അങ്ങനെ വെറുതെ വന്ന് പറയുന്നത് കേട്ട് പോകാന്‍ വന്നതല്ല ഞങ്ങള്‍-പ്രശ്നങ്ങള്‍ക്ക് മണിക്കൂറുകള്‍ക്കകം പരിഹാരം കണ്ട് തളിപ്പറമ്പ് നഗരസഭ ചെയര്പേഴ്സന് പി.കെ.സുബൈര്‍
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ സുപ്രധാനമായ പ്രശ്നങ്ങള്‍ക്ക് മണിക്കൂറുകള്‍ കൊണ്ട് പരിഹാരം കണ്ട് തളിപ്പറമ്പ് നഗരസഭ ചെയര്പേഴ്സന് പി.കെ.സുബൈര്‍.
ഇന്ന് രാവിലെ പതിനൊന്നരക്ക് ആശുപത്രിയിലെത്തിയ ചെയര്‍പേഴ്സനും സംഘവും വെറും രണ്ട് മണിക്കൂറുകള്‍ക്കകമാണ് മാസങ്ങളായി ആശുപത്രിയില്‍ രോഗികളും ജീവനക്കാരും അനുഭവിച്ചുവന്ന നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടത്.
ആശുപത്രി സൂപ്രണ്ടിന്റെയും ജീവനക്കാരുടെയും കെടുകാര്യസ്ഥതയും അലസതയും കാരണം രോഗികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് ചെയര്പേഴ്സന്, ഡെപ്യൂട്ടി ചെയര്പേഴ്സന് ദീപ രഞ്ജിത്ത്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ പുല്ലായിക്കൊടി ചന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ നഗരസഭാ അധികൃതര്‍ ആശുപത്രിയിലെത്തിയത്.
ആശുപത്രി സൂപ്രണ്ട് ഡോ.വി.വി.ആശയുമായി സംസാരിച്ച ചെയര്മാന് ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ഓരോന്നായിഅക്കമിട്ട് നിരത്തി.
സോഫ്റ്റവേര്‍ പ്രശ്നം കാരണം ടോക്കണ്‍ സിസ്റ്റം അവതാളത്തിലായത് സംബന്ധിച്ച് ജീവനക്കാര്‍ നിരത്തിയ വാദഗതികളെല്ലാം തള്ളിക്കളഞ്ഞ ചെയര്പേഴ്സന് സോഫ്റ്റ്വേര്‍ കമ്പനിയുമായി നേരിട്ട് സംസാരിച്ച് മിനുട്ടുകള്‍ക്കകം പരിഹാരം കണ്ടപ്പോള്‍ ഉദ്യോഗസ്ഥരുടെ കണ്ണ്തള്ളിപ്പോയി.
മാസങ്ങളായി ഒ.പി ടിക്കറ്റെടുക്കാന്‍ കാത്തുനിന്ന് രോഗികള്‍ അവശരാകുന്ന പ്രശ്നങ്ങള്‍ക്ക് ഇതോടെ പരിഹാരമായി.
പാലിയേറ്റീവ് കെയര്‍ വിഭാഗത്തിലെ താല്‍ക്കാലിക ജീവനക്കാര്‍ക്കും ആശുപത്രിയില്‍ ജോലി ചെയ്ത ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശമ്പളം നല്‍കാത്ത പ്രശ്നത്തിലും തന്റെ സാന്നിധ്യത്തില്‍ തന്നെ ചെയര്മാന് പരിഹാരം കണ്ടു.
കാന്റീന് അടച്ചുപൂട്ടിയ പ്രശ്നത്തില്‍ ആശുപത്രി സ്റ്റാഫ് കൗണ്‍സിലിന് ഇതിന്റെ നടത്തിപ്പ് താല്‍ക്കാലികമായി കൈമാറാനും നിര്‍ദ്ദേശിച്ചു.
സൂപ്രണ്ട് ഓരോ കാര്യങ്ങളിലും സ്വീകരിച്ച നിലപാടുകള്‍ ജനങ്ങളുടെ ആവശ്യം എടുത്തുകാട്ടിയാണ് ചെയര്പേഴ്സന് പരിഹാരം കണ്ടത്.
നിരന്തരമായി നേരിട്ട് ആശുപത്രിയിലെത്തി പ്രശ്നങ്ങള്‍ വിലയിരുത്തുമെന്ന് ചെയര്പേഴ്സന് പറഞ്ഞു.
വികസനകാര്യ സ്ഥിരം സമിതി ചെയര്മാന് കെ.മുഹമ്മദ്ബഷീര്‍, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി.സി.നസീര്‍, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ പി.റജുല, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പി.പി.വല്‍സല, നഗരസഭ എഞ്ചിനീയര്‍ എസ്.സീന, അള്ളാംകുളം വാര്‍ഡ് കൗണ്‍സിലര്‍ ഫൈസല്‍ ചെറുകുന്നോന്‍, ആരോഗ്യ സ്ഥിരം സമിതി അംഗങ്ങളായ കെ.ലതിക, സീമ വല്സന്, പി.പി.ഇസ്മായില്‍, ഒ.കെ.പ്രീത എന്നിവരും സംഘത്തിലുണ്ടായിരുന്നു.