പരിയാരം പബ്ലിക്ക് സ്‌ക്കൂളില്‍ വിജയോത്സവവും ഡിജിറ്റല്‍ ക്ലാസുകളുടെ ഉദ്ഘാടനവും നാളെ.

പരിയാരം: പരിയാരം മെഡിക്കല്‍ കോളേജ് പബ്ലിക്ക് സ്‌ക്കൂളില്‍ ഡിജിറ്റല്‍ ക്ലാസുകളുടെ ഉദ്ഘാടനവും വിജയോല്‍സവവും നാളെ നടക്കുമെന്ന് സ്‌ക്കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ 10 ന് എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

പി.ടി.എ പ്രസിഡന്റ് ടി.മനോഹരന്‍ അധ്യക്ഷത വഹിക്കും.

കലാ-കായിക മേഖലകളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനവിതരണം ജില്ലാ പഞ്ചായത്തംഗം ടി.തമ്പാന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും.

സ്‌ക്കൂളിലെ ജൂനിയര്‍ റെഡ്‌ക്രോസിന്റെ നേതൃത്വത്തില്‍ പാവപ്പെട്ട രോഗികളെ സഹായിക്കാനുള്ള കാരുണ്യനിധിയുടെ ഉദ്ഘാടനം ഔഷധി ഡയക്ടറും മാടായി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് പ്രസിഡന്റുമായ കെ.പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും.

ഡെല്‍ഹിയില്‍ നടന്ന ഈ വര്‍ഷത്തെ റിപ്പബ്ലിക്ക്ദിന പരേഢില്‍ പങ്കെടുത്ത സ്‌ക്കൂളിലെ യോഗ അധ്യാപകന്‍ കെ.വി.ഷൈജുനിനെയും എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികലേയും എം.എല്‍.എ അനുമോദിക്കും.

സ്‌കൂളില്‍ കെട്ടിടങ്ങളും മറ്റ് ഭൗതികസാഹചര്യങ്ങളുമുണ്ടെങ്കിലും എല്‍.പി.വിഭാഗത്തില്‍ സ്ഥിരം അധ്യാപകരില്ലാതെ വിഷമിക്കുകയാണ്.

നേരത്തെ 2019 ല്‍ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ പബ്ലിക്ക് സ്‌ക്കൂള്‍ അധ്യാപകരെ സ്ഥിരപ്പെടുത്താന്‍ വൈകിയിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് അധ്യാപകരെയും നോണ്‍ ടീച്ചിംഗ് വിഭാഗം ജീവനക്കാരെയും സര്‍ക്കാര്‍ അംഗീകരിച്ചത്.

എന്നാല്‍ പഴയ അധ്യാപകര്‍ വിരമിച്ചപ്പോള്‍ സര്‍ക്കാര്‍ പുതിയ അധ്യാപകരെ നിയമിക്കാത്തതിനാല്‍ 8 അധ്യാപകരെ പി.ടി.എ.താല്‍ക്കാലികമായി നിയമിക്കുകയായിരുന്നു.

ഇവര്‍ക്ക് പ്രതിമാസം 80,000 രൂപ പി.ടി.എയാണ് ശമ്പളം നല്‍കുന്നത്. ഇനി ഇത് തുടരാന്‍ കഴിയില്ലെന്നും സ്ഥിരം എല്‍.പി.അധ്യാപകരെ നിയമിക്കണമെന്നും സ്‌ക്കൂള്‍ ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടു.

എസ്.എം.സി ചെയര്‍മാന്‍ പി.ആര്‍.ജിജേഷ്, കെ.അശോകന്‍, എന്‍.എ വിദ്യാധരന്‍, എന്‍.എം.സുഗുണ, സി.സന്തോഷ്‌കുമാര്‍, എന്‍.സുമിത്ര എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.