വികസനോന്മുഖ പത്രപ്രവര്‍ത്തനത്തെയും വികസന ആശയവിനിമയത്തെയും പ്രോത്സാഹിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ പ്രധാന പങ്ക് വഹിക്കണം-വി.പളനിച്ചാമി
തളിപ്പറമ്പ്: വികസനോന്മുഖ പത്രപ്രവര്‍ത്തനത്തെയും വികസന ആശയവിനിമയത്തെയും പ്രോത്സാഹിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ പ്രധാന പങ്ക് വഹിക്കണമെന്ന് പിഐബി, കേരള-ലക്ഷദ്വീപ് മേഖല അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി.പളനിച്ചാമി.

സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ മേഖലകളിലും നൈപുണ്യ വികസനത്തിന്റെ ആവശ്യകത എടുത്തുപറഞ്ഞ അദ്ദേഹം അതിലൂടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി.
കൂടാതെ, വിവരസാങ്കേതികവിദ്യക്ക് ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്വാധീനം ഉള്ള സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഫേക്ക് , ഡീപ് ഫേക്ക് തുടങ്ങിയവ മനസിലാക്കാനും അതിനെ തുറന്നു കാട്ടാനുമുള്ള നൈപുണ്യം ആര്‍ജിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കായി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) തളിപ്പറമ്പ പ്രസ് ഫോറം, സിബിസി കണ്ണൂര്‍ ഓഫീസ് എന്നിവയുമായി ചേര്‍ന്ന് സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ഭരണകൂടത്തെ പ്രതിനിധീകരിച്ച് കണ്ണൂര്‍ ജില്ലാ അസിസ്റ്റന്റ് കളക്ടര്‍ എഹ്‌തെദ മുഫസിര്‍ ചടങ്ങിനെ അഭിസംബോധന ചെയ്തു.
ജനങ്ങള്‍ക്ക് വേണ്ടി രൂപകല്‍പ്പന ചെയ്ത നയങ്ങളെയും പദ്ധതികളെയും കുറിച്ച് അവര്‍ക്ക് അവബോധം ഉണ്ടാകുന്നതുവരെ വികസനം സാധ്യമാകില്ലെന്ന് എഹ്‌തേദ മുഫാസിര്‍ പറഞ്ഞു.
അത്തരം വിവരങ്ങള്‍ എല്ലാ ജനങ്ങളിലേക്കും, പ്രത്യേകിച്ച് താഴെത്തട്ടിലുള്ളവരിലേക്ക് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതില്‍ മാധ്യമങ്ങള്‍ വലിയ പങ്ക് വഹിക്കണമെന്ന് അവര്‍ ഊന്നിപ്പറഞ്ഞു.
പുരോഗതിയുടെയും പരിവര്‍ത്തനത്തിന്റെയും കഥകള്‍ ഉയര്‍ത്തിക്കാട്ടുന്നതും , എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പരിപാടിയുടെ ഭാഗമായി പദ്മശ്രീ പുരസ്‌കാര ജേതാവ് ഇ.പി.നാരായണന്‍ പെരുവണ്ണാന്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ വി ബി പരമേശ്വരന്‍ എന്നിവരെ ആദരിച്ചു.
‘വികസനം സാധ്യമാക്കല്‍, ബാങ്കുകള്‍ വഴി ‘ എന്ന വിഷയത്തില്‍ കണ്ണൂര്‍ ലീഡ് ബാങ്ക് മാനേജര്‍ ഡോ കെ.എസ്.രഞ്ജിത് ക്ലാസ് നയിച്ചു.
പിഎംഇജിപി, പിഎംജെജെബിവൈ, പിഎംഎസ്ബിവൈ, പി എം മുദ്ര തുടങ്ങിയ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ഗ്രാമപഞ്ചായത്ത്, നഗര തദ്ദേശ സ്വയംഭരണ സ്ഥാപന തലങ്ങളില്‍ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പദ്ധതികളുടെ പൂര്‍ത്തീകരണം കൈവരിക്കുന്നതിനായി രാജ്യവ്യാപകമായി കേന്ദ ഗവണ്മെന്റ് വിഭാവനം ചെയ്തിരിക്കുന്ന കാമ്പയിനെകുറിച്ചും ഡോ രഞ്ജിത് സംസാരിച്ചു.
വികസന പത്രപ്രവര്‍ത്തനം: കഴിഞ്ഞ 11 വര്‍ഷത്തെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ഒരു അവലോകനം, എന്ന വിഷയത്തില്‍ കേരളകൗമുദി മുന്‍ ന്യൂസ് എഡിറ്റര്‍ സി.പി.സുരേന്ദ്രന്‍ ക്ലാസെടുത്തു.
വിവിധ സാമൂഹിക സുരക്ഷാ പദ്ധതികള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സി.പി.സുരേന്ദ്രന്‍ വിവിധ ഉദാഹരണങ്ങള്‍ ഉദ്ധരിച്ച് സംസാരിച്ചു.
വികസന പത്രപ്രവര്‍ത്തനത്തിന് മതിയായ മുന്‍ഗണന നല്‍കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
തുടര്‍ന്ന് ‘വ്യാജ വാര്‍ത്തകള്‍, തെറ്റായ വിവരങ്ങള്‍, വസ്തുതാ പരിശോധന എന്നിവയില്‍ സോഷ്യല്‍ മീഡിയയുടെ പങ്ക്’ എന്ന വിഷയത്തില്‍ മലയാള മനോരമ ചീഫ് സബ് എഡിറ്റര്‍ സാബു ടി ജോണ്‍ ക്ലാസ് നയിച്ചു.
മിസ്ഇന്‍ഫൊര്‍മേഷനും ഡിസ്ഇന്‍ഫൊര്‍മേഷനും തമ്മിലുള്ള വ്യത്യാസം സാബു തന്റെ സെഷനില്‍ വിശദീകരിച്ചു.
വ്യാജ വാര്‍ത്തകള്‍ തടയുന്നതില്‍ ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ നിരീക്ഷണ കഴിവുകള്‍ പ്രയോഗിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
വ്യാജ വാര്‍ത്തകള്‍ തിരിച്ചറിയാന്‍ ഉപയോഗിക്കാവുന്ന നിരവധി ടൂളുകളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.
പിഐബി കൊച്ചി അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.എസ്. ലക്ഷ്മിപ്രിയ കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ മാധ്യമ യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിവരിച്ചു.
ബിജു മാത്യു, അസിസ്റ്റന്റ് ഡയറക്ടര്‍, സി ബി സി, കണ്ണൂര്‍; കെ ഒ.ശശിധരന്‍ ആകാശവാണി പി ടി സി കണ്ണൂര്‍ ശ്രീനി ആലക്കോട് എന്നിവര്‍ കേരളത്തില്‍ കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ മാധ്യമ യൂണിറ്റുകളെ പ്രതിനിധീകരിച്ച് സംസാരിച്ചു.
കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനായ ജനവാണി എഫ് എമ്മിനെ പ്രതിനിധീകരിച്ച് നിര്‍മല്‍ മയ്യഴിയും ചടങ്ങില്‍ പ്രസംഗിച്ചു.
പരിപാടിയുടെ ഭാഗമായി, കേന്ദ്ര ഗവണ്‍മെന്റ് പദ്ധതികളായ പ്രധാനമന്ത്രിയുടെ തൊഴില്‍ സൃഷ്ടി പദ്ധതി- പിഎംഇജിപി, പി എം ഫോര്‍മലൈസേഷന്‍ ഓഫ് മൈക്രോ ഫുഡ് പ്രോസസ്സിംഗ് എന്റര്‍പ്രൈസസ് പദ്ധതി (പിഎംഎഫ്എംഇ) എന്നിവയുടെ ഗുണഭോക്താവ് പി. ജബ്ബാര്‍ ഈ രണ്ട് പദ്ധതികള്‍ക്കും കീഴിലുള്ള വായ്പകള്‍ ലഭിച്ചതിനുശേഷം തന്റെ ജീവിതത്തില്‍ വന്ന നേട്ടങ്ങളെ കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെച്ചു.
തളിപ്പറമ്പ പ്രസ് ഫോറം പ്രസിഡന്റ് എം കെ മനോഹരന്‍, സെക്രെട്ടറി എം വി രാജേഷ്, കൊച്ചി പിഐബിയിലെ മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ കെ.വൈ.ഷാമില എന്നിവരും പ്രസംഗിച്ചു.
കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ പദ്ധതികളെക്കുറിച്ച് പ്രാദേശിക ലേഖകര്‍ക്ക് അറിവ് പകരുക എന്ന ലക്ഷ്യത്തോടെയാണ് പിഐബി വിവിധ ജില്ലകളില്‍ ഇത്തരം ശില്പശാലകള്‍ സംഘടിപ്പിക്കുന്നത്.
