പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യത്തിന് തീപിടിച്ചു, പത്ത് മണിക്കൂറിലേറെ നീണ്ട രക്ഷാദൗത്യം.

തളിപ്പറമ്പ്: അഞ്ച് യൂണിറ്റ് അഗ്നിശമനവാഹനങ്ങള്‍-30 സേനാംഗങ്ങള്‍-പത്ത് മണിക്കൂറിലേറെ നീണ്ട സാഹസിക ദൗത്യം.

കുറുമാത്തൂര്‍ കൂനത്ത് ഇന്നലെ ഉച്ചക്ക് പ്ലൈവുഡ് ഫാക്ടറിയിലെ പീലിംഗ് മാലിന്യത്തിന് തീപിടിച്ചു.

കൂനത്തെ ബുര്‍മ ബോര്‍ഡ്‌സ് ആന്റ് പ്ലൈവുഡ് എന്ന സ്ഥാപനത്തിലെ മാലിന്യങ്ങള്‍ക്കാണ് ഇന്നലെ ഉച്ചക്ക് 11.30 ഓടെ തീപിടിച്ചത്.

കനത്ത കാറ്റില്‍ തീ പടര്‍ന്നുപിടിച്ചതോടെ ഫാക്ടറിക്ക് തന്നെ തീപിടിക്കുന്ന അവസ്ഥയായി.

തളിപ്പറമ്പില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ സി.പി.രാജേഷിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് എത്തി തീയണച്ചുതുടങ്ങിയെങ്കിലും തീ വ്യാപിച്ചതോടെ കണ്ണൂരില്‍ നിന്ന് ഒന്നും പയ്യന്നൂരില്‍ നിന്ന് രണ്ടും യൂണിറ്റുകള്‍ കൂടിയെത്തി.

അട്ടിയായി കൂടിക്കിടന്ന മാലിന്യങ്ങള്‍ എത്ര വെള്ളം ചീറ്റിയിട്ടും കെടാതെ കത്തിയതോടെ ജെ.സി.ബി ഉപയോഗിച്ച് ഇളക്കിയാണ് തീകെടുത്തിയത്.

രാത്രി ഒന്‍പതരയോടെയാണ് തീ പൂര്‍ണമായി നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്.

ഫാക്ടറിക്കകത്ത് കോടികള്‍ വിലമതിക്കുന്ന യന്ത്രങ്ങളും ഗോഡൗണില്‍ ടണ്‍കണക്കിന് ബോര്‍ഡുകളും പ്ലൈവുഡ് ഉല്‍പ്പന്നങ്ങളും സൂക്ഷിച്ചുവെച്ചിരുന്നു.

നിരന്തര പരിശ്രമത്തിലൂടെയാണ് ഇവ രക്ഷിച്ചെടുക്കാന്‍ അഗ്നിശമനസേനക്ക് സാധിച്ചത്.

അസി.സ്റ്റേഷന്‍ ഓഫീസര്‍ ടി.അജയന്‍, ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.രാജീവന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.