അമേരിക്കയില്‍ ചികില്‍സക്ക് പോയശേഷവും പിണറായി ആരോഗ്യമേഖലയില്‍ കേരളം നമ്പര്‍ വണ്‍ എന്ന് പറയുന്നത് അപഹാസ്യം-രാഹുല്‍ മാങ്കൂട്ടത്തില്‍.

മുഴപ്പിലങ്ങാട്: ക്യാന്‍സര്‍ ചികിത്സക്ക് അമേരിക്കയില്‍ പോയി തിരിച്ച് വന്ന ശേഷവും ആരോഗ്യ മേഖലയില്‍ കേരളം നമ്പര്‍ വണ്ണാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്

അപഹാസ്യവും ഏറ്റവും വലിയ തമാശയുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സിക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍.

സാധാരണ ജനങ്ങള്‍ക്ക് ആര്‍.സി.സി പോലുള്ള ആശുപത്രികളിലെ ചികിത്സയെക്കുറിച്ച് വിശ്വാസം വരണമെങ്കില്‍ മുഖ്യമന്തിയും പാര്‍ട്ടി സിക്രട്ടറിയും ഇവിടെ ചികിത്സതേടണമായിരുന്നു.

എങ്കിലെ സാധാരണക്കാര്‍ക്ക് ആത്മവിശ്വാസം വരികയുള്ളു. ലാവലിന്‍ ഇടപാടില്‍ നടത്തിയ കമ്മീഷന്‍ അഴിമതി കെ റെയിലില്‍ ആവര്‍ത്തിക്കാനാണ് പിണറായിയുടെ ഉദ്ദേശമെന്നും രാഹുല്‍ ആരോപിച്ചു.

ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തെക്കെ കുന്നുമ്പ്രത്ത് ചേര്‍ന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡി.സി.സി. സിക്രട്ടറി എം.കെ.മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. ഷമേജ് പെരളശ്ശേരി, ജില്ല പഞ്ചായത്ത് മെമ്പര്‍ എന്‍.പി.ശ്രീധരന്‍, സനോജ് പലേരി, ടി.കെ.അനിലേഷ്, സ്ഥാനാര്‍ത്ഥി പി.പി. ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.

വികസനത്തെക്കുറിച്ച് പറയുന്ന മുഖ്യമന്ത്രി ആദ്യം ചെയ്യേണ്ടത് സ്വന്തം മണ്ഡലത്തില്‍ പെട്ട ഈ പഞ്ചായത്തിലെ തെക്കെ കുന്നുമ്പ്രത്തെ

നാല്‍പ്പതോളം കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയിലെ ദയനീയമായ ദുരവസ്ഥക്ക് പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്.

ഇവിടെ പട്ടയമില്ലാതെ കഷ്ടപ്പെടുന്നവര്‍ക്ക് തുണയാവാന്‍ യു.ഡി.എഫ്. ഭരണം തിരിച്ച് പിടിക്കേണ്ടത് അനിവാര്യമാണെന്നും രാഹല്‍ പറഞ്ഞു.