മലയാളനാട് വാരികയില്‍ നോവലായി പ്രസിദ്ധീകരിക്കപ്പെട്ട കാലത്ത് തന്നെ വായനക്കാരെ ഏറെ ആകര്‍ഷിച്ചതാണ് മലയാറ്റൂരിന്റെ പൊന്നി.
പുസ്തകമായപ്പോഴും ബെസ്റ്റ് സെല്ലറുകളിലൊന്നായിരുന്നു.
നോവലിന്റെ ജനപ്രീതിയാണ് 1976 ല്‍ ഇത് സിനിമയാക്കാന്‍ കാരണം.
നേരത്തെ മലയാറ്റൂരിന്റെ പല രചനകളും ചലച്ചിത്രമാക്കിയിരുന്നു.
1968 ല്‍ പി.ഭാസ്‌ക്കരന്‍ സംവിധാനം ചെയ്ത ലക്ഷപ്രഭു മലയാറ്റൂര്‍ തന്നെ കഥ, തിരക്കഥ, സംഭാഷണം രചിച്ചതാണ്.
അതേ വര്‍ഷം തന്നെ പ്രശസ്ത നോവല്‍ യക്ഷി സിനിമയായി.
തോപ്പില്‍ ഭാസി തിരക്കഥയെഴുതിയ സിനിമ സംവിധാനം ചെയ്തത് കെ.എസ്.സേതുമാധവന്‍.
72 ല്‍ പി.എന്‍.മേനോന്‍ സംവിധാനം ചെയ്ത ചെമ്പരത്തിയുടെ കഥയും മലയാറ്റൂരിന്റെത് തന്നെ. തോപ്പില്‍ഭാസിയാണ് തിരക്കഥ രചിച്ചത്.
73 ല്‍ പി.എന്‍.മേനോന്‍ സംവിധാനം ചെയ്ത ചായം മലയാറ്റൂര്‍ കഥ, തിരക്കഥ, സംഭാഷണം രചിച്ചതാണ്.
അതേ വര്‍ഷം തന്നെ സോമന്റെ ആദ്യത്തെ നായകവേഷം ഗായത്രി, 76 ല്‍ ഹരിഹരന്റെ പഞ്ചമി, 79 ല്‍ സൂപ്പര്‍ഹിറ്റായ ഹരിഹരന്റെ ശരപഞ്ജരം,
82 ല്‍ എം.ഒ.ജോസഫ് മഞ്ഞിലാസിന്റെ ബാനറില്‍ നിര്‍മ്മിച്ച ഒടുക്കം തുടക്കം എന്ന സിനിമ സംവിധാനം ചെയ്തു.
മലയാറ്റൂരിന്റെ തന്നെ തുടക്കം ഒടുക്കം എന്ന പ്രശസ്ത നോവലാണ് ചലച്ചിത്രമായത്.
84 ല്‍ എന്‍.ശങ്കരന്‍നായര്‍ സംവിധാനം ചെയ്ത കല്‍കി, 2013 ല്‍ ശാലിനി ഉഷ നായര്‍ സംവിധാനം ചെയ്ത അകം മലയാറ്റൂരിന്റെ യക്ഷിയെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിച്ചത്.
നാടകകൃത്തും കമ്യൂണിസ്റ്റ് വിപ്ലവകാരിയും മുന്‍ എം.എല്‍.എയുമായ തോപ്പില്‍ഭാസി സംവിധാനം ചെയ്ത 11 സിനിമകളില്‍ കമലഹാസന്‍ നായകനായി വേഷമിട്ട സിനിമയാണ് പൊന്നി.
എം.ജി.സോമന്‍, ലക്ഷ്മി, കെ.പി.എ.സി ലളിത, അടൂര്‍ഭാസി, ബഹദൂര്‍, ശങ്കരാടി, ജനാര്‍ദ്ദനന്‍, ജെ.എ.ആര്‍.ആനന്ദ്, സി.എ.ബാലന്‍, സാം, രാജകുമാരി, പാലാ തങ്കം, മുതുകുളം, പറവൂര്‍ ഭരതന്‍, മണവാളന്‍ ജോസഫ്, പ്രതാപചന്ദ്രന്‍, പഞ്ചാബി, ഇ.മാധവന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.
മഞ്ഞിലാസിന്റെ ബാനറില്‍ എം.ഒ.ജോസഫാണ് സിനിമ നിര്‍മ്മിച്ചത്.
ക്യാമറ-ബാലുമഹേന്ദ്ര, എഡിറ്റര്‍ എം.എസ്.മണി,
കലാസംവിധാനം ഭരതന്‍, പരസ്യം എസ്.എ.നായര്‍,
1976 സെപ്തംബര്‍-3 ന് സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സാണ് സിനിമ പ്രദര്‍ശനത്തിനെത്തിച്ചത്.