പോലീസ് ഏത് ആപല്‍ഘട്ടത്തിലും ഇന്ന് ജനങ്ങളുടെ ബന്ധുക്കള്‍: മുഖ്യമന്ത്രി.

തളിപ്പറമ്പ്: ജനപക്ഷത്ത് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിച്ച് ജനങ്ങളുടെ ബന്ധുവായി മാറാന്‍ പോലീസിന് സാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മാങ്ങാട്ടുപറമ്പ് കെ.എ.പി.നാലാം ബറ്റാലിയനില്‍ സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മാനവികത ഉയര്‍ത്തിപ്പിടിച്ച് സേവനം നിര്‍വ്വഹിക്കുന്നതില്‍ കേരളാ പോലീസ് ഇന്ന് മറ്റേതൊരു സേനയേക്കാള്‍ മുന്നിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏത് ആപല്‍ഘട്ടങ്ങളിലും ഇടപെട്ട് മുന്നണിയില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വിധത്തില്‍ പോലീസ് സേനയെ സജ്ജമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വയനാട് ദുരന്തമുഖത്ത് മറ്റേത് സേനയെക്കാളും മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ കേരളാ പോലീസിന് കഴിഞ്ഞിട്ടുണ്ടെന്നും, ഇത്തരം ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കാന്‍ സാധ്യതയുള്ള കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഭീഷണി ഉള്ളതിനാല്‍ പോലീസിന്റെ സേവനം ഇനിയും അത്തരം മേഖലകളില്‍ ആവശ്യമായി വരുമെന്നും,

അതിനായി പോലീസ് സേനയെ സജ്ജമാക്കുന്ന വിധത്തിലുള്ള പരിശീലനങ്ങളാണ് പുതുതായി വിഭാവനം ചെയ്ത് വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ഡി.ജി.പി.ഡോ.ഷെയ്ക്ക് ദര്‍വേഷ് സാഹിബ്, എ.ഡി.ജി.പി. എം.ആര്‍.അജിത്കുമാര്‍, ആംഡ് പോലീസ് ഡി.ഐ.ജി ജി.ജയദേവ്, എം.വിജിന്‍ എം.എല്‍.എ, ആന്തൂര്‍ നഗരസഭാ ചെയര്‍മാന്‍ പി മുകുന്ദന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

തളിപ്പറമ്പ്: ഇന്ന് പരിശീലനം പൂര്‍ത്തിയാക്കിയ 314 സേനാംഗങ്ങളില്‍ ഒരു ഗവേഷണ വിദ്യാര്‍ത്ഥിയും 20 ബിരുദാനന്തര ബിരുദധാരികളും രണ്ട് എം.ടെക് കാരും 5 എം.ബി.എ. ബിരുദധാരികളുമുണ്ട്.

31 എഞ്ചിനീയറിംഗ് ബിരുദധാരികളും 154 ബിരുദധാരികളും ഒരു ബി.എഡുകാരനും 75 പ്ലസ് ടു കാരുമുണ്ട്. 25 പേര്‍ ഡിപ്ലോമ /ഐ.ടി ഐ.യോഗ്യതയുള്ളവരുമാണ്.

225 ദിവസമാണ് ഇവര്‍ തീവ്രപരിശീലനം നേടിയത്. 2023 നവംബര്‍ മാസം ആരംഭിച്ച പരിശീലനത്തില്‍ കെ.എ.പി.നാലാം ബറ്റാലിയനിലെ 162 പേരും രണ്ടാം ബറ്റാലിയനിലെ 152 പേരുമാണുള്ളത്.