പി.ചന്ദ്രകുമാര്‍ വീണ്ടും വരുന്നു-30 വര്‍ഷങ്ങള്‍ക്ക് ശേഷം- ചെമ്മരത്തി പൂക്കും കാലം.
ഒരു കാലഘട്ടത്തില്‍ മലയാള സിനിമയില്‍ കത്തിജ്വലിച്ചു നിന്ന ചലച്ചിത്ര സംവിധായകന്‍ പി.ചന്ദ്രകുമാര്‍ വീണ്ടും വരുന്നു,
30 വര്‍ഷത്തെ ഇടവെളക്ക് ശേഷമാണ് ചന്ദ്രകുമാര്‍ ഒരു മലയാള സിനിമ സംവിധാനം ചെയ്യുന്നത്.
-ചെമ്മരത്തി പൂക്കും കാലം എന്നു പേരിട്ട ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.
1977 ല്‍ 19-ാം വയസില്‍ മനസ്സൊരു മയില്‍ എന്ന ചിത്രം സംവിധാനം ചെയ്ത് സിനിമാ രംഗത്തുവന്ന ഇദ്ദേഹം 51 മലയാള സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
1993 ല്‍ അഗ്നിശലഭങ്ങള്‍ എന്ന സിനിമയാണ് അവസാനമായി സംവിധാനം ചെയ്തത്.
എല്ലാ തരം സിനിമകളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച അപൂര്‍വ്വം സംവിധായകരിലൊരാളാണിദ്ദേഹം.
മനസൊരുമയില്‍ ഒരു തമാശ സിനിമയായിരുന്നെങ്കില്‍ 1978 ലെ രണ്ടാമത്തെ സിനിമ ജലതരംഗം ഒരു കുടുംബസിനിമയായിരുന്നു.
സാറാതോമസിന്റെ പ്രസിദ്ധ നോവല്‍ അസ്തമയം നടന്‍ മധുവിന്റെ ഉമാ സ്റ്റുഡിയോയുടെ ബാനറില്‍ മൂന്നാമതായി സംവിധാനം ചെയ്തതോടെ ചന്ദ്രകുമാര്‍ പ്രശസ്തിയിലേക്കുയര്‍ന്നു.
1985 ല്‍ റിലാസായ മോഹന്‍ലാല്‍ നായകനായ ഉയരും ഞാന്‍ നാടാകെയാണ് ചന്ദ്രകുമാറിലെ സംവിധായക പ്രതിഭയുടെ കരുത്ത് തെളിയിച്ച സിനിമ,
പ്രത്യേകിച്ച് അതിന്റെ അവസാന രംഗങ്ങളുടെ ചിത്രീകരണം ഇന്നും കാഴ്ച്ചക്കാരെ കയ്യിലെടുക്കും.
തടവറ, ദീപം എന്നീ ജയന്‍ നായകനായ ആക്ഷന്‍ സിനിമകളെടുത്ത ചന്ദ്രകുമാര്‍ തന്നെയാണ് ഞാന്‍ ഏകനാണ്, പ്രഭാതസന്ധ്യ, ദേശീയ അവാര്‍ഡ് നേടിയ മിനി എന്നീ സിനിമകളും ചെയ്തത്.
താരാധിപത്യം മലയാള സനിമയെ ഭരിക്കാന്‍ തുടങ്ങിയതോടെയാണ് ചന്ദ്രകുമാര്‍ അതിന് നിന്നുകൊടുക്കാന്‍ തയ്യാറാവാതെ സെക്‌സ് സിനിമകളിലേക്ക് തിരിയുകയായിരുന്നു.
രതിലയം, ആദിപാപം, രതിഭാവം, കാനനസുന്ദരി, ജംഗിള്‍ബോയ്, ഉര്‍വ്വശി, റോസ ഐ ലവ് യു, ആലസ്യം, തിരശീലക്ക് പിന്നില്‍, അഗ്നിശലഭങ്ങള്‍ എന്നീ പക്കാ സെക്‌സ് സിനിമകളും ഇക്കാലത്ത് അദ്ദേഹം സംവിധാനം ചെയ്തു.
അഗ്നിവ്യൂഹം, ആരതി, കല്‍പ്പനാ ഹൗസ്, തടവറയിലെ രാജാക്കന്‍മാര്‍ എന്നീ ഹൊറര്‍ സിനിമകളും ചന്ദ്രകുമാറിന്റേതാണ്.
കുറുക്കന്‍ രാജാവായി, പി.സി.369, അരങ്ങും അണിയറയും, അഗ്നിപര്‍വ്വതം, പ്രളയം, എയര്‍ഹോസ്റ്റസ്, ഇതിലേ വന്നവര്‍, ഏദര്‍തോട്ടം, എന്നെ ഞാന്‍ തേടുന്നു, തീരം തേടുന്നവര്‍, തീരെ പ്രതീക്ഷിക്കാതെ, ഞാന്‍ പിറന്ന നാട്ടില്‍, യാഗാഗ്നി, ഇത്രമാത്രം, ആന, ദന്തഗോപുരം എന്നീ ചിത്രങ്ങളും ചന്ദ്രകുമാറിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്.
പുതുമുഖങ്ങളും സീരിയല്‍ താരങ്ങളും പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചെമ്മരത്തി പൂക്കും നേരം തെയ്യത്തിന്റെ പശ്ചാത്തലത്തിലുള്ള സിനിമയാണെന്നാണ് സൂചനകള്‍.