പാഡി-360 കേരളത്തിന് ഒരു പട്ടുവം വയല്‍മാതൃക.
കരിമ്പം.കെ.പി.രാജീവന്‍
തളിപ്പറമ്പ്: പുന്നെല്ലിന്റെ മനസിലേക്ക്
തൊട്ടുതഴുകുന്ന ഇളംമണത്തോടൊപ്പം, പടിഞ്ഞാറന്‍ കാറ്റിന്റെ അനുഭൂതിയും തിരമാലകള്‍പോലെ ഉയര്‍ന്നുപൊങ്ങുന്ന നെല്‍ച്ചെടികളും, അതിന് നടുവിലിരുന്ന് ഒരു കപ്പ് ആവിപറക്കുന്ന ചായയും നല്ല ചെഞ്ചൂട് പലഹാരങ്ങളും.
പാഡി-360 നിങ്ങളെ വിളിക്കുകയാണ് ഈ കാഴ്ച്ചകള്‍ നുണയാന്‍.
പട്ടുവം കാവുങ്കലില്‍ നിന്ന് പട്ടുവത്തേക്കുള്ള വഴിയിലെ കിഫ്ബി റോഡരികിലാണ് ഒരു കൂട്ടം യുവാക്കളുടെ ഈ സംരംഭം.
ഇതുവഴി കടന്നുപോകുന്നവര്‍ മാത്രമല്ല, വയലിന്റെ സൗന്ദര്യം നുകര്‍ന്ന് വൈകുന്നേരങ്ങള്‍ ചെലവഴിക്കാനായും നിരവധിപേരാണ് പാഡി-360 ല്‍ എത്തിക്കൊണ്ടിരിക്കുന്നത്.
360 ഡിഗ്രിയില്‍ വയലിന്റെ മാസ്മര സൗന്ദര്യവും ശുദ്ധവായുവും നുകരാന്‍ കഴിയുന്ന സ്ഥലമെന്ന നിലയിലാണ് ഒരിക്കല്‍ വന്നവര്‍ വീണ്ടും വീണ്ടും ഇവിടെയെത്തുന്നത്.
പാപ്പുവാന്‍ എന്ന പേരില്‍ തനതായ കരിമ്പിന്‍ ജ്യൂസ് ഉല്‍പ്പാദിപ്പിച്ച് പട്ടുവത്തിന്റെ കേള്‍വി അന്താരാഷ്ട്ര നിലവാരത്തിലെത്തിച്ച ഒരു സംഘം യുവാക്കള്‍ തന്നെയാണ് സ്വാശ്രയത്വത്തിന്റെ പുതിയ സന്ദേശം പകര്‍ന്ന് പാഡി-360 ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
പട്ടുവം വയലിന്റെ ഈ ഹരിതകവചം നിലനിര്‍ത്തിക്കൊണ്ട് തന്നെ വയലിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി നിരവധി പദ്ധതികളാണ് ഇവിടെ ആവിഷ്‌ക്കരിക്കാന്‍ പോകുന്നത്.
ഒരു സെക്കന്റ്ഹാന്‍ഡ് വാഹനത്തില്‍ വളരെ ചെറിയ മുതല്‍മുടക്കില്‍ ആരംഭിച്ച പാഡി-360 വന്‍ വിജയമായതോടെ തികഞ്ഞ അത്മവിശ്വാസത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ച പുതിയ പദ്ധതികള്‍ക്ക് ഇതിനിടെ അനുവാദവും ലഭിച്ചിട്ടുണ്ട്.
ഏഴോളം പേര്‍ക്ക് പ്രത്യക്ഷമായും നാടന്‍ പലഹാരങ്ങള്‍ നിര്‍മ്മിച്ചുനല്‍കുന്ന രണ്ട് കുടുംബങ്ങള്‍ക്ക് പരോക്ഷമായും ഈ സംരംഭം സാമ്പത്തിക നേട്ടവും നല്‍കുന്നുണ്ട്.
തികച്ചും സംശുദ്ധമായ രീതിയിലുള്ള ഭക്ഷ്യവസ്തുക്കളാണ് ഇവിടെ ലഭിക്കുന്നതെന്നതിനാല്‍ നല്ല രീതിയിലുള്ള കച്ചവടം ലഭിക്കുന്നതായി സംരംഭകര്‍ പറഞ്ഞു.
അനുമതി ലഭിച്ച മറ്റ് പദ്ധതികള്‍ കൂടി നടപ്പിലാകുന്നതോടെ ജില്ലയില്‍ വയല്‍ ടൂറിസം എന്ന പുതിയ സംരംഭത്തിന് പട്ടുവത്ത് തുടക്കം കുറിക്കപ്പെടുകയാണ്.
പട്ടുവത്തിന്റെ തനതായ കാഴ്ച്ചകളും ഭക്ഷ്യവസ്തുക്കളും യഥേഷ്ടം ലഭ്യമാവുന്നതോടെ വലിയ കുതിച്ചുചാട്ടം തന്നെയാവും പാഡി-360 ജില്ലയില്‍ സൃഷ്ടിക്കുക.
ചുള്ളേരി വേണുഗോപാലന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്തിന് മുഴുവന്‍ മാതൃകയാക്കാവുന്ന ഈ പദ്ധതികള്‍ നടപ്പിലാക്കുന്നത്.