കര്‍ഷകനെ ഫൂളാക്കി-പി.എം.കിസാന്‍ യോജന- ഇത്തവണ കര്‍ഷകന് വെറും ലൊട്ട–ദേശസാല്‍കൃത ബാങ്കുകള്‍ക്ക് ചാകര.

കരിമ്പം.കെ.പി.രാജീവന്‍

തളിപ്പറമ്പ്: പ്രധാനമന്ത്രി കിസാന്‍ യോജന പ്രകാരം കൃഷി ആവശ്യങ്ങള്‍ക്ക് പ്രതിവര്‍ഷം നല്‍കുന്ന 6000 രൂപയില്‍ ഇത്തവണത്തെ ഗഡു വിതരണം ദേശസാല്‍കൃത ബാങ്കുകള്‍ക്ക് ചാകരയായി.

2022 ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള സംഖ്യയായ 2000 രൂപ മെയ് 31-നാണ് കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തിയത്.

ഈ പദ്ധതി ആരംഭിച്ചതിന് ശേഷമുള്ള പതിനൊന്നാമത്തെ ഗഡുവാണ് ഇത്തവണ നല്‍കിയത്.

ഈ പദ്ധതിയില്‍ അംഗമായ കര്‍ഷകര്‍ ആധാര്‍ ലിങ്ക് ചെയ്ത ദേശസാല്‍കൃത ബാങ്കിന്റെ അക്കൗണ്ട് നമ്പറാണ് അപേക്ഷയില്‍ നല്‍കിയിരുന്നത്.

മിക്ക ആളുകള്‍ക്കും വിവിധ ബേങ്കുകളില്‍ അക്കൗണ്ട് ഉണ്ടെങ്കിലും പലരും ബാങ്കുകളുടെ വിവിധ തരം പിഴയീടാക്കല്‍ കാരണം ഒരു അക്കൗണ്ട് മാത്രം സജീവമാക്കി നിലനിര്‍ത്തുന്നവരാണ്.

വളരെ കൃത്യമായി കഴിഞ്ഞ 10 തവണയും അപേക്ഷയില്‍ നല്‍കിയ ബാങ്ക് അക്കൗണ്ടിലേക്ക് തന്നെ വന്ന കിസാന്‍ യോജന ധനസഹായം ഇത്തവണ വന്നത് ഉപയോഗശൂന്യമായി കിടക്കുന്ന അക്കൗണ്ടുകളിലേക്കാണ്.

തളിപ്പറമ്പിലെ ഒരു കര്‍ഷകന് ഇത്രയും കാലം പണം വന്നത് എസ്.ബി.ഐ. അക്കൗണ്ടിലേക്കായിരുന്നുവെങ്കില്‍ ഇത്തവണ 11-ാം ഗഡു എത്തിയത് 5 വര്‍ഷം മുമ്പേ ഇടപാട് അവസാനിപ്പിച്ച പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടിലേക്കായിരുന്നു.

അവിടെ എത്തി അന്വേഷിച്ചപ്പോള്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിനാല്‍ 4700 രൂപ ബാങ്കിന് പിഴയായി നല്‍കാനുള്ളതില്‍ 2000 പി.എം. കിസാന്‍ യോജനയിലെ പണത്തില്‍ നിന്ന് പിടിച്ചതായും ബാക്കി 2700 രൂപ അടച്ച് ‘അക്കൗണ്ട് പുതുക്കണമെന്നുമാണ് ഉപദേശം ലഭിച്ചത്.

ആയിരക്കണക്കിനാളുകള്‍ക്കാണ് ഇത്തരത്തില്‍ പി.എം. കിസാന്‍ യോജന വഴി ലഭിച്ച തുക പ്രവര്‍ത്തനരഹിത അക്കൗണ്ടിന്റെ പിഴയായി നല്‍കേണ്ടി വന്നത്.

കോടിക്കണക്കിന് രൂപയാണ് ഈ ഇനത്തില്‍ ബാങ്കുകള്‍ക്ക് ലഭിച്ചത്. ആധാര്‍ ലിങ്ക് ചെയ്ത ദേശസാല്‍കൃത ബാങ്കുകളിലെ പ്രവര്‍ത്തനം നിലച്ച അക്കൗണ്ടുകള്‍ കണ്ടെത്തി നേരത്തെ അപേക്ഷകന്‍ നല്‍കിയ

അക്കൗണ്ട് ഒഴിവാക്കി പണം നിക്ഷേപിച്ചത് വഴി പിഴയിലൂടെ കോടിക്കണക്കിന് രൂപ തിരിച്ചുപിടിക്കാനുള്ള സര്‍ക്കാറിന്റെ തന്ത്രമാണെന്ന ആരോപണം ബലപ്പെട്ടിട്ടുണ്ട്.

ഇത്തരം അക്കൗണ്ടുകളിലെ ആധാര്‍ ലിങ്ക് ഡിലീറ്റ് ചെയ്യാത്ത പക്ഷം അടുത്ത തവണയും ഇത്തരത്തില്‍ കോടികള്‍ സര്‍ക്കാര്‍ തന്നെ തിരിച്ചെടുക്കുന്ന അവസ്ഥയായിരിക്കും ഉണ്ടാക്കുകയെന്ന് കര്‍ഷക പ്രതിരോധ വേദി കണ്‍വീനര്‍ എല്‍.പീതാംബരന്‍ പറയുന്നു.

വളരെ സമര്‍ത്ഥമായ ഈ നീക്കത്തിലൂടെ രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകര്‍ക്ക് വലതു കൈ കൊണ്ട് നല്‍കിയ സമ്മാന്‍ നിധി ഇടത് കൈ കൊണ്ട് മോദി സര്‍ക്കാര്‍ തിരിച്ചെടുത്തിരിക്കയാണെന്ന് അദ്ദേഹം ആരോപിച്ചു.

വര്‍ഷങ്ങളായി ഉപയോഗിക്കാത്ത അക്കൗണ്ടുകളുള്ള ബാങ്കില്‍ എത്തിയ പല കര്‍ഷകരും 2000 രൂപ ബാങ്കുകള്‍ വിഴുങ്ങിയ വിവരമറിഞ്ഞ് നിരാശരായി തിരിച്ചു പോവുകയാണ്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.