ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യൂ പോലീസ് മേധാവിക്ക് പരാതി നല്‍കൂ.

തളിപ്പറമ്പ്: പോലീസ് മേധാവിക്ക് നിന്ന നില്‍പ്പില്‍ പരാതി നല്‍കാന്‍ ഇനി ക്യൂ.ആര്‍ കോഡും.

കേരളത്തില്‍ ആദ്യമായി ക്യു.ആര്‍ കോഡ് വഴി ജില്ലാ പോലീസ് മേധാവിക്ക് പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാനുള്ള സംവിധാനം കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലയില്‍ നിലവില്‍വന്നു.

പോലീസ് സ്റ്റേഷനുകളില്‍ നല്‍കിയ പരാതികളില്‍ അന്വേഷണം തൃപ്തികരമല്ലെങ്കിലോ, പോലീസ് ഉദ്യോഗസ്ഥരുടെ സമീപനത്തില്‍ പരാതികള്‍ ഉണ്ടെങ്കിലോ സ്റ്റേഷനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് മൊബൈല്‍ ഫോണില്‍ സ്‌കാന്‍ ചെയ്ത് പരാതിക്കാര്‍ക്ക് നേരിട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കാം.

ഇത് പോലീസ് ആസ്ഥാനത്തെ ഐ.ടി വിഭാഗം വഴി ജില്ലാ പോലീസ് മേധാവിക്ക് ലഭിക്കും.

റൂറല്‍ പോലീസ് ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനിലും ഈ സമ്പ്രദായം ഏര്‍പ്പെടുത്തുന്നതിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ ജില്ലാ പോലീസ്മേധാവി എം.ഹേമലത തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ നിര്‍വ്വഹിച്ചു.

റൂറല്‍ ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലും ഇത് നിലവില്‍ വരുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. ശ്രീകണ്ഠാപരും എസ്.എച്ച്.ഒ രാജേഷ് മാരംഗലത്ത്, തളിപ്പരമ്പ് എസ്.ഐ പി.യദുകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.