പി.ടി.ജോസ് കേരളാ കോണ്‍ഗ്രസ്(എം)വിടുന്നു-

കണ്ണൂര്‍: കേരളാ കോണ്‍ഗ്രസ്(എം) സംസ്ഥാന ജന.സെക്രട്ടറിയും മലബാറിലെ പാര്‍ട്ടിയുടെ പ്രമുഖ നേതാവുമായ പി.ടി.ജോസ്  പാര്‍ട്ടി
വിടുന്നു

കഴിഞ്ഞ 54 വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന പാര്‍ട്ടി ബന്ധവും പാര്‍ട്ടി പദവിയും ഉപേക്ഷിക്കുകയാണെന്ന് അദ്ദേഹം കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു.

പാര്‍ട്ടി സ്ഥാപകനേതാവ് കെ.എം.മാണിയുടെ നിര്യാണത്തിന് ശേഷം ചെയര്‍മാനായ ജോസ്.കെ.മാണി കാണിക്കുന്ന അവഗണനയില്‍ മനം നൊന്താണ് പാര്‍ട്ടി വിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍-9 ന് നടന്ന സംഭവം തന്റെ ഹൃദയത്തില്‍ ഉണങ്ങാത്ത മുറിവേല്‍പ്പിച്ചുവെന്നും അതിന് ശേഷം പാര്‍ട്ടി വേദികളില്‍ ഒന്നിലും പങ്കെടുത്തിട്ടില്ലെന്നും പി.ടി.ജോസ് പറഞ്ഞു.

ജോസ് കെ.മാണി പാര്‍ട്ടി ചെയര്‍മാനായതിന് ശേഷം മലബാര്‍ മേഖലയില്‍ പാര്‍ട്ടിയെ പൂര്‍ണമായി അവഗണിക്കുകയാണെന്നും ഒരു കൂട്ടം സ്തുതിപാഠകര്‍ മാത്രമേ ഇപ്പോള്‍ മലബാര്‍ മേഖലയില്‍ പാര്‍ട്ടിക്ക് ഉള്ളൂവെന്നും പി.ടി.ജോസ് കുറ്റപ്പെടുത്തി.

കഴിഞ്ഞ പെബ്രുവരി നാലിന് മന്ത്രി റോഷി അഗസ്റ്റിന്‍ പങ്കെടുത്ത കരുവഞ്ചാലിലെ ജില്ലാ കമ്മറ്റി യോഗത്തിലും ഇന്നലെ നടന്ന നേതൃയോഗത്തിലും ജോസ് പങ്കെടുത്തിട്ടില്ല.

മലബാറില്‍ കേരളാ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ഏറ്റവും തലയെടുപ്പുള്ള നേതാവാണ് പി.ടി.ജോസ്.

1977 ല്‍ തളിപ്പറമ്പില്‍ മല്‍സരിച്ചതിന് ശേഷം മൂന്ന് തവണ പേരാമ്പ്രയില്‍ നിന്നും നിയമസഭയിലേക്ക് മല്‍സരിച്ചു.

നാലുതവണയും പരാജയപ്പെട്ടുവെങ്കിലും സീനിയറായ നേതാവെന്ന നിലയില്‍ അര്‍ഹതപ്പെട്ട അംഗീകാരങ്ങളൊന്നും ലഭിച്ചില്ല.

കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ പദവി ലഭിച്ചതല്ലാതെ മറ്റൊരു അംഗീകാരവും ലഭിച്ചില്ല.

പാര്‍ട്ടി വിടുകയാണെങ്കിലും മറ്റൊരു പാര്‍ട്ടിയിലേക്കും പോകാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ലെന്നും, സാമൂഹ്യപ്രവര്‍ത്തനരംഗങ്ങളില്‍

സജീവമായി തുടരുമെന്നും കഴിഞ്ഞ 27 വര്‍ഷമായി സംസ്ഥാന ജന.സെക്രട്ടറിയായി തുടരുന്ന അദ്ദേഹം പ്രതികരിച്ചു.