ടൂറിസ്റ്റ് ഭൂപടത്തില്‍ ഇനി പെരളശേരിയും–പുഴയോരഴകുമായി പെരളശ്ശേരി
കണ്ണൂര്‍: പുഴയോര കാഴ്ചകളൊരുക്കി സഞ്ചാരികളെ മാടി വിളിക്കുകയാണ് പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ ചെറുമാവിലായി മുതല്‍ പള്ളിയത്ത് വരെയുള്ള ഭൂപ്രദേശം.
കണ്ണൂര്‍കൂത്തുപറമ്പ് റൂട്ടിലുള്ള മൂന്നുപെരിയയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് ചെറുമാവിലായി.
ഇവിടെ നിന്നും പള്ളിയത്ത് വരെയുള്ള ഏഴ് കിലോമീറ്റര്‍ അഞ്ചരക്കണ്ടി പുഴയിലൂടെയുള്ള യാത്ര നവോന്‍മേഷം പകരുന്ന അനുഭവം തന്നെ.
ഒരു ഭാഗം കനാലിനാലും മറുഭാഗം കണ്ടല്‍ കാടുകളാലും ചുറ്റപ്പെട്ട് നില്‍ക്കുന്ന പ്രദേശമാണിത്.
ചെറുമാവിലായി മുതല്‍ പള്ളിയത്ത് ഒരുങ്ങുന്ന എ കെ ജി ചരിത്ര സ്മാരക മ്യൂസിയം വരെയുള്ള പ്രദേശത്തെ ബന്ധിപ്പിച്ചു കൊണ്ടുള്ള പുഴയോര ടൂറിസം സര്‍ക്യൂട്ടിനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
ചെറുമാവിലായി, എടക്കടവ്, കോട്ടം, പള്ളിയത്ത് തുടങ്ങിയ പ്രദേശങ്ങള്‍ പദ്ധതിയുടെ ഭാഗമാണ്. പള്ളിയത്ത് പുഴയിലെ തൂക്കുപാലം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്.
പുഴയെ തൊട്ടുരുമ്മി നില്‍ക്കുന്ന അഞ്ച് ഏക്കര്‍ സ്ഥലം പ്രയോജനപ്പെടുത്തി ബോട്ട് സര്‍വീസ്, കയാക്കിങ്, നീന്തല്‍ പരിശീലനം, റിസോര്‍ട്ട് എന്നിവ ലക്ഷ്യമിടുന്നു.
സര്‍ക്കാരിന്റെയും സ്വകാര്യ വ്യക്തിയുടേതും ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം.
ബോട്ട് ജെട്ടി ഒരുക്കുന്നതിനൊപ്പം പുഴയോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രദേശം കോണ്‍ക്രീറ്റ് ഭിത്തി കെട്ടി സംരക്ഷിച്ച് പ്രഭാത സായാഹ്ന സവാരികള്‍ക്കായി പ്രയോജനപ്പെടുത്തും.
പള്ളിയത്ത് നാടന്‍ ഭക്ഷണ കേന്ദ്രം, മത്സ്യ സംഭരണ കേന്ദ്രം, തത്സമയ മത്സ്യബന്ധനം, പൂന്തോട്ടം, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം തുടങ്ങിയ നൂതന ആശയങ്ങള്‍ നടപ്പിലാക്കാനും ആലോചനയുണ്ട്.
ദേശാടന പക്ഷികളുടെ ഇഷ്ട ഇടമായതിനാല്‍ പുഴക്ക് മധ്യത്തിലെ പൂഴിമണല്‍ പരപ്പില്‍ പക്ഷിത്തൂണുകള്‍ സ്ഥാപിച്ചാല്‍ കൂടുതല്‍ ആകര്‍ഷണീയമാകും. ഉത്തരമലബാറിലെ പ്രസിദ്ധമായ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നതും ഇവിടെയാണ്.
എടക്കടവിലെ കണ്ടല്‍ പാര്‍ക്ക് കൂടി യാഥാര്‍ഥ്യമായാല്‍ പ്രദേശം സഞ്ചാരികളാല്‍ നിറയും. കമ്മ്യൂണിസ്റ്റ് നേതാവ് എകെജിയുടെ ജന്മസ്ഥലമെന്ന ചരിത്രപ്രാധാന്യവും പെരളശ്ശേരിക്കുണ്ട്.