പരിയാരം മെഡിക്കല്‍ കോളേജ് കാമ്പസില്‍ നിന്ന് നഷ്ടപ്പെട്ട തുക അന്വേഷിച്ച് കണ്ടെത്തി തിരിച്ച് നല്‍കി സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.ആര്‍.ഷിജു

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസില്‍ നിന്ന് നഷ്ടപ്പെട്ട തുക കണ്ടെത്തി തിരിച്ച് നല്‍കി പോലീസുകാരനായ പി.ആര്‍.ഷിജു.

ഒക്ടോബര്‍ 27 ന് രാത്രിയാണ് സംഭവം ഹൃദയാലയില്‍ ചികിത്സയില്‍ കഴിയുന്ന തന്റെ ബന്ധുവിന് ഹോസ്പിറ്റല്‍ ബില്ലിനായി കൊണ്ടുവന്ന കണിച്ചാര്‍ സ്വദേശിയായ കെ.എസ്.സജിയുടെ 25,000 രൂപയാണ് നഷ്ടപ്പെട്ടത്.

കുറേ നേരത്തെ തെരച്ചിലിനു ശേഷം പണം ലഭിക്കാത്തതിനാല്‍ സജി വീട്ടിലേക്ക് തിരിച്ച് പോകുകയായിരുന്നു.

പണം നഷ്ടപ്പെട്ട സജിയുടെ മനോവിഷമം കണ്ട ബന്ധുക്കള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെത്തി പോലീസ് എയ്ഡ് പോസ്റ്റില്‍ വിവരം പറയുകയായിരുന്നു.

തുടര്‍ന്ന് പോലീസ് എയ്ഡ്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.ആര്‍.ഷിജു ആശുപത്രി കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും സജി വാഹനത്തില്‍ നിന്നിറങ്ങുമ്പോള്‍ അരയില്‍ നിന്ന് പണമടങ്ങിയ കവര്‍ വീഴുന്നതായി കാണുകയും ചെയ്തു.

ഒരു യുവാവ് അത് എടുക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് സി.സി.ടി.വി നിരീക്ഷിച്ച് യുവാവിന്റെ ബന്ധുക്കളെ തിരിച്ചറിയുകയായിരുന്നു.

യുവാവിന്റെ അച്ഛന്‍ ആശുപതിയില്‍ അഡ്മിറ്റായിരുന്നു.

പണം കിട്ടിയ യുവാവ് തളിപ്പറമ്പിലേക്ക് പോയി ബാറില്‍ കയറി മദ്യപിക്കുകയായിരുന്നു.

ഷിജു ബന്ധുക്കളെ ഉപയോഗിച്ച് തന്ത്രപരമായി യുവാവിനെ വിളിച്ചു വരുത്തുകയും പണം വാങ്ങി സജിയുടെ ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തു.

3000 രൂപ ചെലവഴിച്ചത് യുവാവിന്റെ ബന്ധുക്കള്‍ നല്‍കുകയുമായിരുന്നു.

സമയോജിതമായി ഇടപെട്ട് പണം കണ്ടെത്തി തിരികെ നല്‍കിയ പി.ആര്‍.ഷിജുവിനെ പരിയാരം പോലീസ് സ്‌റ്റേഷനിലെ സഹപ്രവര്‍ത്തകരും കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജ് അധികൃതരും അനുമോദിച്ചു.

ബോഡി ബില്‍ഡിംഗില്‍ ഓപ്പണ്‍ വിഭാഗത്തില്‍ 2023 ലെ നാഷണല്‍ ചാമ്പ്യനും, പോലീസിലെ സ്‌റ്റേറ്റ് ചാമ്പ്യനുമായിരുന്നു പി.ആര്‍.ഷിജു.