പി.വി.വിനോദ് കണ്ണൂര്‍ ജില്ലയിലെ മികച്ച വില്ലേജ്ഓഫീസര്‍

 

പരിയാരം: റവന്യൂവകുപ്പിന്റെ മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള അവാര്‍ഡ് പരിയാരം വില്ലേജ് ഓഫീസര്‍ പി.വി.വിനോദിന്.

റവന്യൂമന്ത്രി കെ.രാജനാണ് തിരുവനന്തപുരത്ത് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

പരിയാരം അവുങ്ങുംപൊയിലില്‍ ഏറ്റെടുത്ത മിച്ചഭൂമിയില്‍ വീടുവെച്ച് താമസിക്കുകയായിരുന്ന 13 കുടുംബങ്ങള്‍ക്ക് 35 വര്‍ഷത്തിനുശേഷം ലാന്‍ഡ് ബോര്‍ഡ് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഭൂമിപതിച്ചു കൊടുക്കാന്‍ തീരുമാനമായപ്പോള്‍  പ്രസ്തുത പ്രവര്‍ത്തി ത്വരിതപ്പെടുത്തി അവര്‍ക്ക് വീടും കിടപ്പാടവും പതിച്ചു നല്‍കി.

പരിയാരം വില്ലേജ് നരിമടയിലും സമാനമായ രീതിയില്‍ 13 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാനുള്ള പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

പരിയാരം കുണ്ടപ്പാറയില്‍ 1990 കളില്‍ ഭൂമി പതിച്ചു കിട്ടിയെങ്കിലും ഭൂമി അളന്നു ലഭിക്കാത്ത 86 കുടുംബങ്ങള്‍ക്ക് ഭൂമി കണ്ടെത്തി നല്‍കി.

കൂടാതെ കഴിഞ്ഞ മഴക്കാലത്ത് ദേശീയപാത വികസനത്തിന്റെ പേരില്‍ കുപ്പം കപ്പണത്തട്ട് ഭാഗങ്ങളില്‍ പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാനും അവരുടെ പ്രയാസങ്ങള്‍ ദൂരീകരിക്കാനും ആവശ്യമായ നടപടികള്‍ക്ക് നേതൃത്വം കൊടുത്തതുമാണ് വിനോദിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

അനധികൃത ഖനനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാറിലേക്ക് പിഴ അടപ്പിക്കാനും സാധിച്ചതും പരിഗണിക്കപ്പെട്ടു.

കുറുമാത്തൂര്‍ ചൊറുക്കള സ്വദേശിയായ വിനോദ് എന്‍.ജി.ഒ അസോസിയേഷന്‍ കണ്ണൂര്‍ ജില്ല വൈസ് പ്രസിഡന്റുമാണ്.