ശിലയലിയുന്ന ആലാപനമധുരവുമായി പാലക്കാട് ഡോ.ആര്‍.രാമപ്രസാദ് പെരുഞ്ചെല്ലൂരില്‍-
തളിപ്പറമ്പ്: പെരുഞ്ചെല്ലൂര്‍ സംഗീത സഭയുടെ അമ്പത്തിഎട്ടാമത്തെ കച്ചേരി പങ്കെടുത്ത ഏവര്‍ക്കും മറക്കാനാവാത്ത അനുഭവമായി മാറി.
വിഖ്യാത മൃദംഗ വിദ്വ്വാന്‍ യശ:ശരീരനായ പാലക്കാട് മണി അയ്യരുടെ പൗത്രനും യുവ സംഗീതജ്ഞരില്‍ പ്രമുഖനുമായ പാലക്കാട് ഡോ. ആര്‍. രാമപ്രസാദ് സംഗീത സഭയില്‍ രാഗവിരുന്നൊരുക്കി.
സാവേരി രാഗ വര്‍ണ്ണത്തില്‍ തുടങ്ങിയ കച്ചേരി ശ്രീരഞ്ജിനി രാഗത്തിലെ ത്യാഗരാജ കൃതിയായ ബ്രോചേവാരെവരെയിലൂടെ ലതാംഗി രാഗാലാപനവും കടന്ന് സാധുജവിനുതം എന്ന മുത്തുസ്വാമി ദീക്ഷിതര്‍ കൃതിയിലെത്തിയപ്പോള്‍ ആസ്വാദകര്‍ കച്ചേരിയിലേക്ക് ആഴ്ന്നിറങ്ങി കഴിഞ്ഞിരുന്നു.
തുടര്‍ന്ന് സ്വാതി തിരുന്നാള്‍ കൃതിയായ ബോഗീന്ദ്രശായിനം (കുന്തുളവരാളി രാഗം), പാപനാശം ശിവം കൃതികളായ മാ രമണന്‍ (ഹിന്ദോളം), കാ വാ വാ കന്താവാവ (വരാളി) എന്നിവയുടെ ഹൃദ്യവും ആസ്വാദ്യവുമായ ആലാപനത്തിന് ശേഷം വളരെ വിശദമായി കാംബോജി രാഗം ആലപിച്ച പ്രശസ്തമായ ത്യാഗരാജ കൃതിയായ ഓ രംഗശായി എന്ന കീര്‍ത്തനവും തുടര്‍ന്ന് ഭൂലോക വൈകുണ്ഠ എന്ന നിരവലും തുടര്‍ന്ന് മനോധര്‍മ സ്വര പ്രസ്ഥാരവും കഴിഞ്ഞപ്പോള്‍ അവാച്യമായ ഒരനുഭൂതി ഏവര്‍ക്കും ലഭിക്കുകയായിരുന്നു.
നാരായണതേ (ബീഹാഗ്) എന്ന അന്നമ്മയ്യ സംഗീര്‍ത്തനവും കനകസഭയില്‍ തിരുനടണം എന്ന സുരുട്ടി രാഗ കീര്‍ത്തനവും കച്ചേരിക്ക് മിഴിവേകി.
സഹ സംഗീതജ്ഞരായപ്രശസ്ത വയലിന്‍ വിദ്ധ്വാന്‍ തിരുവിഴ വിജു എസ് ആനന്ദ്, മൃദംഗ വിദ്ധ്വാന്‍ മാവേലിക്കര ആര്‍.വി. രാജേഷ്
ഗഞ്ചിറയില്‍ ഉഡുപ്പി ശ്രീകാന്ത് എന്നിവര്‍ കച്ചേരിയുടെ മാറ്റ് കൂട്ടി.
വിജയ് നീലകണ്ഠന്‍ ആമുഖപ്രഭാഷണം നടത്തി. പത്മശ്രീ പാറശാല ബി പൊന്നമ്മള്‍ ടീച്ചറുടെ ജീവിത രേഖ രചിച്ച ഡോ. ഹരി സുന്ദരിനെയും നോചൂര്‍ നാരായണനെയും രാമചന്ദ്ര അയ്യര്‍ ആദരിച്ചു. പങ്കെടുത്ത കലാകാരന്മാരെ സുകേഷ് കുമാര്‍ ആദരിച്ചു.