അമൃത വര്‍ഷത്തില്‍ പെയ്തിറങ്ങിയ ശങ്കരനാദം-തുലാവര്‍ഷത്തെ കീഴ്‌പ്പെടുത്തിയ സംഗീത കച്ചേരി

തളിപ്പറമ്പ്: കര്‍ണ്ണാടകസംഗീതത്തിലെ എണ്ണം പറഞ്ഞ മഹാഗുരുക്കന്മാരില്‍ നിന്ന് പകര്‍ന്നു കിട്ടിയ ശുദ്ധ സംഗീതത്തില്‍

സ്വതസിദ്ധമായ ശൈലിയും ആരെയും ആകര്‍ഷിക്കുന്ന ശബ്ദമാധുര്യവും ചേര്‍ത്ത് ആസ്വാദകരെ സംഗീത ലഹരിയില്‍

ആറാടിക്കുന്ന പ്രശസ്ത ഗായകന്‍ എം. കെ.ശങ്കരന്‍ നമ്പൂതിരിയുടെ സംഗീതക്കച്ചേരിക്ക് ഇന്നലെ പരുഞ്ചെല്ലൂര്‍ സംഗീതസഭ സാക്ഷ്യം വഹിച്ചു.

എട്ടാമത്തെ വയസു മുതല്‍ സംഗീത വേദികളില്‍ അത്ഭുതമായി തിളങ്ങിയ ശങ്കരന്‍ നമ്പൂതിരി ഇന്ന് കര്‍ണ്ണാടക സംഗീതത്തിലെ മികവുറ്റ പ്രതിഭകളില്‍ ഒരാളാണ്.

കോവിഡ് കാലത്ത് സഭയിലെ ആസ്വാദകര്‍ക്ക് നഷ്ടമായത് ഒട്ടേറെ മികച്ച കച്ചേരികളാണ്.

എന്നാല്‍ ആ നഷ്ടങ്ങള്‍ക്കെല്ലാം പകരം വെക്കാവുന്നതായിരുന്നു ശങ്കരന്‍ നമ്പൂതിരിയുടെ മൂന്ന് മണിക്കൂര്‍ കച്ചേരി രാഗ വൈവിധ്യവും

കൃതികളുടെ തെരഞ്ഞെടുപ്പും ആലാപന ഭംഗിയും കൊണ്ട് ആസ്വാദകരെ മുഴുവന്‍ കൈയ്യിലെടുക്കുവാന്‍ ശങ്കരന്‍ നമ്പൂതിരിക്കും സഹകലാകാരന്മാര്‍ക്കും സാധിച്ചു.

പന്തുവരാളി രാഗത്തിലുള്ള വര്‍ണ്ണത്തോടെയാണ് കച്ചേരി ആരംഭിച്ചത്.

തോഡി രാഗത്തിലുള്ള ദാശരഥി എന്ന ത്യാഗരാജ കൃതിയാണ് മുഖ്യ കൃതിയായി പാടിയത്.

ഇതു കൂടാതെ ഹംസദ്ധ്വനി രാഗത്തില്‍ കരുണൈ സൈവായ്, ആരഭിയില്‍ ആടിദനോ രംഗ, ശ്രീരഞ്ജിനിയില്‍ ബ്രോചേവ,

ഹമീര്‍ കല്യാണിയില്‍ പരിമള രംഗനാഥം, ദേവഗാന്ധാരിയില്‍ കരുണാ സമുദ്ര തുടങ്ങിയ കൃതികളും ആലപിച്ചു. ബാഗേശ്രീ രാഗത്തിലുള്ള തില്ലാനയോടെയാണ് കച്ചേരി സമാപിച്ചത്.

പ്രശസ്ത വയലിനിസ്റ്റ് ഇടപ്പള്ളി അജിത്, മൃദംഗവിദ്വാന്‍ ബാലകൃഷ്ണ കമ്മത്ത്, ഘടം വിദ്വാന്‍ വാഴപ്പള്ളി കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ അതീവഹൃദ്യമായ പക്കമേളം കച്ചേരിക്ക് മിഴിവേകി.

പെരുഞ്ചെല്ലൂര്‍ സഭയിലെ അന്‍പത്തിയാറാമത്തെ കച്ചേരിയാണ് ഇന്നലെ നടന്നത്.