പരിയാരം കവര്‍ച്ച: കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റില്‍, മോഷ്ടിച്ച സ്വര്‍ണവും കാറും കണ്ടെടുത്തു.

കവര്‍ച്ചാ തലവനെ അവരുടെ മടയില്‍ കയറി തേടിപ്പിടിച്ച് പരിയാരം സ്‌ക്വാഡ്.

പരിയാരം: പരിയാരം കവര്‍ച്ച ഒളിവില്‍ കഴിഞ്ഞിരുന്ന സുള്ളന്‍ സുരേഷിന് പുറമെ സഹായി അബു എന്ന ഷെയ്ക്ക്അബ്ദുള്ളയും അറസ്റ്റിലായി.

ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് ഇവരെ കണ്ടെത്തിയതും പിടകൂടിയതും.

ഇതിനായി കണ്ണൂര്‍ സൈബര്‍ സെല്‍ എസ്‌ഐ യദുകൃഷ്ണനും, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിജേഷ് കുയിലൂരും സജീവപങ്ക് വഹിച്ചു.

മോഷണ മുതലുകളില്‍ എട്ടു പവന്‍ സ്വര്‍ണ്ണവും മോഷ്ടാക്കള്‍ ഉപയോഗിച്ച വാഹനവും അന്വേഷണ സംഘം കണ്ടെടുത്തു.

ഇവരെ പിടികൂടിയത് അറിഞ്ഞ് കവര്‍ച്ചകള്‍ നടന്ന സംസ്ഥാനത്തിനകത്തു നിന്നും പുറത്ത് നിന്നുമായി നിരവധി പോലീസ് സ്റ്റേഷനുകളില്‍ നിന്നും പരിയാരം പോലീസിനെ ബദ്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഇവരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ മറ്റ് കവര്‍ച്ചകളില്‍ ഇവര്‍ക്ക് പങ്ക് ഉണ്ടോ എന്ന് അറിയാന്‍ കഴിയൂ. അതിനാല്‍ ഇവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് പരിയാരം സ്‌ക്വാഡ് തലവന്‍ എസ്.എച്ച്.ഒ പി.നളിനാക്ഷന്‍ പറഞ്ഞു.

കഴിഞ്ഞ മാസം കവര്‍ച്ച സംഘത്തിലെ അംഗങ്ങളായ ജെറാള്‍ഡ്, രഘു എന്നിവരെ ആന്ധ്ര പോലീസ് കഞ്ചാവ് കേസില്‍ പിടികൂടി കവര്‍ച്ച അന്വേഷിക്കുന്ന അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.

മറ്റൊരു പ്രതി സഞ്ജീവ് കുമാറിനെ അതിന് മുന്‍പ് തന്നെ അന്വേഷണ സ്‌ക്വാഡ് കോയമ്പത്തൂര്‍ സുളൂരിരില്‍ നിന്ന് പിടികൂടിയിരുന്നു. അറസ്റ്റിലായ പ്രതികളെ പയ്യന്നൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.