പരിയാരം പ്രസക്ലബ്ബ് തദ്ദേശീയം ഡയരക്ടറി പ്രകാശനം നാളെ മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും-
പരിയാരം: പരിയാരം പ്രസ് ക്ലബ്ബ് പ്രസിദ്ധീകരിച്ച തദ്ദേശീയം 2020-25 ഡയരക്ടറിയുടെ പ്രകാശനം നാളെ 3 മണിക്ക് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും.
കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു മാധ്യമ കൂട്ടായ്മ ഇത്തരത്തിലൊരു ഡയരക്ടറി പ്രസിദ്ധീകരിക്കുന്നത്. 2020 ഡിസംബറില്‍ നിലവില്‍വന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ വിവരങ്ങള്‍ അടങ്ങുന്നതാണ് ഈ ഡയരക്ടറി.
ജില്ലാ പഞ്ചായത്ത്, തളിപ്പറമ്പ്,പയ്യന്നൂര്‍, ആന്തൂര്‍ നഗരസഭകള്‍, പയ്യന്നൂര്‍-തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തുകള്‍, ചെറുതാഴം, പരിയാരം, കുഞ്ഞിമംഗലം, എരമം-കുറ്റൂര്‍, കടന്നപ്പള്ളി-പാണപ്പുഴ,
മാടായി, ഏഴോം പഞ്ചായത്തുകള്‍ എന്നീ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവയോടൊപ്പം ചില പൊതുവിവരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2021 ജനുവരിയിലാണ് ഇതിനുള്ള ശ്രമം തുടങ്ങിയതെങ്കിലും കോവിഡും ലോക്ഡൗണും കാരണം ഉദ്ദേശിച്ച സമയത്ത് പുറത്തിറക്കാന്‍ സാധിച്ചില്ല.
വിവരശേഖരണവും അച്ചടിയും നീണ്ടുപോയി. ഒരു മാസം മുമ്പ് ഡയരക്ടറി അച്ചടിച്ചു കിട്ടിയെങ്കിലും തദ്ദേശ സ്വയംഭരണ മന്ത്രിയെക്കൊണ്ട് തന്നെ പ്രകാശനം ചെയ്യിക്കണം എന്ന ആഗ്രഹം ഉള്ളതുകൊണ്ടാണ് ഇത് വൈകിയത്.
എന്തായാലും അതിന് സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് പ്രസ്‌ക്ലബ്ബ് ഭാരവാഹികള്‍ പറഞ്ഞു.
പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ടി.വി.പത്മനാഭന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ എം.വിജിന്‍ എം.എല്‍.എ മുഖ്യാതിഥിയായിരിക്കും.
കോവിഡ് കാലത്ത് ചെയ്ത സേവനങ്ങളെ അംഗീകരിച്ച് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും നല്‍കുന്ന പ്രസ്‌ക്ലബ്ബിന്റെ ആദരവ് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.കെ.സുദീപും
ആരോഗ്യസര്‍വകലാശാല ഗവേണിംഗ്കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ട കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജ് സൂപ്രണ്ട് ഡോ.എസ്.ഗോപകുമാറിനുള്ള പ്രസ്‌ക്ലബ്ബിനുള്ള ആദരവും മന്ത്രി സമ്മാനിക്കും.
ഡയരക്ടറി എഡിറ്റര്‍ കരിമ്പം.കെ.പി.രാജീവന്‍ റിപ്പോര്‍ട്ടവതരിപ്പിക്കും. പ്രസ്‌ക്ലബ്ബ് സെക്രട്ടറി ജയരാജ് മാതമംഗലം സ്വാഗതവും ട്രഷറര്‍ അനില്‍ പുതിയവീട്ടില്‍ നന്ദിയും പറയും.