സമാന്തര-ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ തടയുമെന്ന് ചെമ്പേരിയിലെ വ്യാപാരി നേതാക്കള്‍.
ചെമ്പേരി: മലയോരത്ത് റോഡരികിലെ വാഹനങ്ങളിലെ സമാന്തരവ്യാപാരത്തിനെതിരെയും ഓണ്‍ലൈന്‍ വ്യാപാരത്തിനെതിരെയും നടപടികള്‍ വേണമെന്ന് ചെമ്പേരിയിലെ വ്യാപാരികള്‍ ആവശ്യപ്പെട്ടു.
അധികൃതര്‍ ഇതിന് ഒത്താശചെയ്യുകയാണെങ്കില്‍ വ്യാപാരം നിറുത്തേണ്ട സാഹചര്യമാണ് മലയോരത്തെന്നും വ്യാപാരിനേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇത് ഇനിയും തുടര്‍ന്നാല്‍ തടയാന്‍ മടിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. മലയോരമേഖലയിലും റോഡരികിലും വാഹനങ്ങളിലും സമാന്തര കച്ചവടം പൊടിപൊടിക്കുകയാണ്.
ഓണ്‍ലൈന്‍ വ്യാപാരം തടയിടാനൊരുങ്ങുന്നതിനിടയിലാണ് വ്യാപാരികള്‍ക്ക് ഇടിതീയായി സമാന്തരവ്യാപാരം എത്തിയിരിക്കുന്നത്.
റോഡരികിലും വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നിലും തമിഴ്‌നാട് മുളകും പച്ചക്കറികളും വില്‍പ്പന നടത്തുന്നതിനെതിരെയാണ് പ്രതിഷേധം ശക്തമാക്കുന്നതെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
വ്യാപാരസ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍ കുറഞ്ഞ നിരക്കില്‍ വ്യാജത്രാസുകളില്‍ തൂക്കം കുറച്ച് നടത്തുന്ന വില്‍പ്പനകള്‍ക്കെതിരെയാണ് പ്രതിഷേധം.
കച്ചവടത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പോലീസും ഒത്താശ ചെയ്യുകയാണ്.
നേരത്തെ മത്സ്യവില്‍പ്പന മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ സര്‍വ്വസാധനങ്ങളും വീടുകള്‍ക്ക് മുന്നിലെത്തിക്കുകയാണ്.
ഓണ്‍ലൈന്‍ വ്യാപാരം കാരണം പൊതുവെ കച്ചവടം കുറവായ സാഹചര്യത്തില്‍ ലോണെടുത്തും മറ്റും പെടാപ്പാട് പെടുന്ന വ്യാപാരികള്‍ കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
സമാന്തര വാഹനങ്ങളിലെ വ്യാപാരങ്ങള്‍ ഇങ്ങനെ പോയാല്‍ സ്വന്തം വാഹനം കടകള്‍ക്ക് മുന്നിലിട്ട് വ്യാപാരത്തിന് ഇറങ്ങാന്‍ മടിക്കില്ലെന്നും വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കി.
വാര്‍ത്താസമ്മേളനത്തില്‍ ചെമ്പേരി യൂനിറ്റ് പ്രസിഡന്റ് സാബു മണിമല, സിക്രട്ടറി റെജി പവന്‍, വൈസ് പ്രസിഡന്റുമാരായ സാജു മണ്ഡപത്തില്‍, പയസ് പണ്ടാരപള്ളില്‍ എന്നിവര്‍ പങ്കെടുത്തു.