തീര്‍ത്ഥാടക ടൂറിസം പദ്ധതിയില്‍ ചെറുകിട ക്ഷേത്രങ്ങളേയും ഉള്‍പ്പെടുത്തണം-കെ.സി.മണികണ്ഠന്‍ നായര്‍.
തളിപ്പറമ്പ്: ഇന്നലെ നടന്ന തളിപ്പറമ്പ് വികസന സെമിനാറില്‍ ചര്‍ച്ചചെയ്യപ്പെട്ട കാര്യങ്ങള്‍ നാടിന് ഗുണപ്രദമാണെങ്കിലും തീര്‍ത്ഥാടക ടൂറിസം പദ്ധതി പറശിനിക്കടവ്, തളിപ്പറമ്പ്, തൃച്ചംബരം, കാഞ്ഞിരങ്ങാട് ക്ഷേത്രങ്ങളില്‍ ഒതുങ്ങിപ്പോകുന്നത് ഈ രംഗത്തെ വികസനത്തെ പിറകോട്ടടിപ്പിക്കുമെന്ന് പാലകുളങ്ങര ദേവസ്വം ഭരണസമിതി ചെയര്‍മാനും ആധ്യാത്മിക പ്രവര്‍ത്തകനുമായ കെ.സി.മണികണ്ഠന്‍ നായര്‍.
സെമിനാറില്‍ പങ്കെടുത്തുവെങ്കിലും പെട്ടെന്ന് മടങ്ങേണ്ടി വന്നതിനാല്‍ ഇത്തരം കാര്യങ്ങല്‍ ശ്രദ്ധയില്‍ പെടുത്താനായില്ലെന്നും അദ്ദേഹം കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു.
മന്ത്രി എം.വി. ഗോവിന്ദന്‍മാസ്റ്റര്‍ മുന്‍കൈ എടുത്ത് നടത്തിയ സമഗ്ര വികസന സെമിനാറില്‍ അവതരിപ്പിക്കപ്പെട്ട വികസനരേഖയുടെ കരടുരൂപം അതി ഗംഭീരമാണ്.
പക്ഷേ, ഏവരും എന്നും ചെയ്തു കൊണ്ടിരിക്കുന്ന, പറഞ്ഞു കൊണ്ടിരിക്കുന്ന വലിയ ക്ഷേത്രങ്ങളെ മാത്രം വികസിപ്പിക്കാനുള്ള പദ്ധതികള്‍ തീര്‍ത്ഥാടകടൂറിസത്തിന് ഗുണപ്രദമാവില്ല എന്ന സത്യം തുറന്നു പറയട്ടെ.
കോടിക്കണക്കിന് രൂപ സ്വന്തമായി ഫണ്ടുള്ള ക്ഷേത്രങ്ങള്‍ പലതും ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ല എന്നു മാത്രമല്ല ഫണ്ട് ക്ഷേത്ര താല്പര്യങ്ങള്‍ക്കു തന്നെ ശരിയായി വിനിയോഗിക്കുന്നില്ല. (ചില ദേവസ്വങ്ങളെ ഒഴിവാക്കുന്നു.)
മറിച്ച് ചെറിയ വരുമാനവും ദേവസ്വം ബോര്‍ഡില്‍ നിന്ന് ശമ്പളത്തിനായി ഒരു രൂപ പോലും ലഭിക്കാത്ത / വാങ്ങാത്ത പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രങ്ങളെപ്പോലുള്ള ചെറിയ ക്ഷേത്രങ്ങളെ അഭിവൃദ്ധിപ്പെടുത്താന്‍ ഒരു സഹായവും ഒരു സ്ഥാപനങ്ങളും (സര്‍ക്കാര്‍ അടക്കം) തരാന്‍ ആഗ്രഹിക്കുന്നുമില്ല, നല്‍കാറുമില്ല.
ലോകത്തിലെ തന്നെ സമാനതകളില്ലാത്ത പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രം. TTK ദേവസ്വത്തിന് ടൂറിസ്റ്റ് മാപ്പിങ്ങോടെ ഒരുപാടു കാര്യങ്ങള്‍ കരടുരേഖയില്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
വളരെ നല്ലത് വളരെ സന്തോഷം. ഇതിനിടയില്‍ സ്ഥിതി ചെയ്യുന്ന പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തെ ഒരു രൂപയുടെ അധിക ചിലവില്ലാതെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്താനും തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തോളം അതല്ലെങ്കില്‍ അതിനും മുന്‍പേ ഉള്ള ഈ ക്ഷേത്രത്തിനെ കൂടെ അഭിവൃദ്ധിപ്പെടുത്താനും സാധിക്കും.
അമൃതകലശ ഹസ്തനായി പത്മാസനത്തില്‍ ഇരിക്കുന്ന ശ്രീധര്‍മ്മശാസ്താവിനെ വണങ്ങാനും സര്‍വ്വ രോഗ നിവാരകനായ സര്‍വ്വാഭിഷ്ട ദായകനായ ഭഗവാന്റെ അനുഗ്രഹം കൂടുതല്‍ ജനങ്ങള്‍ക്ക് എത്തിക്കാനും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ ചെയ്യാന്‍ കഴിയുന്നതാണ്.
തൃച്ചംബരം ക്ഷേത്രത്തില്‍ നിന്ന് പാലകുളങ്ങര വഴി വഴി കാഞ്ഞിരങ്ങാട് വൈദ്യനാഥനെ തൊഴുത് തളിപ്പറമ്പ് രാജരാജേശ്വരനെ വണങ്ങി നാലമ്പല ദര്‍ശനം നടത്താന്‍ ഭക്തര്‍ക്ക് കഴിയും.
അതല്ലെങ്കില്‍ തളിപ്പറമ്പ് രാജരാജേശ്വരനെ വണങ്ങി വൈദ്യനാഥനെ ദര്‍ശിച്ച് പാലകുളങ്ങര വഴി തൃച്ചംബരത്തപ്പ സന്നിധിയിെലത്താനും കഴിയും. ഇക്കാര്യം മന്ത്രി ഗോവിന്ദന്‍ മാസ്റ്ററുടെ ശ്രദ്ധയില്‍പെടുത്താന്‍ ആഗ്രഹിക്കുകയാണ്.
ഏറ്റവും ആദ്യം ചെയ്യേണ്ട മാലിന്യനിര്‍മ്മാര്‍ജ്ജന / പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജനത്തിനായി മുന്‍ മുനിസിപ്പല്‍ ചെയര്‍മാനോട് ഞാന്‍ മാനേജിംഗ് ട്രസ്റ്റിയായ അയ്യപ്പ ചാരിറ്റബിള്‍ ട്രസ്റ്റ് സ്വയം എല്ലാവിധ ചിലവുകളും ഏറ്റെടുക്കാമെന്ന് സമ്മതിച്ച് കുറ്റിക്കോല്‍ തൊട്ട് കുപ്പം വരെ മാലിന്യ /പ്ലാസ്റ്റിക്ക് മുക്ത തളിപ്പറമ്പാക്കമെന്നുള്ള ഒരു ബൃഹത് പദ്ധതി സമര്‍പ്പിച്ചിരുന്നു.
പലപ്പോഴും ബന്ധപ്പെട്ടിട്ടും ഒരു തരത്തിലുള്ള പ്രതികരണവുമുണ്ടായില്ല. ഞാന്‍ ജില്ല കണ്‍വീനറായ പുണ്യം പൂങ്കാവനം പദ്ധതിയുടെ ഒരു ഭാഗമായ ഇതേ പ്രൊജക്ട് നടപ്പില്ലാക്കാനുള്ള പരിശ്രമത്തിനും ഒരു സഹകരണവും ലഭിച്ചില്ലെന്നും മണികണ്ഠന്‍ നായര്‍ പറഞ്ഞു.
മന്ത്രി മുന്‍കൈ എടുത്തു നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സമഗ്ര വികസന പദ്ധതിക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
