പോലീസ് സ്‌റ്റേഷന് മുന്നില്‍ തന്നെ പോലീസിന് പണികൊടുത്ത് യൂത്ത് കോണ്‍ഗ്രസ്.
പരിയാരം: പോലീസ് സ്‌റ്റേഷന് മുന്നില്‍ തന്നെ പോലീസിന് പണികൊടുത്ത് യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. പ്രതിഷേധം തടയാനായി കണ്ണിലെണ്ണയൊഴിച്ച് കാത്തുനിന്ന പോലീസിന് ഓര്‍ക്കാപ്പുറത്തേറ്റ അടിയായി ഇത് മാറി.

കഴിഞ്ഞ രണ്ടുദിവസമായി പോലീസും സ്‌പെഷ്യല്‍ബ്രാഞ്ചും എവിടെയൊക്കെയാണ് യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിക്കുക എന്നറിയാതെ ആശങ്കയോടെ ഉറക്കമൊഴിഞ്ഞ് കാത്തുനില്‍ക്കുകയായിരുന്നു.
പ്രധാന നേതാക്കളെ മുന്‍കരുതല്‍ അറസ്റ്റ് ചെയ്തും ഫോണ്‍ ചോര്‍ത്തിയുമൊക്കെ സൃഷ്ടിച്ച പ്രതിരോധം മുഴുവന്‍ പൊളിച്ചാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടെറി സന്ദീപ് പാണപ്പുഴയുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ വെച്ചുതന്നെ എട്ടംഗസംഘം കരിങ്കൊടി വീശിയത്.
പോലീസിന്റെ ശ്രദ്ധ മറ്റുഭാഗങ്ങളിലേക്ക് തിരിച്ചാണ് യൂത്ത് കോണ്‍ഗ്രസ് സമര്‍ത്ഥമായി പ്രതിഷേധം സംഘടിപ്പിച്ചത്.
ഇത് പോലീസോ മറ്റ് അധികൃതരോ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഓര്‍ക്കാപ്പുറത്ത് പോലീസ് സ്‌റ്റേഷന് മുന്നിലായി പ്രവര്‍ത്തകര്‍ എത്തിയ വിവരം പോലും പോലീസിന് അറിയാന്‍ കഴിഞ്ഞില്ല.
യൂത്ത് കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇത് വലിയൊരു മുന്നേറ്റമായി മാറുകയും ചെയ്തു.
ജില്ലാ സെക്രട്ടറി മഹിത മോഹന്‍, രാഹുല്‍ പൂങ്കാവ്, സുധീഷ് വെള്ളച്ചാല്‍, മനോജ് കൈതപ്രം, വിജേഷ് മാട്ടൂല്‍, ജയ്സണ്‍ മാത്യു, സി.വി.വരുണ്‍ എന്നിവരെയാണ് ഇവിടെ പോലീസ് അറസ്റ്റ് ചെയ്തത്.
മുഖ്യമന്ത്രി തിരിച്ചുപോയതിന് ശേഷം മാത്രമേ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിട്ടയക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
