കള്ളന്‍ നേരിട്ട് വന്ന് പിടിച്ചോ എന്നു പറഞ്ഞാല്‍ ഞങ്ങള്‍ ഒ.കെ-സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടും പോലീസ് നിഷ്‌ക്രിയം.

പിലാത്തറ: പരിയാരത്ത് കള്ളനും പോലീസും കളി തുടരുന്നു. ഇന്നലെ മോഷണം നടന്നതായി കണ്ട കൈരളി നഗറില്‍ വേറെയും വീടുകളില്‍ മോഷ്ടാവ് എത്തിയതായി കണ്ടെത്തി.

റിട്ട.ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥന്‍ എം.നരായണന്റെ വീട്ടില്‍ എത്തിയ പോലീസ്‌നായ വേറെ മൂന്ന് വീടുകളിലും മണം പിടിച്ചെത്തിയിരുന്നു.

നിരന്തരമായി മോഷണങ്ങളും മോഷണശ്രമങ്ങളും നടന്നുവരുന്ന പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പട്ടാപ്പകല്‍ കടയിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിട്ട് ആഴ്ച്ച 3 കഴിഞ്ഞിട്ടും അന്വേഷണസംഘം ഇരുട്ടില്‍ തന്നെയാണ്.

കൈരളി നഗറിലെ എം.നാരായണന്റെ വീട്ടിലെ അലമാരയില്‍ നിന്നും 30,000 കവര്‍ന്ന മോഷ്ടാവ് വീടിനകം മുഴുവന്‍ വാരിവലിച്ചിട്ട് തേര്‍വാഴ്ച്ച നടത്തിയ നിലയിലാണ്.

പരിയാരം എസ്.ഐ നിബിന്‍ ജോയിയുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പൗരന്‍മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബാധ്യതയുള്ള പോലീസിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ പ്രതിഷേധം വ്യാപകമാവുകയാണ്.

ഇരിങ്ങളിലും കുപ്പം മുക്കുന്നിലും നടന്ന മോഷണങ്ങളില്‍ പോലീസിന് മോഷ്ടാക്കളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടും അന്വേഷണം എവിടെയുമെത്തിയിട്ടില്ല.