നീതിയും ന്യായവും പി.കെ.സുബൈറിനോടൊപ്പം-മാനേജര്‍ സ്ഥാനത്തുനിന്നും മാറ്റിയ സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ.

തളിപ്പറമ്പ്: സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌ക്കൂല്‍ മാനേജര്‍ സ്ഥാനത്തുനിന്നും മുസ്ലിംലീഗ് ജില്ലാ സെക്രട്ടെറി പി.കെ.സുബൈറിനെ മാറ്റിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.

കഴിഞ്ഞ ദിവസമാണ് സൂബൈറിനെ മാറ്റി ചുമതല തളിപ്പറമ്പ് വിദ്യാഭ്യാസ ഓഫീസര്‍ക്ക് കൈമാറിയത്.

വിദ്യാഭ്യാസ വകുപ്പിന്റെ ഈ തീരുമാനമാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.

മൈനോറിറ്റി സ്റ്റാറ്റസുള്ള സീതീസാഹിബ് സ്‌ക്കൂള്‍ മാനേജരെ മാറ്റാന്‍ സര്‍ക്കാറിന് അധികാരമില്ലെന്ന സുബൈറിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് നടപടി.

നേരത്തെ ഇതേ വാദം ഉന്നയിച്ച് പരാതിക്കാരനായ സി.പി.എം പ്രവര്‍ത്തകന്‍ സി.അബ്ദുല്‍കരീം ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അത് നിയമവിരുദ്ധവും അന്യായവുമാണെന്ന് കണ്ട് ഹൈക്കോടതി തള്ളിയിരുന്നു.

സിപിഎമ്മിനോട് വിട്ടു വീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന ലീഗ് നേതാക്കളില്‍ ഒരാളായ സുബൈറിനോടുള്ള സി.പി.എമ്മിന്റെ പകപോക്കലാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.

വഖഫ് ബോര്‍ഡും ഹൈക്കോടതിയും നേരത്തെ തള്ളിക്കളഞ്ഞ പരാതി സ്വീകരിച്ച് തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിയുടെ 18 അംഗ കെയര്‍ ടേക്കര്‍ ഭരണസമിതിയില്‍ നിന്ന് സുബൈറിനെ മാത്രം മാറ്റിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്.

സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് ആധുനിക മുഖം നല്‍കുകയും സംസ്ഥാനത്തെ മികച്ച വിദ്യാലയമായി മാറ്റിയെടുക്കുകയും ചെയ്ത പി.കെ.സുബൈറിനെ വേട്ടയാടുന്ന ഈ സമീപനം പൊതുസമൂഹത്തില്‍ തന്നെ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കയാണ്.