പരിയാരം പ്രസ്‌ക്ലബ്ബ്: നവീകരിച്ച ഓഫീസ് ഉദ്ഘാടനം ജൂലായ് ആദ്യവാരം.

പരിയാരം: പരിയാരം പ്രസ്‌ക്ലബ്ബിന്റെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനവും ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനോദ്ഘാടനവും ജൂലായ് ആദ്യവാരത്തില്‍ നടത്താന്‍ പ്രസ്‌ക്ലബ്ബ് ജനറല്‍ബോഡി യോഗം തീരുമാനിച്ചു.

മന്ത്രിമാര്‍ എം.പി, എം.എല്‍എ തുടങ്ങിയ ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ടി.വി.പത്മനാഭന്‍, സെക്രട്ടെറി ജയരാജ് മാതമംഗലം, ട്രഷറര്‍ ഒ.കെ.നാരായണന്‍ നമ്പൂതിരി എന്നിവര്‍ അറിയിച്ചു.

ടി.വി.പത്മനാഭന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രക്ഷാധികാരി രാഘവന്‍ കടന്നപ്പള്ളി, ജോ.സെക്രട്ടറി ശ്രീകാന്ത് പാണപ്പുഴ, അനില്‍ പുതിയവീട്ടില്‍, പപ്പന്‍ കുഞ്ഞിമംഗലം, രാജേഷ് പഴയങ്ങാടി, നജ്മുദ്ദീന്‍ പിലാത്തറ, കെ.പി.ഷനില്‍, കുന്നില്‍ ദാമോദരന്‍, എം.വി.വേണുഗോപാലന്‍, സി.രാജീവന്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

മെഡിക്കല്‍ കോളേജിന് സമീപത്തെ ജെ.ജെ.എസ് ടവറിലാണ് ഓഫീസ് പ്രവര്‍ത്തിക്കുക. രാജ്യത്തിന്റെഏത് ഭാഗത്തുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും പരിയാത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് എത്തിയാല്‍ താമസിക്കാനുള്ള സൗകര്യവും ഇതോടൊപ്പം ഏര്‍പ്പെടുത്തുന്നുണ്ടെന്ന് പ്രസ്‌ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു.

2020 മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട പരിയാരം പ്രസ്‌ക്ലബ്ബ് കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മാതൃകയാക്കാവുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ചിട്ടുണ്ട്.