നാടിനെ സംഗീതത്തില്‍ ആറാടിച്ച് കമ്പനി സ്വാമിയുടെ 129-ാം ജന്മവാര്‍ഷിക ദിനം

തളിപ്പറമ്പ്: ആധുനിക തളിപ്പറമ്പിന്റെ രാജശില്‍പ്പിയെന്നറിയപ്പെടുന്ന, നാട്ടുകാര്‍ ആദരവോടെ കമ്പനിസ്വാമി എന്ന് വിളിക്കുന്ന പി.നീലകണ്ഠ അയ്യരുടെ നൂറ്റി ഇരുപത്തി ഒമ്പതാം ജന്മവാര്‍ഷികാഘോഷം പെരുഞ്ചെല്ലൂര്‍ സംഗീതസഭയില്‍ കര്‍ണ്ണാടക സംഗീതത്തിന്റെ പെരുമഴപെയ്യിച്ചു.

പ്രശസ്ത ഗായകരും സംഗീത സംവിധായകരുമായ എം.ജയചന്ദ്രനും, കാവാലം ശ്രീകുമാറും ചേര്‍ന്ന് നടത്തിയ കച്ചേരി സംഗീതാസ്വാദകരെ മറ്റൊരു ലോകത്തെത്തിച്ചു.

ഇടപ്പള്ളി അജിത് കുമാര്‍ (വയലിന്‍), മാവേലിക്കര ആര്‍ വി രാജേഷ് (മൃദംഗം), കോട്ടയം ഉണ്ണികൃഷ്ണന്‍ (ഘടം), പയ്യന്നൂര്‍ ഗോവിന്ദ പ്രസാദ് (മോര്‍സിങ്) എന്നിവരും ഇവര്‍ക്കൊപ്പം ചേര്‍ന്നപ്പോള്‍ അവിശ്വസനീയമായ ഒരു അനുഭൂതിയാണ് ആസ്വാദകര്‍ക്ക് ലഭിച്ചത്.

ഉപകരണത്തിലെ മിഴിവ് കച്ചേരിയുടെ പ്രഭാവത്തെ വലിയ ഉയരങ്ങളിലേക്ക് ഉയര്‍ത്തി.

പെരുഞ്ചെല്ലൂര്‍ സംഗീത സഭയുടെ 62-ാം കച്ചേരി ഇരുവരുടെയും മികച്ച ശബ്ദ സമന്വയം കൊണ്ട് അത്യന്തം ആസ്വാദ്യകരമായി.

അഖിലാണ്ഡേശ്വരി രക്ഷമാം എന്ന മുത്തുസ്വാമി ദീക്ഷിതര്‍ കൃതിയോടെ ആരംഭിച്ച കച്ചേരിയില്‍ കാനഡ രാഗത്തിലെ സ്വാതി തിരുനാള്‍ രചിച്ച മാമവസധാ ജനനീ കര്‍ണാടക സംഗീത പ്രേമികള്‍ക്ക് ഒരു ശ്രവണ വിരുന്ന് തന്നെയായി.

ത്യാഗരാജ സ്വാമിയുടെ ബിന്ദുമാലിനി രാഗത്തിലെ
എന്തമുദ്ധോ എന്ത സുഗസോ രണ്ട് ശബ്ദങ്ങളുടെ സമ്പൂര്‍ണ്ണ ഐക്യത്താല്‍ മനോഹരമായി.

പാപനാശം ശിവന്‍ രചിച്ച കൃതിയിലെ ശരവണ ഭവ ഗുഹനെ പല്ലവിയില്‍ രാഗം താനം പല്ലവി ഇരുവരും ആലപിച്ചപ്പോള്‍ അത് സദസിനെ ഉത്സാവാന്തരീക്ഷത്തില്‍ എത്തിച്ചു.

അളിവേണി എന്തു ചെയ്യൂ എന്ന സ്വാതി തിരുനാള്‍ കൃതി, യമുനാ കല്യാണി രാഗത്തിലെ വ്യാസറായര്‍ രചിച്ച കൃഷ്ണ നീ ബേഗനെ ബാരോ, സദാശിവ ബൃഹമെന്ദ്രര്‍ രചിച്ച പിബറെ രാമാ രസം എന്ന കീര്‍ത്തനങ്ങള്‍ ആലപിച്ചപ്പോള്‍ ആസ്വാദകരെ അത് ധ്യാനത്തിന്റെ ഒരു തലത്തിലേക്ക് എത്തിച്ചു.

കാവാലം നാരായണപ്പണിക്കര്‍ രചിച്ചു സംഗീതം ചിട്ടപ്പെടുത്തിയ ആലായാല്‍ തറ വേണം അടുത്തൊരമ്പലം വേണം എന്ന നാടന്‍ പാട്ടിനെ സദസ്സ് നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരിച്ചത്.

പവമാണ സുതുട് പട്ടു എന്ന മംഗളത്തോടു കൂടി കമ്പനി സ്വാമിയുടെ ജന്മശതാബ്ദിയുടെ സ്മരണയ്ക്കായി നടത്തിയ രണ്ടര മണിക്കൂര്‍ നീണ്ട സംഗീത പെരുമഴക്ക് തിരശ്ശീല വീണു.

ആധുനിക മലയാളസാഹിത്യത്തിലെ പ്രശസ്തനായ ചെറുകഥാകൃത്ത് ടി. പത്മനാഭന്‍ മുഖ്യാതിഥിയായിരുന്നു.

അദ്ദേഹത്തെ പെരുഞ്ചെല്ലൂര്‍ സംഗീത സഭ ആദരിച്ചു. കലാകാരന്മാരെ എറണാകുളം ജില്ലാ ജഡ്ജി കെ.സോമന്‍ ആദരിച്ചു.

ഡ്രാമ ജൂനിയേര്‍സ് റിയാലിറ്റി ഷോയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച നാല് വയസു പ്രായമായ കൊച്ചു കലാകാരി റാനിയ രഫീഖിനേയും ആദരിച്ചു.

രാവിലെ ഗണപതി ഹോമം , ശാസ്താപ്രീതി, കാവടി പാനക പൂജ എന്നിവയും പി.നീലകണ്ഠ അയ്യര്‍ സ്മാരക മന്ദിരത്തില്‍ നടന്നു. കമ്പനി സ്വാമിയുടെ ചെറുമകനും , പ്രകൃതി വന്യജീവി സംരക്ഷകനും പെരുഞ്ചെല്ലൂര്‍ സംഗീത സഭ സ്ഥാപകനായ വിജയ് നീലകണ്ഠന്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.