മുക്കുപണ്ടപണയതട്ടിപ്പ്-കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്ന് പോലീസ്-ചിലര്‍ മാപ്പുസാക്ഷികളായേക്കും

തളിപ്പറമ്പ്: വിവാദമായ പഞ്ചാബ് നാഷണല്‍ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പ് കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.

തൃച്ചംബരത്തെ വാണിയം വളപ്പില്‍ വി.വി.രാജേന്ദ്രന്‍(62), തളിപ്പറമ്പിലെ കുഞ്ഞിപ്പുരയില്‍ വീട്ടില്‍ കെ.പി.വസന്തരാജ്(45) എന്നിവരാണ് അറസ്റ്റിലായത്.

വസന്തരാജ് എഴ് ലക്ഷം രൂപയുടെയും രാജേന്ദ്രന്‍ 10,40,000 രൂപയുടെയും ഇടപാടുകളാണ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ആഗസ്ത് അഞ്ചിനാണ് അരക്കോടിയോളം രൂപയുടെ തട്ടിപ്പ് പുറത്തായത്.

ഈ കേസില്‍ ബാങ്കിലെ അപ്രൈസര്‍ ടി.വി.രമേശന്‍ ആഗസ്ത് എട്ടിന് ആത്മഹത്യ ചെയ്തിരുന്നു.

തളിപ്പറമ്പ് എസ് ഐ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ 17 പേരെയാണ് ചോദ്യം ചെയ്തിരുന്നത്.

മുക്കുപണ്ടം നിര്‍മ്മിക്കാനും അപ്രൈസറെ സ്വാധീനിച്ച് പണയം വെക്കാനും എല്ലാ തന്ത്രങ്ങളും മെനഞ്ഞത് അറസ്റ്റിലായ രണ്ടുപേരാണെന്ന് പോലീസ് പറഞ്ഞു.

ബാക്കിയുള്ള 15 പ്രതികളുടെ കാര്യത്തില്‍ എന്തുവേണമെന്ന് പോലീസ് തീരുമാനിച്ചിട്ടില്ല. ഇവരെ വീണ്ടും ചോദ്യംചെയ്ത്

പണയതട്ടിപ്പിലുള്ള പങ്ക് വ്യക്തമായ ശേഷം അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് നല്‍കുന്ന വിവരം.

ചിലരെ കേസില്‍ മാപ്പുസാക്ഷികളാക്കാനും ഇടയുണ്ട്. അറസ്റ്റിലായ രണ്ടുപേര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.