വിഷുദിനത്തില്‍ ശങ്കരന്‍ നമ്പൂതിരിയുടെ ചാരുകേശിയില്‍ ലയിച്ച് നീലകണ്ഠ അബോഡ്
തളിപ്പറമ്പ്: സംഗീത കച്ചേരിയില്‍ ഒരു രാഗം ഒരു കീര്‍ത്തനം പല ഭാവം എന്ന ആനന്ദ സമര്‍പ്പണ്‍ കച്ചേരിയുടെ ഭാഗമായി ചിറവക്ക് നീലകണ്ഠ അബോഡിലെ പതിമൂന്നാമത്തെ കച്ചേരിയില്‍ നാദോപാസനയുമായി കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും, സിനിമ പിന്നണി ഗായകനും, സംഗീതജ്ഞനുമായ പ്രണവം എം.കെ.ശങ്കരന്‍ നമ്പൂതിരി.

കര്‍ണ്ണാടക സംഗീതത്തിലെ ഇരുപത്തിയാറാം മേളകര്‍ത്താരാഗം ചാരുകേശിയില്‍ സ്വാതി തിരുന്നാള്‍ രചിച്ച കൃപയാ പാളയ ശൗരേ എന്ന കീര്‍ത്തനം ആലപിച്ചപ്പോള്‍ വിഷുദിനത്തില്‍ ആസ്വാദകര്‍ക്ക് അതൊരു വിലയേറിയ ഒരു കൈ നീട്ടമായി ഭവിച്ചു.
ഈ രാഗത്തില്‍ രാഗാലാപനം, താനം, കീര്‍ത്തനം, നിരവല്‍,സ്വരവിസ്താരം എന്നിവ ഉള്‍പ്പെടുത്തി രണ്ടു മണിക്കൂറോളം സ്വയം ആസ്വദിച്ച് അദ്ദേഹം ആലപിച്ചു. സംസ്‌കൃത ഭാഷയില്‍ രചിച്ചിരിക്കുന്ന ഈ കൃതി ചാപ്പുതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ശ്രേഷ്ഠസംഗീതത്തിന്റെ ഉന്നത ശൈലങ്ങളിലേക്ക് അനായാസം പറന്നു കയറിയ ഗായകനും, യുവ വയലിന്‍ പ്രതിഭ ആദര്‍ശ് അജയ് കുമാറും ചേര്‍ന്ന് ശുദ്ധ രീതിയില്‍ രണ്ടു മണിക്കൂര്‍ ആലപിച്ചപ്പോള്‍ ഏവര്‍ക്കും ആനന്ദത്തിന്റെ ശുഭ സൂചകമാണ് പ്രധാനം ചെയ്തത്.
വിജയ് നീലകണ്ഠന്‍ സ്വാഗതവും, നാടക-സിനിമ നടന്‍ സന്തോഷ് കീഴാറ്റൂര്‍ കലാകാരന്മാരെ പൊന്നാട അണിയിക്കുകയും ആദരഭാഷണം നടത്തുകയും ചെയ്തു.
