വില്ലേജ് ഓഫീസ് നിര്‍മ്മിക്കാന്‍ 50 ലക്ഷം വിലമതിക്കുന്ന ഭൂമി-ദൗത്യം പൂര്‍ത്തീകരിച്ച് സി.റീജ പട്ടുവം വില്ലേജ് ഓഫീസിന്റെ പടിയിറങ്ങുന്നു

തളിപ്പറമ്പ്: പട്ടുവം വില്ലേജ് ഓഫീസര്‍ സി.റീജക്ക് സര്‍വീസ് ജീവിതത്തില്‍ ഇത് അഭിമാനനിമിഷം.

നാല് വര്‍ഷം ജോലി ചെയ്ത ശേഷം ഡെപ്യൂട്ടി തഹസില്‍ദാറായി പ്രമോഷന്‍ ലഭിച്ച് ട്രാന്‍സ്ഫറായി പോകുന്ന ഇവര്‍ സര്‍ക്കാറിന് നേടിക്കൊടുത്തത് 50 ലക്ഷം രൂപ വിലമതിക്കുന്ന ഭുമിയാണെങ്കില്‍, നാട്ടുകാര്‍ക്ക് നല്‍കുന്നത് സൗകര്യപ്രദമായ വില്ലേജ് ഓഫീസ് നിര്‍മ്മിക്കാനുള്ള 10 സെന്റ് ഭൂമി.

2021 സപ്തംബര്‍ മാസത്തിലാണ് തളിപ്പറമ്പ് സ്വദേശിനിയായ സി.റീജ പട്ടുവത്ത് വില്ലേജ് ഓഫീസറായി ചുമതലേറ്റത്.

1996 ല്‍ ആരംഭിച്ച ഓഫീസിന് സ്വന്തം കെട്ടിടമുണ്ടെങ്കിലും ജീവനക്കാര്‍ക്കും ഓഫീസിലെത്തുന്നവര്‍ക്കും നിന്നുതിരിയാന്‍ ഇടമില്ലാത്ത ഓഫീസ് വീര്‍പ്പുമുട്ടിച്ചുകൊണ്ടിരുന്നതോടെയാണ് ഓഫീസ് മാറ്റി സ്ഥാപിക്കാന്‍ ശ്രമം തുടങ്ങിയത്.

നിരന്തരം ആവശ്യമുന്നയിച്ചതോടെ 10 സെന്റ് ഭൂമി വില്ലേജ് ഓഫീസ് നിര്‍മ്മിക്കാന്‍ സൗജന്യമായി ലഭിക്കുമോ എന്ന് അന്വേഷിക്കാന്‍ ഉത്തരവ് ലഭിച്ചു.

ഇതിനായി അന്വേഷണം നടത്തിയെങ്കിലും കരഭൂമി കുറവായ പട്ടുവം പ്രദേശത്ത് വയല്‍ പ്രദേശം തരാമെന്ന വാഗ്ദാനം മാത്രമാണ് ലഭിച്ചത്.

വയല്‍ നികത്തി ഓഫീസ് നിര്‍മ്മിക്കുന്നതിന് മുകളില്‍ നിന്ന് പച്ചക്കൊടി ലഭിക്കാതെ വന്നതോടെ മറ്റെവിടെയെങ്കിലും സ്ഥലം ലഭിക്കുമോ എന്ന അന്വേഷണം ചെന്നെത്തിയത് കണ്ണൂര്‍ രൂപതയുടെ മുന്നിലാണ്.

ബിഷപ്പ് ഡോ, അലക്സ് വടക്കുംതല വില്ലേജ് അധികൃതരുടെ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചതോടെ നടപടി വേഗത്തിലായി.

പട്ടുവം റോഡില്‍ വെള്ളിക്കീല്‍ ജംഗ്ഷന് സമീപം ലൂര്‍ദ്ദ് എജ്യുക്കേഷന്‍ അക്കാദമിക്ക് സമീപം 10 സെന്റ് സ്ഥലം നല്‍കാന്‍ രൂപത തീരുമാനമെടുത്തു.

ഈ സന്ദര്‍ഭത്തിലാണ് മട്ടന്നൂരിലേക്ക് ഡെപ്യൂട്ടി തഹസില്‍ദാറായി സി.റീജക്ക് പ്രമോഷന്‍ ലഭിച്ചത്.

ഭൂമി കൈമാറ്റ ദൗത്യം പൂര്‍ത്തീകരിക്കാനായി റവന്യുവകുപ്പ് കുറച്ചുദിവസം കൂടി പട്ടുവത്ത് തന്നെ തുടരാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

സെന്റിന് 5 ലക്ഷം രൂപ വിലയുള്ള ഭൂമിയാണ് കണ്ണൂര്‍ രൂപത വില്ലേജ് ഓഫീസ് നിര്‍മ്മിക്കാന്‍ സൗജന്യമായി നല്‍കിയത്.

ഇതിന്റെ ആധാരം കൈമാറ്റം ഇന്നലെ കണ്ണൂര്‍ രൂപത ആസ്ഥാനത്ത് നടന്നു. കണ്ണൂര്‍ രൂപത സഹായമെത്രാന്‍ റവ.ഡോ.ഡെന്നീസ് കുറുപ്പശ്ശേരിയില്‍ നിന്ന് എ.ഡി.എം കല ഭാസ്‌ക്കര്‍ ആധാരം റവന്യുവകുപ്പിന് വേണ്ടി ഏറ്റുവാങ്ങി.

റവ.ഡോ.ക്ലാരന്‍സ് പാലിയത്ത്, ഫാ.ജോര്‍ജ് പൈനാടത്ത്, ഫാ.വിപിന്‍ വില്യം, ഫാ.സുദീപ് മുണ്ടയ്ക്കല്‍, മുന്‍ തളിപ്പറമ്പ് ആര്‍.ഡി.ഒ ഇ.പി.മേഴ്സി, തഹസില്‍ദാര്‍ പി.സജീവന്‍, പട്ടുവം വില്ലേജ് ഓഫീസര്‍ സി.റീജ, വില്ലേജ് അസിസ്റ്റന്റ് പി.വി.വിനോദ്കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.