സി.പി.എം അനുകൂല സമിതി പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം, സംവാദത്തിന് വെല്ലുവിളിക്കുന്നു: പി.കെ.സുബൈര്‍
തളിപ്പറമ്പ്: സ്‌കൂള്‍ മാനേജരായ ഞാന്‍ ഏതെങ്കിലും രീതിയിലുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കാണിച്ചു തരാന്‍ സംവാദത്തിന് സമിതി തയാറുണ്ടോ എന്ന് പി.കെ.സുബൈര്‍.

തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണസമിതി ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം നിയന്ത്രണത്തിലുള്ള ഇടതുപക്ഷ വഖഫ് സംരക്ഷണ സമിതി ആരോപിക്കുന്നത് മുഴുവന്‍ പച്ചക്കള്ളമാണെന്ന് സുബൈര്‍ പറഞ്ഞു.
തങ്ങള്‍ ഒരു കൊല്ലമായി പറഞ്ഞു നടക്കുന്ന കള്ളക്കഥകള്‍ സി.പി.എം. ഭരിക്കുന്ന വകുപ്പ് ഏര്‍പ്പാടാക്കിയ ഓഡിറ്ററുടെ റിപ്പോര്‍ട്ടില്‍ പോലും വരാത്തതിന്റെ ജാള്യത മറക്കാനാണ് റിപ്പോര്‍ട്ടില്‍ ഉണ്ടെന്ന് വരുത്തിത്തീര്‍ത്ത് അവാസ്തവമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത്.
മാനേജരുടെ ഏതു സന്തതസഹചാരിയുടെ പേരിലാണ് സ്‌കൂളില്‍നിന്ന് പണം പിന്‍വലിച്ചതെന്ന് വ്യക്തമാക്കുവാന്‍ വെല്ലുവിളിക്കുകയാണ്.
അങ്ങനെയൊന്ന് തെളിയിച്ചാല്‍ സമിതി പറയുന്ന പണി എടുക്കുമെന്നും സുബൈര്‍ പറഞ്ഞു.
കേരളത്തിലെ അറിയപ്പെടുന്ന വ്യാപര സ്ഥാപനത്തിന്റെ പേരില്‍ 1,43,66, 530 രൂപയുടെ അനധികൃത ഇടപാട് നടത്തിയതായി ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ ഏഴാം പേജില്‍ എവിടെയാണുള്ളതെന്ന് കാണിക്കാന്‍ മാന്യത ലവലേശമുണ്ടെങ്കില്‍ തയ്യാറാകണം.
ഈ ഭരണ സമിതിയുടെ കാലത്ത് നിര്‍മ്മിച്ച ഏതെങ്കിലും ഒരു കെട്ടിടം സ്‌കൂള്‍ കമ്മിറ്റിയുടെ തീരുമാനമില്ലാതെയാണ് എടുത്തതെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ എവിടെയെങ്കിലും കാണിക്കുവാന്‍ സാധിക്കുമോ.
സ്‌കൂള്‍ നേരത്തെ ഫിക്‌സഡ് ഡെപ്പോസിറ്റ് ആയി നിക്ഷേപിച്ച 40 ലക്ഷം രൂപ ആരും പിന്‍വലിച്ചിട്ടു പോലുമില്ല; മറിച്ച് സ്‌കൂള്‍ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. അത് പിന്‍വലിച്ചുവെന്ന് തെളിയിക്കണം.
മാനേജര്‍ ഏതെങ്കിലും രീതിയിലുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ എവിടെയെങ്കിലും കാണിക്കുവാന്‍ സംവാദത്തിന് തയാറുണ്ടെങ്കില്‍ നാളും സമയവും സ്ഥലവും കുറിച്ച് വിളിച്ചോളൂ
.ആരോപണം ഉന്നയിച്ചവരില്‍ നാലില്‍ മൂന്ന് പേരും വഖഫ് ഭൂമി കൈവശം വെയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് കൂട്ട് നിന്നവരാണ്.
ഒരാള്‍ ഇരിക്കൂര്‍ പഞ്ചായത്തിലെ പദ്ധതി അഴിമതിയില്‍ പ്രതിയായിരുന്നു. മറ്റൊരാള്‍ തളിപ്പറമ്പ് ജുമാഅത്ത് പള്ളിയുടെ സ്വത്ത് അന്യായമായി തട്ടിയെടുത്തതിന്റെ പേരില്‍ ട്രസ്റ്റ് കമ്മിറ്റി കേസ് നടത്തുന്ന വസ്തുവിന്റെ അവകാശിയാണ്.
മാന്യമായി ജീവിക്കുന്ന ഒരു പാവം യുവതിയെ കുറിച്ച് പൊതു സ്ഥലങ്ങളില്‍ അപവാദം എഴുതിവെച്ച് മാനസികമായി പീഡിപ്പിച്ച സ്വന്തം മകനെ കേസില്‍ നിന്ന് രക്ഷപ്പെടുത്തുവാന്‍ ശ്രമിച്ച പിതാവാണ് മറ്റൊരാള്‍.
ഇത്തരം വെറുക്കപ്പെട്ട വ്യക്തികള്‍ മാന്യമായി ജീവിക്കുന്നവരെ കുറിച്ച് ഇത്തരം അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നത് പരിഹാസ്യമാണെന്നും സുബൈര്‍ കൂട്ടിച്ചേര്‍ത്തു.
അസത്യം പ്രചരിപ്പിച്ച് എന്നെ പൂട്ടാമെന്ന് സിപിഎം കരുതേണ്ട. മടിയില്‍ കനമുള്ളവരെ പേടിപ്പിച്ചാല്‍ മതി.
ഇത് കൊണ്ടൊന്നും സി.പി.എമ്മിനോട് മൃദുസമീപനം കാട്ടുമെന്ന് പ്രതീക്ഷിക്കേണ്ട. ജീവന്‍ ഉള്ളിടത്തോളം നിങ്ങളുടെ മതവിരുദ്ധ-അപരിഷ്‌കൃത ചെയ്തികളെ എതിര്‍ക്കുക തന്നെ ചെയ്യും.
വഖഫ് സംരക്ഷണ പ്രവര്‍ത്തനം ആത്മാര്‍ത്ഥമാണെങ്കില്‍ സി.പി.എമ്മിന്റെ സഹകരണ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്
തങ്ങളുടെ ഭൂമി ജുമാഅത്ത് കമ്മിറ്റിക്ക് കൈമാറി ആത്മാര്‍ത്ഥത തെളിയിക്കണമെന്നും സുബൈര്‍ പ്രസ്താവനയില്‍ പറഞ്ഞു.
