പാലകുളങ്ങര ശ്രീധര്‍മ്മശാസ്ത ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം മെയ് 15 മുതല്‍ 22 വരെ
തളിപ്പറമ്പ്: പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീമദ് ഭാഗവത സപ്താഹം നടത്താന്‍ ക്ഷേത്രഭാരവാഹികള്‍ തീരുമാനിച്ചു.
പ്രശസ്ത ഭാഗവത പണ്ഡിതന്‍ ബ്രഹ്മശ്രീ സതീശന്‍ തില്ലങ്കേരിയാണ് ആചാര്യന്‍. മെയ് 15 ഞായറാഴ്ച മുതല്‍ മെയ് 22 ഞായറാഴ്ചവരെയാണ് പരിപാടി.
15 ഞായറാഴ്ച അഞ്ചരമണിക്ക് തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തില്‍ വെച്ച് ശ്രീമദ് ഭാഗവതം പൂജിച്ച് വാങ്ങി പൂര്‍ണ്ണ കുംഭത്തോടും വാദ്യമേളങ്ങളാടും താലപ്പൊലിയോടും കൂടി ആചാര്യനെ പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് ആനയിക്കും.
6 മണിക്ക് യജ്ഞമണ്ഡപത്തില്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കെ.സി. മണികണ്ഠന്‍ നായര്‍ ആചാര്യവരണം നടത്തും.
അതിനു ശേഷം ആചാര്യന്‍ ഏഴു ദിവസം കൊണ്ട് വായിച്ചു തീര്‍ക്കേണ്ട ശ്രീമദ് ഭാഗവത മാഹാത്മ്യത്തിന്റെ പ്രാധാന്യം ഭക്തര്‍ക്ക് വിശദീകരിക്കുന്നതോടൊപ്പം ഏഴു ദിവസങ്ങളിലായി ഓരോ
ദിവസവും യജ്ഞവേദിയില്‍ സമര്‍പ്പിക്കേണ്ട വഴിപാടുകളുടെ പേരും പ്രാധാന്യവും പരിചയപ്പെടുത്തും.
മെയ് 16 ന് തിങ്കളാഴ്ച്ച രാവിലെ 6 മണിക്ക് വിഷ്ണു സഹസ്രനാമത്തോടെ ശ്രീമദ് ഭാഗവതപാരായണമാരംഭിക്കും.
എല്ലാ ദിവസവും ഉച്ചക്ക് അന്നദാനമുണ്ടായിരിക്കും. യജ്ഞാചാര്യന് ഏതു ദിവസത്തേയും ദക്ഷിണ പൂര്‍ണ്ണമായി നല്‍കി അനുഗ്രഹം വാങ്ങാനുള്ള സൗകര്യം ഭരണസമിതിയൊരുക്കിയിട്ടുണ്ട്.
എല്ലാ ദിവസവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും, സര്‍വ്വ രോഗനിവാരണ പൂജയും മറ്റു ക്ഷേത്രത്തിലെ എല്ലാവഴിപാടുകളും ഉണ്ടായിരിക്കുന്നതാണ്.
ഈ പുണ്യകര്‍മ്മത്തില്‍ പങ്കാളികളാകാനും വിവിധങ്ങളായ വഴിപാടുകളുടെ രശീതുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനും ഭക്ത ജനങ്ങള്‍ സഹകരിക്കണമെന്ന് ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസറും, ട്രസ്റ്റി ബോര്‍ഡും ഭക്ത ജനങ്ങളോട് ആവശ്യപ്പെട്ടു.
