പഴശ്ശി പദ്ധതിക്ക് വീണ്ടും ജീവന്‍-പ്രധാന കനാലിലൂടെ വീണ്ടും വെള്ളമൊഴുകും; ട്രയല്‍റണ്‍ 20ന്
കണ്ണൂര്‍: നീണ്ട കാത്തിരിപ്പിനൊടുവില്‍ പഴശ്ശി പദ്ധതിയുടെ പ്രധാന കനാലിലൂടെ വീണ്ടും വെള്ളമൊഴുകും.
പഴശ്ശി ഡാം മുതല്‍ കീച്ചേരി വരെയുള്ള പ്രധാന കനാലിലെ ആദ്യ അഞ്ചര കിലോമീറ്ററിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.
ജലവിതരണം പുനസ്ഥാപിക്കുന്നതിന് മുന്നോടിയായി കനാലിലൂടെ വെള്ളം ഒഴുക്കി വിടുന്നതിനുള്ള ട്രയല്‍റണ്‍ ഉദ്ഘാടനം ഏപ്രില്‍ 20ന് ഉച്ച രണ്ടിന് വെളിയമ്പ്ര പഴശ്ശി ഗാര്‍ഡനില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും.
പഴശ്ശി ജലസേചന പദ്ധതിയുടെ സബ്ഡിവിഷന്‍ ഓഫിസിന്റെ ഉദ്ഘാടനവും ഹെഡ്ക്വാര്‍ട്ടേഴ്‌സ് സെക്ഷന്‍ പുതിയ ഓഫിസ് ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.
ഈ ദിവസം കനാലിലൂടെ വെള്ളമൊഴുക്കി വിടുന്നതിനാല്‍ പഴശ്ശി ഡാം മുതല്‍ കീച്ചേരി വരെ മെയിന്‍ കനാലിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണം.
കണ്ണൂര്‍ ജില്ലയിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയും 12 ശുദ്ധജല വിതരണ പദ്ധതികളുടെ ജലസ്രോതസ്സുമാണ് പഴശ്ശി പദ്ധതി. 46 കിലോ മീറ്റര്‍ നീളമുള്ള മെയിന്‍ കനാലും ആറ് ബ്രാഞ്ച് കനാലും
ഉള്‍പ്പെടെ ആകെ 440 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള കനാല്‍ ശൃംഖലയും ഡാമും ഉള്‍പ്പെട്ട പദ്ധതി 1998ലാണ് പൂര്‍ണമായി കമ്മീഷന്‍ ചെയ്യപ്പെട്ടത്.
ഡാം ഷട്ടറുകളുടെയും കനാലുകളുടെയും ചോര്‍ച്ച മൂലം റിസര്‍വോയറിന് പൂര്‍ണ സംഭരണ ശേഷി ആര്‍ജിക്കാന്‍ സാധിച്ചില്ല. ഇതുമൂലം കാര്യക്ഷമമായ ജലവിതരണം നിര്‍വഹിക്കാന്‍ കഴിഞ്ഞിരുന്നില്ല.
2008ലാണ് അവസാനമായി ജലവിതരണം നടന്നത്. 2012 ലെ മിന്നല്‍ പ്രളയത്തില്‍ ഡാം കര കവിഞ്ഞ് അധികജലം മെയിന്‍ കനാലിലൂടെ ഒഴുകിയതു മൂലം ഡാമിന്റെ ഘടനയ്ക്ക് സാരമായ കേടുപാടുണ്ടായി. മെയിന്‍ കനാലില്‍ രണ്ടിടത്ത് ഭീമമായ വിള്ളലുകള്‍ രൂപപ്പെടുകയും ചെയ്തു.
2018ലെ വെള്ളപ്പൊക്കത്തില്‍ കനാലുകളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ചോര്‍ച്ച രൂപപ്പെട്ടു. 2019ലെ വെള്ളപ്പൊക്കത്തില്‍ രണ്ടിടത്ത് വീണ്ടും വിള്ളലുണ്ടായി. ടണല്‍ ചെളി മൂടി അടയപ്പെടുകയും ചെയ്തു.
ലോക ബാങ്ക് സഹായത്തോടെ നടപ്പിലാക്കിയ ഡ്രിപ് പദ്ധതിയിലൂടെ ഡാമിലെ കേടുപാടുകള്‍ പൂര്‍ണമായി പരിഹരിച്ച് പൂര്‍ണ സംഭരണ ശേഷിയില്‍ വെള്ളം സംഭരിക്കാനുള്ള ശേഷി ആര്‍ജിച്ചിട്ടുണ്ട്.
ഈ പ്രവൃത്തി 6.76 കോടി രൂപ ചെലവില്‍ 2018ല്‍ പൂര്‍ത്തീകരിച്ചു. 2018ലെ വെള്ളപ്പൊക്കത്തിലുണ്ടായ കെടുതികള്‍ 17.1599 കോടി രൂപ ചെലവില്‍ എസ്ഡിആര്‍എഫ് സ്‌കീം മുഖേന പൂര്‍ത്തീകരിച്ചുവരുന്നു.
93 പ്രവൃത്തികള്‍ക്ക് അംഗീകാരം ലഭിച്ചതില്‍ 81 പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. 12.44 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.
2019ലെ വെള്ളപ്പൊക്കത്തില്‍ മെയിന്‍ കനാലിലെ അണ്ടര്‍ ടണല്‍, 110 കിലോ മീറ്ററോളം നീളത്തില്‍ കനാല്‍ ഭിത്തി എന്നിവ തകര്‍ന്നത് റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി അഞ്ച് കോടി രൂപ ചെലവില്‍ പുനരുദ്ധരിച്ചുവരികയാണ്.
ഈ പ്രവൃത്തി 82 ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. പൂര്‍ത്തീകരണ കാലാവധി 2022 മെയ് 31 വരെയാണ്.
നിലവില്‍ ലഭ്യമായ ഫണ്ടുപയോഗിച്ച് 46 കിലോമീറ്റര്‍ വരുന്ന പ്രധാന കനാലും 23 കി.മീ വരുന്ന മാഹി ഉപകനാലും ഉപയോഗ യോഗ്യമാക്കാനുള്ള തീവ്ര ശ്രമത്തിലാണെന്ന് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ അറിയിച്ചു.
ഡാമില്‍ നിന്നു 300 മീറ്റര്‍ അകലെയും 1.3 കിലോമീറ്ററിലുമുണ്ടായ തകര്‍ച്ച പരിഹരിച്ചു. അരികു കെട്ടി ബലപ്പെടുത്തിയും കോണ്‍ക്രീറ്റ് ചെയ്തുമാണ് കനാല്‍ നവീകരിച്ചത്.
മെയിന്‍ കനാലിന്റെ രണ്ടു കിലോമീറ്റര്‍ മുതല്‍ 3.4 കിലോമീറ്റര്‍ വരെയുള്ള 1.4 കിലോമീറ്റര്‍ നീളമുള്ള തുരങ്കവും മണ്ണ് നീക്കി വെള്ളമൊഴുകാന്‍ സജ്ജമാക്കി.
മാഹി ബ്രാഞ്ച് കനാലില്‍ നിന്നും കീഴല്ലൂര്‍, വേങ്ങാട്, മാങ്ങാട്ടിടം, കോട്ടയം, പിണറായി, മൊകേരി, കതിരൂര്‍, എരഞ്ഞോളി, തൃപ്പങ്ങോട്ടൂര്‍, ചൊക്ലി, കുന്നോത്തുപറമ്പ്, ന്യൂമാഹി പഞ്ചായത്തുകളിലും കൂത്തുപറമ്പ്, പാനൂര്‍,
തലശ്ശേരി നഗരസഭകളിലുമായി 2476 ഹെക്ടര്‍ നിലവും മെയിന്‍ കനാലില്‍ നിന്നും ഇരിട്ടി, മട്ടന്നൂര്‍, ആന്തൂര്‍, നഗരസഭകളിലും കീഴല്ലൂര്‍, വേങ്ങാട്, അഞ്ചരക്കണ്ടി, മുണ്ടേരി, കൂടാളി, കുറ്റിയാട്ടൂര്‍, മയ്യില്‍, കൊളച്ചേരി എന്നീ പഞ്ചായത്തുകളിലുമായി 569 ഹെക്ടര്‍ നിലവും ജലസേചന യോഗ്യമാക്കും.
വളപട്ടണം പുഴക്ക് കുറുകെ കുയിലൂരില്‍ അണകെട്ടി (ബാരേജ്) ജലനിരപ്പ് ഉയര്‍ത്തി പുഴവെള്ളം കനാലുകള്‍ വഴി വയലുകളില്‍ എത്തിക്കുകയാണ് പഴശ്ശി ജലസേചന പദ്ധതി.
കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി, തളിപ്പറമ്പ്, കണ്ണൂര്‍, തലശ്ശേരി എന്നീ താലൂക്കുകളിലായി 46.26 കിലോമീറ്റര്‍ പ്രധാന കനാലും, 78.824 കിലോമീറ്റര്‍ ശാഖകനാലും, 142.039 കിലോമീറ്റര്‍ വിതരണകനാലും, 150 കിലോമീറ്റര്‍ നീര്‍ചാലുകളുമായി ആകെ 413.123 കിലോമീറ്റര്‍ നീളത്തില്‍ പഴശ്ശി പദ്ധതി വ്യാപിച്ചുകിടക്കുകയാണ്.
ജില്ലയിലെ 11525 ഹെക്ടര്‍ സ്ഥലത്തു രണ്ടും മൂന്നും വിളകള്‍ക്ക് ജലസേചനം നല്‍കുന്നതിനാണ് പദ്ധതി കൊണ്ട് ലക്ഷ്യമിട്ടിട്ടുള്ളത്. കേരള വാട്ടര്‍ അതോറിറ്റി കണ്ണൂര്‍ ജില്ലയുടെ കുടിവെള്ള സ്രോതസ്സിനായി ആശ്രയിക്കുന്നത് പഴശ്ശി പദ്ധതിയെയാണ്.
കൂടാതെ ജപ്പാന്‍ കുടിവെള്ള പദ്ധതിയും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവും പഴശ്ശി ജലമാണ് വിനിയോഗിക്കുന്നത്. ഇതിനു പുറമെ കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ഈ പദ്ധതിയിലെ വെള്ളത്തെ വിനിയോഗിച്ച് ചെറുകിട ജലവൈദ്യുത പദ്ധതിയും വിഭാവനം ചെയ്തിരിക്കുന്നു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.