പരിയാരം എം.സി പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് 6 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പരിയാരം: കാത്തരിപ്പിന് അവധിയായി, പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

എം.വിജിന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തന്നെ പണി പൂര്‍ത്തിയായെങ്കിലും മുഖ്യമന്ത്രിയുടെ അസൗതര്യം കാരണം ഉദ്ഘാടനം നീട്ടിവെക്കുകയായിരുന്നു.

രാവിലെ  11.30 ന് പോലീസ് സ്‌റ്റേഷന്‍ പരിസരത്താണ് ഉദ്ഘാടന ചടങ്ങുകള്‍ നടത്തുക.

നിരവധി പ്രത്യേകതകളുമായി പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന്‍ തുറക്കപ്പെടുന്നത്.

കേരളത്തിലെ ഏറ്റവും വലിയ പോലീസ് സ്‌റ്റേഷനായ ഇവിടെ എല്ലാവിധ ആധുനിക സജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

8500 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള പോലീസ് സ്‌റ്റേഷന്‍ ദേശീയപാതയില്‍ എടക്കാടിനും നീലേശ്വരത്തിനുമിടയിലുള്ള ഏക പോലീസ് സ്‌റ്റേഷനാണ്.

പോലീസിന്റെ പൗരാണികവും ആധുനികവുമായ ദൃശ്യങ്ങള്‍ സമന്വയിപ്പിച്ച ചുമര്‍ച്ചിത്രങ്ങളാണ് പോലീസ് സ്‌റ്റേഷനില്‍ എത്തുന്നവരെ സ്വാഗതം ചെയ്യുന്നത്.

കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങള്‍ കാര്‍ട്ടൂണ്‍ ചിത്രങ്ങളായി ചുമരുകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി രണ്ട് ലോക്കപ്പ് റൂമുകളുമുണ്ട്.

പരിസ്ഥിതി സൗഹൃദമായി മാറ്റാന്‍ സ്‌റ്റേഷന് അകത്തും പുറത്തുമായി ചെടികള്‍ വെച്ചുപിടിപ്പിക്കുന്നുണ്ട്.

ഇത് കൂടാതെ വായനയെ പ്രോത്സാഹിപ്പിക്കാനായി ലൈബ്രറി അറ്റാച്ച്ഡ് സൗകര്യം കൂടി ഏര്‍പ്പടുത്തുന്നുണ്ട്.

പോലീസ് സ്‌റ്റേഷന്‍ കൂടുതല്‍ ജനസൗഹൃദമായി മാറ്റാനാവശ്യമായ നടപടികളും സ്വീകരിക്കുന്നുണ്ട്.

ദേശീയപാതയില്‍ കൂടുതല്‍ വാഹനാപകടങ്ങള്‍ നടക്കുന്ന പോലീസ് സ്‌റ്റേഷന്‍ എന്ന നിലയില്‍ പോലീസിന്റെ ആംബുലന്‍സും ഈ സ്‌റ്റേഷനിലുണ്ട്.

2009 ലാണ് പരിയാരം മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പുതിയ പോലീസ് സ്‌റ്റേഷന്‍ ആരംഭിച്ചത്.

പരിയാരം ടി.ബി.സാനിട്ടോറിയത്തിന്റെ സൂപ്രണ്ട് ക്വാര്‍ടേഴ്‌സിലാണ് കഴിഞ്ഞ 11 വര്‍ഷമായി നിരവധി പരാധീനതകള്‍ക്കിടയില്‍ സ്‌റ്റേഷന്‍ പ്രവര്‍ത്തിച്ചു വരുന്നത്.

സര്‍ക്കാറില്‍ നിന്ന് വിട്ടുകിട്ടിയ അരയേക്കര്‍ സ്ഥലത്താണ് സ്‌റ്റേഷന്‍ സ്ഥാപിച്ചിരിക്കുന്നത്.

പോലീസ് ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മിക്കാന്‍ കൂടുതല്‍ സ്ഥലം ലഭ്യമാക്കണമെന്ന ആവശ്യം കൂടി ഉയര്‍ന്നു വരുന്നുണ്ട്.