പെരുഞ്ചെല്ലൂരിലെ സംഗീത ആസ്വാദകരെ ആനന്ദ നിര്‍വൃതിയിലാറാടിച്ച് പ്രിന്‍സ് രാമവര്‍മയുടെ കച്ചേരി
തളിപ്പറമ്പ്:പെരുഞ്ചെല്ലൂര്‍ സംഗീത സഭയുടെ അറുപത്തി ഒന്നാം കച്ചേരി പ്രിന്‍സ് രാമവര്‍മ്മയുടെ കണ്ഠത്തില് നിന്നു അനര്‍ഗളം പ്രവഹിച്ച സംഗീതത്താല്‍ മറക്കാനാവാത്തതായി.
കഴിഞ്ഞ ഏഴു വര്‍ഷങ്ങളിലായി ഭാരതമെങ്ങുമുള്ള പ്രശസ്ത സംഗീത സാമ്രാട്ടുകളുടെ വിസ്മയകരമായ 61 സംഗീതസദസ്സുകള്‍ക്ക് ‘പെരിഞ്ചല്ലൂര്‍ സംഗീതസഭ” ഇതിനകം രംഗവേദിയായി മാറി.
ചരിത്രനഗരമായ തളിപ്പറമ്പില്‍ 2016 ല്‍ പ്രവര്‍ത്തനമാരംഭിച്ചതാണ് പെരുഞ്ചെല്ലൂര്‍ സംഗീത സഭ. വ്യാവസായിക തലങ്ങളിലും സാമൂഹ്യ സാംസ്കാരിക മേഖലകളിലും ആദ്ധ്യാത്മിക രംഗത്തും വരെ
ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിച്ച ആധുനിക തളിപ്പറമ്പിന്റെ ശില്‍പ്പി” എന്ന പേരിലറിയപ്പെടുന്ന കമ്പനിസ്വാമി എന്ന പി .നീലകണ്ഠ അയ്യരുടെ പാവനസ്മരണക്കായാണ് തളിപ്പറമ്പില്‍ പെരുഞ്ചെല്ലൂര്‍ സംഗീതസഭ സ്ഥാപിതമായത്.
ഭാവ വൈവിധ്യം തുളുമ്പുന്ന ആലാപന മികവുമായി പ്രിന്‍സ് രാമ വര്‍മ തമ്പുരാന് സംഗീതാസ്വാദകര്‍ക്ക് ശുദ്ധ സംഗീതത്തിന്റെ കരുത്തറിയിച്ചു കൊണ്ട് അവിസ്മരണീയമായ സംഗീത വിരുന്നൊരുക്കിയത് കേള്‍ക്കാന്‍ നിരവധി പേര് സാക്ഷികളായി.
ഡോ.എം.ബാലമുരളീകൃഷ്ണ രചിച്ച, ‘അമ്മ ആനന്ദ ദായിനി എന്ന ഗംഭീരനാട്ട രാഗത്തിലെ പദവര്ണത്തോടെ കച്ചേരി ആരംഭിച്ചു.
കാമവര്‍ദ്ധിനി രാഗത്തിലെ അപൂര്‍വ കീര്‍ത്തനമായ നീലകണ്ഠ ശിവന്റെ ഗജാനന ഗണേശ്വരനെ ഏറെ മനോരഞ്ജകമായി. നാതവരാംഗിണി രാഗത്തിലെ കൃപാല വാല കലാധര (ത്യാഗരാജ സ്വാമി), സരസീരുഹ നാഭ (ദേശാക്ഷി രാഗം / മഹാരാജ സ്വാതി തിരുനാള്‍).
ഹരിയും ഹരനും (എം. ഡി. രാമനാഥന്/അട്ടാനാ രാഗം), ഇന്ദരിക്കി അഭയമ്പു (അന്നമാചാര്യര്‍ ഹരികാംഭോജി രാഗം), ഗന്ധമു പുയ്യരുഗ (ത്യാഗരാജ സ്വാമി പുന്നഗവരാളി രാഗം), തുളസിദാസ് ഭജന്‍ ശ്രീ രാമചന്ദ്ര കൃപാലു, വര ലീല ഗാന ലോല (ത്യാഗരാജ സ്വാമി കൃഷ്ണ ഭജന്‍),
ഗരുഡ ഗമന രാര (ഭദ്രാചല രാമദാസാ സൂര്യകാന്തി രാഗം) എന്നീ കീര്‍ത്തനങ്ങള്‍ ആലപിച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മായം കലരാത്ത ആലാപനത്തിനു പിന്നിലെ രഹസ്യങ്ങള്‍ ആസ്വാദകര്‍ക്ക് ഭക്തി ഭാവത്തോടെ സമ്പൂര്‍ണ്ണ ആനന്ദം ചൊരിഞ്ഞു.
ഡോ. ടി. വി. ഗോപാലകൃഷ്ണന് ചിട്ടപ്പെടുത്തിയ തില്ലാനയും, ഭദ്രാചാല രാമദാസരുടെ രാമചന്ദ്രായ എന്ന മംഗളം പാടി മൂന്ന് മണിക്കൂര്‍ നീണ്ട സംഗീത പെരുമഴക്ക് തിരശ്ശീല വീണു.
കേരള സംഗീത നാടക അക്കാദമി അംഗമായി നിയോഗിക്കപ്പെട്ട സിനിമാ നാടക പ്രതിഭ സന്തോഷ് കീഴാറ്റൂരിനെ മൈസൂര്‍ രാജ കുടുംബത്തിലെ ശിരോവസ്ത്ര ചിഹ്നമായ മൈസൂര്‍ പെട്ടാ ടര്ബന് ധരിപ്പിച്ചാദരിച്ചു. പെരുഞ്ചെല്ലൂര്‍ സംഗീത സഭയുടെ സ്ഥാപകന്‍ വിജയ് നീലകണ്ഠന് കലാകാരന്മാരെ പരിചയപ്പെടുത്തി സംസാരിച്ചു.