ബ്രിട്ടാസ് ആന്റ് ബേബി- പുലിക്കുരുമ്പ-പുറഞ്ഞാണ്‍ റോഡിന് ഒടുവില്‍ ശാപമോക്ഷം –

അനുവദിച്ചത് 5 കോടി രൂപ

നടുവില്‍: കണ്ണൂര്‍ ജില്ലയിലെ നടുവില്‍ ഗ്രാമ പഞ്ചായത്തിലെ പുലിക്കുരുമ്പ-പുറഞ്ഞാണ്‍ റോഡ് വീതികൂട്ടി മെക്കാഡം ടാറിംഗ് നടത്തുക എന്ന ജനങ്ങളുടെ ദീര്‍ഘകാല ആവശ്യം ഒടുവില്‍ സാക്ഷാത്കരിക്കപ്പെടുന്നു.

രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസിന്റെ പ്രത്യേക ശുപാര്‍ശപ്രകാരം നബാര്‍ഡും പൊതുമരാമത്ത് വകുപ്പും ചേര്‍ന്ന് ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ റോഡ് നവീകരിക്കുന്നത്.

അഞ്ച് കോടി രൂപ മുടക്കി മെക്കാഡം ടാറിങ്ങോടെയാണ് ഈ പാത വീതികൂട്ടി വികസിപ്പിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് വെള്ളിയാഴ്ച പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കി.

നേരത്തെ നബാര്‍ഡിന്റെയും ധനവകുപ്പിന്റെയും അനുമതി ഈ പ്രവൃത്തിക്ക് ലഭിച്ചിരുന്നു.

ദീര്‍ഘകാലമായി ശോചനീയാവസ്ഥയിലായിരുന്ന ഈ റോഡിന്റെ ദുരവസ്ഥ നടുവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളില്‍ ജോണ്‍ ബ്രിട്ടാസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും

തുടര്‍ന്ന് അദ്ദേഹം പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ് റിയാസുമായും ധനവകുപ്പുമായും നബാര്‍ഡുമായും ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് ഈ വര്‍ഷത്തെ നബാര്‍ഡ് പദ്ധതി വിഹിതത്തില്‍ തന്നെ ഈ പ്രവൃത്തി ഉള്‍പ്പെടുത്തുന്നതിന് അംഗീകാരം ലഭിച്ചത്.

ഈ പദ്ധതിയുടെ സാക്ഷാത്കാരത്തിനായി പരിശ്രമിച്ച ജോണ്‍ ബ്രിട്ടാസ് എംപിയെയും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനേയും നടുവില്‍ ഗ്രാമപഞ്ചായത്ത് അഭിനന്ദിച്ചു.