ്പിലെ-പി.മാധുരി.
2-കാറ്റുവന്നു-ജയചന്ദ്രന്‍
3-മോഹവീണതന്‍-പി.സുശാല.
4-പുള്ളുവന്‍പാട്ട്-കാര്‍ത്തികേയന്‍, ഉമാമഹേശ്വരി,ധന്യ.
5-ഉഷസേ നീയെന്നെ-യേശുദാസ്.