അണികളെ ആക്രമത്തിലേക്ക് നയിക്കുന്നത് നേതാക്കളുടെ വാക്കുകള്‍-

(കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് പ്രതിദിന രാഷ്ട്രീയ വിശകലനങ്ങള്‍ ആരംഭിക്കുകയാണ്. മുഖംനോക്കാതെയുള്ള തുറന്നുപറച്ചിലാണ് പ്രതിദിനം എന്ന പംക്തിയിലൂടെ നടത്തുന്നത്. തയ്യാറാക്കുന്നത് സുരേന്ദ്രദാസ് മുഴപ്പിലങ്ങാട്)

അണികളെ ആക്രമത്തിലേക്ക് നയിക്കുന്നത് നേതാക്കളുടെ വാക്കുകള്‍-

         അണികളെ അക്രമത്തിലേക്ക് നയിക്കുന്നത് നേതാക്കളുടെ വാക്കുകളാണ്.

അവര്‍ സ്വയം വിചാരിച്ചാല്‍ ഒരു പരിധി വരെ അക്രമം ഒഴിവാക്കാനാകും.

ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂറിന്റെ ദാരുണ കൊലപാതകവും, ഇപ്പോള്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഉണ്ടായ അനിഷ്ട സംഭവങ്ങളും പരിശോധിക്കുമ്പോള്‍ നേതൃത്വം തന്നെയാണ് പ്രതിക്കൂട്ടില്‍.

മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടിക്ക് കണ്ണൂരില്‍ കല്ലേറില്‍ പരിക്കേറ്റപ്പോള്‍ ഒരു അനിഷ്ട സംഭവവും ഉണ്ടായില്ലെന്നത് നേതാക്കള്‍ സ്വീകരിച്ച സംയമന നിലപാട് തന്നെയാണ്.

വിമാനത്തിനുള്ളില്‍ ഉണ്ടായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ഊതി വീര്‍പ്പിച്ച് അണികളെ ഇളക്കി വിട്ട നേതാക്കള്‍ തന്നെയാണ് യഥാര്‍ത്ഥ പ്രതികള്‍.

സമരങ്ങള്‍ ശ്രദ്ധിക്കപ്പെടാന്‍ സ്വീകരിച്ച തന്ത്രത്തെ അപ്രകാരം തള്ളിപ്പറയുന്നതിന് പകരം മുഖ്യമന്ത്രിയെ അപായപ്പെടുത്താനുള്ള നീക്കമായി പ്രവചനം നടത്തിയവര്‍ തന്നെയാണ് അണികളെ തെരുവിലിറക്കിയത്.

ഉമ്മന്‍ ചാണ്ടി സംഭവവുമായി ഇതിനെ താരതമ്യം ചെയ്യുമ്പോഴാണ് നേതാക്കളുടെ ബുദ്ധിശൂന്യത വെളിവാകുക.

വിമാനത്തില്‍ പ്രതിഷേധിച്ചവര്‍ മദ്യപിച്ചിരുന്നുവെന്ന ഇ.പി.ജയരാജന്റെ വാദം തെളിവുസഹിതം പൊളിഞ്ഞപ്പോള്‍ അത് മുഖ്യമന്ത്രിയെ അക്രമിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവും സംശയനിഴലിലാക്കുന്നു.

പ്രതിപക്ഷ കക്ഷികളുടെ ഓഫീസ് ആക്രമിക്കുക, പ്രതിപക്ഷ നേതാവിന്റെ വീട്ടിലേക്ക് തള്ളിക്കയറുക തുടങ്ങിയ പ്രതിഷേധങ്ങള്‍ ഭരണകക്ഷിയുടെ വീഴ്ച്ചയായി മാത്രമേ കാണാനാവൂ, കേരളം അരാജകത്വത്തിന്റെ പിടിയിലേക്കമരുന്നതിന്റെ ലക്ഷണങ്ങളാണ് തെളിഞ്ഞുവരുന്നത്.

സില്‍വര്‍ലൈന്‍ പ്രതിഷേധം, തൃക്കാക്കരയിലെ വന്‍ തോല്‍വി, അതിനുപിന്നാലെ സ്വപ്‌നയുടെ വിവാദ വെളിപ്പെടുത്തല്‍ ഇവയെല്ലാം തന്നെ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്നതിന്റെ തെളിവാണ് കേന്ദ്രത്തിന്റെ പിടലിക്ക് വെച്ച് സില്‍വര്‍ലൈനില്‍ പിന്നോട്ടുപോകുന്ന മുഖ്യമന്ത്രിയുടെ സമീപനം.

എന്തൊക്കെ തരത്തില്‍ പ്രതിരോധിച്ചാലും എന്തോ സംഭവിച്ചിട്ടുണ്ട് എന്ന തോന്നല്‍ തന്നെയാണ് കേരളത്തിന്റെ മനസില്‍ മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. വിശദീകരണ യോഗങ്ങള്‍ കൊണ്ട് അത് ഇല്ലാതാക്കാനാവുമോ–