സിന്തറ്റിക് ട്രാക്കും ഫുട്‌ബോള്‍ മൈതാനവും 24 ന് നാടിന് സമര്‍പ്പിക്കും, ഉദ്ഘാടന ദിവസം ഓട്ടമല്‍സരവും രണ്ട് ഫുട്‌ബോള്‍ മല്‍സരങ്ങളും.
പരിയാരം: മുഖ്യമന്ത്രി ഉദ്ഘാടനം നടത്തിയ ഉടനെ ഓട്ടമല്‍സവും ഫുട്‌ബോള്‍ മല്‍സരവും നടത്തിക്കൊണ്ട് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ സിന്തറ്റിക്ക് ട്രാക്കും ഫുട്‌ബോള്‍ ഗ്രൗണ്ടും നാടിന് സമര്‍പ്പിക്കും.
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയായ അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്കും ഫിഫ നിലവാരത്തിനൊത്ത ഫുട്‌ബോള്‍ മൈതാനവും 24 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ എം.വിജിന്‍ എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ അധ്യക്ഷത വഹിക്കും.
ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മുഖ്യതിഥിയാവും. എം.പിമാരായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഡോ.വി.ശിവദാസന്‍, ഡോ.ജോണ്‍ ബ്രിട്ടാസ്, അഡ്വ.പി സന്തോഷ്‌കുമാര്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, ജില്ലാ കളക്ടര്‍ ഡോ.എസ്.ചന്ദ്രശേഖര്‍, മുന്‍ എം.എല്‍.എ ടി.വി.രാജേഷ്, സായി റീജിയണല്‍ മേധാവി ഡോ.ജി.കിഷോര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.
കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷണിലെ മികച്ച വനിതാ അത്‌ലറ്റുകള്‍ ഓട്ടമല്‍സരത്തില്‍ പങ്കെടുക്കുമ്പോള്‍ ഫുട്‌ബോള്‍ മൈതാനത്തെ ആദ്യ മല്‍സരം പയ്യന്നൂര്‍ ഫുട്‌ബോള്‍ അക്കാദമിയും തൃക്കരിപ്പൂര്‍ ഫുട്‌ബോള്‍ അക്കാദമിയിലെയും പെണ്‍കുട്ടികളുടെ ടീമുകള്‍ തമ്മിലാണ്. തുടര്‍ന്ന് പുരുഷ വിഭാഗത്തിലെ മെഡിക്കല്‍ ഡന്റല്‍ വിദ്യാര്‍ത്ഥികള്‍ അണിനിരക്കുന്ന ടീമും ഫാര്‍മസി കോളേജ് നേഴ്‌സിംഗ് കോളേജ് തമ്മിലുമുള്ള മത്സരമായിരിക്കും. ഈ മത്സരങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ ഉദ്ഘാടനച്ചടങ്ങ് അവസാനിക്കും വിധമാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.
ഐ.എ.എ.എഫ് സ്റ്റാന്‍ഡേര്‍ഡ് 8 ലൈന്‍ സിന്തറ്റിക് ട്രാക്ക്, ജംബിംഗ്പിറ്റ്, ട്രാക്കിന്റെ സുരക്ഷയ്ക്കായുളള ഫെന്‍സിംഗ്, കാണികള്‍ക്കായുള്ള പവലിയന്‍, കായികതാരങ്ങള്‍ക്കുളള ഡ്രസ് ചെയിഞ്ചിംഗ് റൂം, ബാത്ത് റൂം, ടോയ്‌ലറ്റ്‌സ് എന്നീ സൗകര്യങ്ങളോടെ 7 കോടി രൂപ ചെലവിലാണ് ഈ അന്താരാഷ്ട്ര നിലവാരത്തിലുളള സിന്തറ്റിക് ട്രാക്ക് ഒരുക്കിയത്.
അന്നത്തെ കല്യാശ്ശേരി എം.എല്‍.എ ടി വി രാജേഷിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 58 ലക്ഷം രൂപ ചെലവഴിച്ചാണ് ഫിഫ നിലവാരത്തിലുള്ള ഫുട്‌ബോള്‍ ഗ്രീന്‍ഫീല്‍ഡ് നിര്‍മ്മിച്ചത്.
ഖേലോ ഇന്ത്യാ പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി വടക്കേ മലബാറില്‍ രൂപപ്പെടുത്തുന്ന ആദ്യത്തെ സിറ്റിക്ക് ട്രാക്കാണ് പരിയാരത്തേത്.
2021 ഫെബ്രുവരി 18 ന് അന്നത്തെ കായികമന്ത്രി ഇ.പി.ജയരാജനാണ് ശിലാസ്ഥാപനം നടത്തിയത്. രണ്ടര വര്‍ഷം കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി വൈസ് ചെയര്‍മാന്‍മാരായ കെ.പത്മനാഭന്‍, ഡോ.ഷീബാ ദാമോദര്‍, ഡോ.കെ.സുദീപ്, പി.പി.ബിനീഷ്, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ ജയരാജ് മാതമംഗലം, കണ്‍വീനര്‍ അജിത് പാനൂര്‍ എന്നിവര്‍ പങ്കെടുത്തു.
