പൈതൃകസിദ്ധിക്ക് മുന്നില്‍ ഉയര്‍ന്ന യോഗ്യതയും വെള്ളക്കോളര്‍ പളപളപ്പും ഉപേക്ഷിച്ച് പത്മദാസ്

Report-കരിമ്പം.കെ.പി.രാജീവന്‍

പരിയാരം: പൈതൃകസിദ്ധിയായി ലഭിച്ച ശില്‍പനിര്‍മ്മാണത്തിനായി സ്വയം സമര്‍പ്പിക്കാന്‍ പത്മദാസിന് ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഒരു തടസമേ ആയില്ല.

വെങ്കലശില്‍പികളുടെ പൈതൃകഗ്രാമമായ കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ പടിഞ്ഞാറ്റയില്‍ വീട്ടില്‍ പി.പത്മദാസ് എന്ന 32 കാരനാണ് വെള്ളക്കോളര്‍ ജോലിയുടെ പളപളപ്പ് ഉപേക്ഷിച്ച് ശില്‍പനിര്‍മ്മാണം തൊഴിലായി സ്വീകരിച്ചിരിക്കുന്നത്.

കണ്ണൂര്‍ സര്‍വകലാശാലയിലെ ബി.ബി.എം. ബിരുദത്തിന് ശേഷം കോയമ്പത്തൂരില്‍ നിന്ന് ഇന്റര്‍നാഷണല്‍ ബിസിനസില്‍ പോസ്റ്റ്ഗ്രാജ്വേഷനും(എം.ഐ.ബി) കരസ്ഥമാക്കിയ പത്മദാസ് നിരവധി കമ്പനികളില്‍ ജോലിനോക്കിയ ശേഷം 2019 ല്‍ കിറ്റെക്‌സില്‍ ജോലിചെയ്യുന്ന സമയത്താണ് പരമ്പരാഗത തൊഴിലിന്റെ പവിത്രത ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞത്.

ഇതിനിടയില്‍ കോവിഡ് കൂടി വന്നതോടെ നാട്ടിലെത്തിയ പത്മദാസ് ശില്‍പ്പനിര്‍മ്മാണത്തിലേക്ക് തിരിയുകയായിരുന്നു.

മുത്തച്ഛന്‍ പ്രശസ്ത വെങ്കലശില്‍പ്പി പടിഞ്ഞാറ്റയില്‍ കുഞ്ഞിരാമന്‍ അന്തിത്തിരിയന്‍ ബാല്യത്തില്‍ പകര്‍ന്നുനല്‍കിയ നിര്‍മ്മാണ വിദ്യകള്‍ ഉപയോഗപ്പെടുത്തിയതോടെ തൊട്ടതെല്ലാം പൊന്നാകുന്ന വിധത്തില്‍ പത്മദാസിന്റെ പ്രതിഭ വളരുകയായിരുന്നു.

സംസ്ഥാന സാംസ്‌ക്കാരിക വകുപ്പ് തിരവനന്തപുരത്തെ ഓഫീസില്‍ സ്ഥാപിച്ച കേരളസര്‍ക്കാറിന്റെ ഔദ്യോഗികമുദ്ര, മഹാത്മാഗാന്ധി, മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍കലാം എന്നിവരുടെ പ്രതിമകള്‍,

വിവിധ ക്ഷേത്രങ്ങളിലേക്കായി സപ്തമാതാക്കള്‍, കാളീ വിഗ്രഹങ്ങള്‍, രണ്ടടി ഉയരമുള്ള ശ്രീകൃഷ്ണ വിഗ്രഹം, വിളക്കുകള്‍, ഓട്ടുപാത്രങ്ങള്‍ തുടങ്ങി നിരവധി നിര്‍മ്മിതികളാണ് വെറും രണ്ട് വര്‍ഷത്തിനിടയില്‍ ഈ യുവശില്‍പ്പി നിര്‍മ്മിച്ചത്.

ഇപ്പോള്‍ മൂന്നടി ഉയരമുള്ള ദശാവതാരം വിളക്കിന്റെ നിര്‍മ്മാണ പണിപ്പുരയിലാണ് പത്മദാസ്.

മറ്റൊരു ജോലിയിലേക്കും ഇനി തിരിച്ചുപൊക്കില്ലെന്ന് പറയുന്ന പത്മദാസ് പുതിയ തലമുറയില്‍പെട്ടവര്‍ ഈ രംഗത്തേക്ക് വരാതിരിക്കുന്നതില്‍ ആശങ്കപ്പെടുന്നുണ്ട്. പടിഞ്ഞാറ്റയില്‍ പത്മനാഭന്‍സാവിത്രി ദമ്പതികളുടെ മകനാണ്. നിവ്യയാണ് ഭാര്യ.