കുറ്റാന്വേഷണത്തിന്റെ നളിനാക്ഷന്‍ ടെച്ച്-ഡിറ്റക്ടീവ് നോവല്‍ പോലെ ഒരന്വേഷണം.
പ്രത്യേക ലേഖകന്‍.
ഒക്ടോബര്‍ 19-നാണ് പരിയാരം ചിതപ്പിലെ പൊയിലിലെ ഡോ ഷക്കീര്‍, ഡോ ഫര്‍സീന ദമ്പതിമാരുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. ഡോക്ടര്‍ ദമ്പതിമാര്‍ അന്നേ ദിവസം എറണാകുളത്തേക്ക് പോയിരുന്നു. രാത്രി കവര്‍ച്ചാ സംഘം വീട്ടിലെത്തുകയും ജനലഴികള്‍ മുറിച്ച് അകത്ത് കടന്ന് ഡോ.ഫര്‍സീനയുടെ മാതൃസഹോദരിയായ വയോധികയെ ഭീഷണിപ്പെടുത്തി പത്ത് പവനും പണവും കവര്‍ന്നു. രാവിലെ വീട്ട്‌ജോലിക്കാരി വന്നപ്പോഴമാണ് കവര്‍ച്ച വിവരം പുറത്ത് അറിയുന്നത്. വിവരമറിഞ്ഞ് നാട്ടുകാര്‍ ഒന്നാകെ ഇവിടേക്ക് ഒഴുകിയെത്തി കാരണം ഇവിടെ കവര്‍ച്ച നടക്കുന്നതിന്ന് മുമ്പ് സപ്തംബര്‍ 21 ന് ഇതിനടുത്ത പ്രാദേശമായ പളുങ്കു ബസാറില്‍ മാടാളന്‍ അബ്ദുള്ളയുടെ വീട്ടിലും സമാനരീതിയില്‍ കവര്‍ച്ച നടത്തി 25 പവനും പതിനഞ്ചായിരം രൂപയും കവര്‍ന്നിരുന്നു. അടുത്തിടത്ത് രണ്ട് കവര്‍ച്ച കുറച്ച് ദിവസങ്ങള്‍ക്ക് ഇടയില്‍ നടന്നതോടെ ജനങ്ങള്‍ ഭീതിയിലായി ഇതിന്റെ പ്രതിഫലമെന്നോളം കവര്‍ച്ച നടന്ന വീട്ടിലെത്തിയ ഡിവൈ.എസ്.പിയോട് പ്രദേശവാസികള്‍ തട്ടി കയറുന്ന സ്ഥിതി വരെ ഉണ്ടായിരുന്നു.
തുടര്‍ന്ന് കവര്‍ച്ച നടന്ന വീട്ടിലെത്തിയ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഡിവൈഎസ്പി പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തിന് രൂപം നല്‍കി. തെളിവുകളൊന്നും ബാക്കി വയ്ക്കാതെയുള്ള കവര്‍ച്ചയായിരുന്നു ഇത്. സിസിടിവി തുണികൊണ്ട് മറയ്ക്കുകയും, ഇതിന്റെ ഡിവിആര്‍ കവര്‍ച്ചാ സംഘം കൊണ്ടുപോകുകയും ചെയ്തിരുന്നു. വിരലടയാളമോ മറ്റ് തെളിവുകളൊ ഇല്ലാത്ത ഈ കേസില്‍ ഏത് കവര്‍ച്ചാ സംഘമാണ് കവര്‍ച്ച നടത്തിയത് എന്നറിയുവാന്‍ അന്വേഷണ സംഘം കിണഞ്ഞു പരിശ്രമിച്ചു. കവര്‍ച്ച നടന്ന പ്രദേശത്തേയും, സമീപ പ്രദേശങ്ങളിലേയും നിരവധി സിസിടിവി പരിശോധിച്ച് കൊണ്ടുള്ള അന്വേഷണമാണ് ഈ ഘട്ടത്തില്‍ പ്രധാനമായും നടന്നത്. മികച്ച കുറ്റാന്വേഷകനെന്ന് പേരെടുത്ത പി.നളിനാക്ഷന്‍ പരിയാരം എസ്.എച്ച്.ഒയായി ചുമതലയേറ്റതോടെയാണ് അന്വേഷണത്തിന് വേഗം കൈവന്നത്. നിരവധി സിസിടിവി പരിശോധിച്ചതില്‍ നിന്ന് സംശയാസ്പദമായ ഒരു ചുവന്ന കളര്‍ ടവേര കണ്ടെത്തുകയും ഇതിന്റെ നമ്പര്‍ വ്യാജമാണെന്ന് മനസിലാക്കുകയും ചെയ്തു. വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അതിന്റെ പിന്നാലെ അന്വേഷണം സജീവമാക്കി.
നളിനാക്ഷന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം വിവിധ സ്ഥലങ്ങളിലെ സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിച്ച് ഈ വാഹനം പരിയാരം കാഞ്ഞങ്ങാട് ചെര്‍ക്കള വഴി കര്‍ണാടയിലേക്ക് പോയതായി മനസിലാക്കുകയും കുശാല്‍നഗറില്‍ ഇവരുടെ വാഹനം എത്തിയതായി സിസിടിവി വഴി മനസിലാക്കുകയും ചെയ്തു. തുടര്‍ന്ന് കുശാല്‍നഗറിനടുത്തുള്ള ശുണ്ടിക്കൊപ്പ എന്ന സ്ഥലത്തെ ഒരു ഹോട്ടലില്‍ നിന്ന് കവര്‍ച്ചാ സംഘങ്ങളുടെ വ്യക്തമായ ദൃശ്യങ്ങള്‍ ലഭിക്കുകയും, ഇവിടെ വച്ച് അവര്‍ അവരുടെ ഫോണ്‍ ഓണ്‍ ചെയ്തതായി മനസിലാക്കുകയും ചെയ്തു. ഒരാഴ്ച്ചക്കാലം കേരളത്തിലേയും, കര്‍ണ്ണാകത്തിലേയും അഞ്ഞൂറിലേറെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഒടുവില്‍ ഈ സംഘത്തിന്റെ ഫോട്ടോ തമിഴ്‌നാട് പോലീസിന് അയച്ച് കൊടുക്കുകയും ഇത് കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ സുള്ളന്‍ സുരേഷും സംഘവുമാണെന്ന് സ്ഥീരീകരിക്കുകയും ചെയ്തു. വിശ്രമമില്ലാതെ ഒരാഴ്ചയിലധികമാണ് എസ്.എച്ച്.ഒയും സംഘവും ഇതിനായി പ്രയത്‌നിച്ചത്. മോഷ്ടിച്ച വാഹനത്തില്‍ പാലക്കാട് വഴിയാണ് ഇവര്‍ കേരളത്തില്‍ എത്തിയത് മോഷണം കഴിഞ്ഞ് ഇവര്‍ തിരിച്ച് പോകാന്‍ തിരഞ്ഞെടുത്തത് കാഞ്ഞങ്ങാട് മടിക്കേരി വഴിയായിരുന്നു. സുള്ളന്‍ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് മനസിലാക്കിയ അന്വേഷണ സംഘം എസ്‌ഐ സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ കൊയമ്പത്തൂരിലേക്ക് പോകുകയും ഇവരെ പിടിക്കാനായുള്ള ശ്രമം തുടരുകയും ചെയ്തു നാലഞ്ച് ദിവസത്തെ പരിശ്രമത്തിനൊടുവില്‍ കോയമ്പത്തൂര്‍ സുളുരില്‍ വച്ച് കവര്‍ച്ചാ സംഘാംഗമായ സഞ്ജീവ് കുമാറിനെ പിടികൂടുകയും ചെയ്തു. കവര്‍ച്ചാസംഘത്തിലെ ഡ്രൈവര്‍ കൂടിയായ സഞ്ജീവ് കുമാര്‍ അസാമാന്യ വേഗത്തില്‍ വാഹനമോടിക്കാന്‍ കഴിവുള്ളയാളാണ്.
അന്വേഷണ സംഘത്തെ കണ്ടതോടെ വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാഹസികമായി പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. സഞ്ജീവ് കുമാര്‍ പിടിയിലായതോടെ മറ്റ് പ്രതികള്‍ അവിടെ നിന്നും രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ ആന്ധ്രയിലെത്തിയെന്ന് മനസിലാക്കിയ അന്വേഷണ സംഘം ആന്ധ്രാ പോലീസിന് വിവരം കൈമാറുകയും. കവര്‍ച്ച സംഘത്തിലെ അംഗങ്ങളായ ജെറാള്‍ഡ്, രഘു എന്നിവരെ കഞ്ചാവ് സഹിതം ആന്ധ്ര പോലീസ് പിടികൂടി റിമാന്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഈ രണ്ട് പ്രതികളെ കോടതി മുഖാന്തരം കവര്‍ച്ച കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി. സംഘത്തിലെ മൂന്ന് പേരും പിടിയിലായിട്ടും സുള്ളന്‍ സുരേഷും, അബു എന്ന ഷെയ്ക്ക് അബ്ദുള്ളയും പലയിങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു.
സംഘത്തലവനായ സുള്ളന്‍ സുരേഷ് കൊലക്കേസ് അടക്കം എണ്‍പതോളം കേസുകളിലെ പ്രതിയാണ്, മറ്റ് പ്രതികളും നിരവധി കവര്‍ച്ച കേസുകളില്‍ പ്രതികളാണ്. മൂന്നാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള സുള്ളന്‍ സുരേഷ് 2010 ല്‍ മൊബെല്‍ ഫോണ്‍ കവര്‍ച്ചയിലുടെയാണ് മോഷണ രംഗത്ത് എത്തിയതെന്ന് പോലീസ് പറഞ്ഞു. പിന്നീട് നിരവധി കവര്‍ച്ച നടത്തി കവര്‍ച്ച സംഘത്തിന്റെ തലവനാകുകയായിരുന്നു. പ്രഫഷണല്‍ കവര്‍ച്ച സംഘമായ ഇവര്‍ ഒരു തെളിവും ബാക്കി വയ്ക്കാതെ നടത്തിയ കവര്‍ച്ചയായതിനാല്‍ പിടിക്കപ്പെടില്ല എന്ന ആത്മവിശ്വാസത്തിലായിരുന്നു എന്നാല്‍ അന്വേഷണ സംഘത്തിന്റെ രാവും പകലുമില്ലാത്ത പരിശ്രമങ്ങള്‍ ഇവരെ ഇരുമ്പഴിക്കുള്ളില്‍ എത്തിച്ചു. എസ്.എച്ച്.ഒ പി.നളിനാക്ഷന്‍, അന്വേഷണ സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ സഞ്ജയ് കുമാര്‍, എഎസ്‌ഐ സയ്യിദ്, സീനിയര്‍ സിപിഒമാരായ നൗഫല്‍ അഞ്ചില്ലത്ത്, അഷറഫ്, രജീഷ്, സഹോദരന്‍മാരായ ഷിജോ അഗസ്റ്റിന്‍, സോജി അഗസ്റ്റിന്‍, എഎസ്‌ഐ ചന്ദ്രന്‍ എന്നിവരും വനിതാ സിവില്‍ പോലീസ് ഓഫീസറായ സൗമ്യയും അന്വേഷണത്തില്‍ പ്രധാന പങ്കുവഹിച്ചു.
