പൊതുറോഡ് കച്ചവടത്തിന് വിട്ടുനല്‍കുന്നതിന്റെ അഖില കേരളതല ഉദ്ഘാടനം തളിപ്പറമ്പില്‍ ?

 തളിപ്പറമ്പ്: റോഡ് പൂര്‍ണമായി തെരുവ് കച്ചവടക്കാര്‍ക്ക് വിട്ടുനല്‍കല്‍ പ്രഖ്യാപനത്തിന്റെ സംസ്ഥാനതല
ഉദ്ഘാടനം ഇനി തളിപ്പറമ്പില്‍ നടത്തിയാല്‍ മാത്രം മതി.

താലൂക്ക് വികസനസമിതി യോഗത്തില്‍ എം.എല്‍.എയെ പങ്കെടുപ്പിച്ച് യോഗം നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ പറയാന്‍ തുടങ്ങിയിട്ട് തന്നെ മാസം മൂന്നായെങ്കിലും ഒന്നും സംഭവിച്ചിട്ടില്ല.

ഇതിനിടയില്‍ എം.എല്‍.എ പലതവണ തളിപ്പറമ്പില്‍ വന്നുപോകുകയും ചെയ്തു.

കാല്‍നടയാത്രക്കാര്‍ക്ക് പോലും ബുദ്ധിമുട്ട് സൃഷ്ടിച്ചുകൊണ്ടാണ് വീണ്ടും കച്ചവടം റോഡിലേക്ക് ഇറങ്ങിയിരിക്കുന്നത്.

നഗരസഭയോ പോലീസോ റവന്യൂ അധികൃതരോ ഒന്നും കണ്ടില്ലെന്ന് നടിക്കുകയാണ്.

അനധികൃത കയ്യേറ്റം ഒഴിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ആര്‍.ഡി.ഒ ഇപ്പോള്‍ അത് ഉപേക്ഷിച്ച നിലയിലാണ്.

തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗത്തില്‍ ഈ വിഷയം വര്‍ഷങ്ങളായി ഉയര്‍ന്നുവരികയാണെങ്കിലും ഓരോ യോഗത്തിലും എം.എല്‍.എയെ പങ്കെടുപ്പിച്ച് യോഗംചേരാം
എന്ന് പറഞ്ഞ് അധികൃതര്‍ തലയൂരുകയാണ്.

രണ്ട് കോടിയോളം രൂപ ചെലവഴിച്ച് തീര്‍ത്ഥാടക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മെക്കാഡം ടാറിംഗ് നടത്തിയ റോഡ് ഇപ്പോള്‍ ചരക്കുലോറികള്‍ക്കും അനധികൃത കച്ചവടക്കാര്‍ക്കും തീറെഴുതിക്കൊടുത്ത നിലയിലാണ്.

രാഷ്ട്രീയപാര്‍ട്ടികളും അധികൃതരും ഒരുപോലെ കണ്ണും കാതും വായും അടക്കാന്‍ മല്‍സരിക്കുമ്പോള്‍ റോഡില്‍ കച്ചവടം കൊഴുക്കുന്നു.

മെയിന്‍ റോഡ് പ്രതിദിനം 1000മുതല്‍ 2000 രൂപക്ക് വരെ വാടകക്ക് നല്‍കുന്നവരും ഇക്കൂട്ടത്തിലുണ്ട്.

അതേ അവസരം ഒരു പ്രശ്‌നവുമില്ലാത്ത തളിപ്പറമ്പ് ഗവ.ആശുപത്രി പരിസരത്ത് നാല് ലോട്ടറി കച്ചവടക്കാരെ പറപ്പിച്ചുവിട്ടതില്‍ ആഹ്ലാ
ദിക്കുകയാണ് തളിപ്പറമ്പ് നഗരസഭ.