ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും—പി.ടി.തോമസിന്റെ മൃതദേഹം രവിപുരം ശ്മശാനത്തില്‍ സംസ്‌ക്കരിക്കും-

കൊച്ചി: സമാനതകളില്ലാത്ത ആദര്‍ശങ്ങള്‍ മരണത്തിലും പാലിച്ച് പി.ടി.തോമസ് ഓര്‍മ്മയാവും.

അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി.ടി.തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്തു.

സംസ്‌കാരത്തിന് മതപരമായ ചടങ്ങുകള്‍വേണ്ടെന്നാണ് അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം.

നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശശുദ്ധിയുള്ള രാഷ്ട്രീയ നേതാവായ പി.ടി.തോമസിന്റെ അന്ത്യയാത്രയും സമാനതകളില്ലാത്ത രീതിയിലാകും.

രവിപുരം ശ്മശാനത്തില്‍ ദഹിപ്പിക്കണം, മൃതദേഹത്തില്‍ റീത്തുകളോ മറ്റു ആഡംബരങ്ങളോ വെക്കരുത്, സംസ്‌കാര സമയത്ത് ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും..’ എന്ന വയലാര്‍ രചിച്ച് ദേവരാജന്‍ ഈണം പകര്‍ന്ന കൊട്ടാരം വില്‍ക്കാനുണ്ട് എന്ന ചിത്രത്തിലെ ഗാനം ചെറിയ ശബ്ദത്തില്‍ കേള്‍പ്പിക്കണം തുടങ്ങിയ അന്ത്യഭിലാഷങ്ങളാണ് പി.ടി. തോമസിനുള്ളത്.

സുഹൃത്തുക്കളെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരുന്നത്. ചിതാഭസ്മത്തിന്റെ ഒരുഭാഗം ഉപ്പുതോട് പള്ളിയിലെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണമെന്നും അന്ത്യാഭിലാഷമാണ്. ഉറ്റസുഹൃത്തായ ഡിജോ കാപ്പനാണ് ഇക്കാര്യം അറിയിച്ചത്.