പരിയാരം-അന്വേഷണം മുന്‍ ക്രിമിനലുകളെ കേന്ദ്രീകരിച്ച്-ശരിയായ ദിശയിലെന്ന് പോലീസ്.
പരിയാരം: പരിയാരം മോഷണസംഭവത്തില്‍ നേരത്തെ ക്രിമിനല്‍കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന ചിലരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ റൂറല്‍ പോലീസ് മേധാവി അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഒരു സംഘത്തെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.
സി.സി.ടി.വി ദൃശ്യങ്ങളുടെ പരിശോധന ആരംഭിച്ചിട്ടുണ്ടെങ്കിലും മോഷ്ടാക്കളിലേക്ക് നയിക്കുന്ന വിധത്തിലുള്ള തുമ്പുകളൊന്നും ഇതേവരെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം.
മോഷ്ടാക്കള്‍ പോലീസിനേക്കാള്‍ മികച്ച രീതിയില്‍ ഓപ്പറേഷന്‍ നടത്തുന്നതാണ് അന്വേഷണത്തെ ബാധിച്ചിരിക്കുന്നത്.
വിരലടയാളം, സി.സി.ടി.വി, മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ഇവയൊക്കെയാണ് പോലീസ് മോഷ്ടാക്കളെ കണ്ടെത്താനായി ആശ്രയിക്കുന്നത്.
വിരലടയാളം പതിയാതിരിക്കാന്‍ കയ്യുറകള്‍ ധരിക്കുന്നതും സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്‌ക്ക് ഉള്‍പ്പെടെ ഇളക്കിക്കൊണ്ടുപോകുന്നതും മൊബൈല്‍ഫോണ്‍ ഉപയോഗിക്കാത്തതും മുഖംമൂടി ധരിക്കുന്നതും മോഷ്ടാക്കളിലേക്ക് എത്തിച്ചേരാനുള്ള വഴികള്‍ അടക്കുകയാണെന് ഒരു മുതിര്‍ന്ന പോലീസ് ഓഫീസര്‍ പറഞ്ഞു.
മോഷണം സംബന്ധിച്ച് ഇന്നലെ കെ.പി.സി.സി മെമ്പര്‍ വി.പി.അബ്ദുള്‍റഷീദ് ഡി.ജി.പിയെ നേരില്‍ കണ്ട് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഉത്തരമേഖലാ ഐ.ജിയോട് ഡി.ജി.പി ഫോണിലൂടെ ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അന്വേഷണം ശരിയായ ദിശയിലാണെന്നും മോഷ്ടാക്കളെ പിടിക്കുക തന്നെ ചെയ്യുമെന്നും ഡി.വൈ.എസ്.പി പ്രേമചന്ദ്രന്‍ പറഞ്ഞു. സംഭവത്തില്‍ സി.പി.എം ജില്ലാ കമ്മറ്റി ഉള്‍പ്പെടെ അന്വേഷണം ശക്തിപ്പെടുത്താനും പ്രതികളെ പിടികൂടാനും സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എയും ഇക്കാര്യത്തില്‍ ഇടപെട്ടിട്ടുണ്ട്.