രഹസ്യം പുറത്തായിട്ട് 55 വര്‍ഷം.
കെ.പി.കൊട്ടാരക്കര കഥ, തിരക്കഥ, സംഭാഷണം എഴുതി ഗണേഷ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച സിനിമയാണ് രഹസ്യം.

1969 മാര്‍ച്ച് 20 ന് 55 വര്‍ഷം മുമ്പ് ഇതേ ദിവസമാണ് സിനിമ റിലീസ് ചെയ്തത്.
ശശികുമാര്‍ സംവിധാനം ചെയ്ത ഈ സിനിമയില്‍ പ്രേംനസീര്‍, കെ.പി.ഉമ്മര്‍, അടൂര്‍ഭാസി, ജയഭാരതി, ഷീല, ജോസ് പ്രകാശ്, പറ.വൂര്‍ ഭരതന്‍, എന്‍.ഗോവിന്ദന്‍കുട്ടി, ഫ്രണ്ട്‌സ് രാമസ്വാമി, മീന, പി.ആര്‍.മേനോന്‍, കുട്ടന്‍ പിള്ള, വഞ്ചിയൂര്‍ രാധ, സി.ആര്‍.ലക്ഷ്മി എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്.
വിമലാ ഫിലിംസാണ് വിതരണക്കാര്‍.
പി.ബി.മണി ക്യാമറയും ടി.ആര്‍.ശ്രീനിവാസലു ചിത്രസംയോജനവും ആര്‍.ബി.എസ്.മണി കലാസംവിധാനവും നിര്‍വ്വഹിച്ചു. പരസ്യം-എസ്.എ.നായര്‍.
ശ്രീകുമാരന്‍തമ്പിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് ബി.എ.ചിദംബരനാഥ്.
കഥാസംഗ്രഹം-
സുപ്രസിദ്ധമായ ശ്രീവിലാസം കുടുംബത്തിലെ ഏക അവകാശി ബാബു വളരെ വര്‍ഷത്തെ വിദേശവാസം കഴിഞ്ഞു നാട്ടില്‍ മടങ്ങിയെത്തി. ഒരു ദിവസം ബാബു സഞ്ചരിച്ചിരുന്ന കാര്‍ ഒരു സംഘം ആക്രമിച്ചു. പക്ഷെ അവിടെ വന്നെത്തിയ ഒരു തൊഴിലാളി സ്ത്രീ ബാബുവിനെ അക്രമികളില്‍നിന്നും രക്ഷിച്ചു. അമ്മിണിയെന്നായിരുന്നു ഇവരുടെ പേര്. എല്ലുമുറിയെ പണിയെടുത്തു മാനമായി കഴിയണമെന്ന്് ആഗ്രഹമുള്ള അമ്മ കല്യാണിയും, അമ്മയും മകളും ചേര്‍ന്ന് അദ്ധ്വാനിക്കുന്നതിന്റെ പങ്കുപറ്റി, വഴക്കും വക്കാണവുമായി നടക്കുന്ന സഹോദരന്‍ ദാമുവുമാണ്് അമ്മിണിയുടെ വീട്ടിലെ അംഗങ്ങള്‍.
നാട്ടിലെത്തിയ ബാബു കണ്ടത് നാഥനില്ലാക്കളരിപോലെ കിടക്കുന്ന തന്റെ വീടും അവിടെ നടമാടുന്ന സ്ത്രീ പ്രതാപവുമാണ്. ഇളയമ്മയായ മിസ്സിസ് ശ്യാമളാ തമ്പി രാജവാഴ്ച നടത്തുന്നിടത്ത്് അവരുടെ മകള്‍ സുലോചന തന്നിഷ്ടക്കാരിയായി വിലസി. വേള്‍ഡ് കള്‍ച്ചറല്‍ സെന്ററിന്റെ സ്ഥാപക പ്രവര്‍ത്തകനായ പ്രസാദ് എന്ന ഒരു ചെറുപ്പക്കാരനുമായി സുലോചന പ്രണയബന്ധത്തിലായി. സുലോചനക്കു വിദേശത്തുനിന്നും സമ്മാനങ്ങളുമായി വന്ന ബാബുവില്‍ സുലോചനയുടെ പ്രണയവാര്‍ത്ത പ്രത്യേകിച്ചു ചലനങ്ങള്‍ ഒന്നും സൃഷ്ടിച്ചില്ല. എങ്കിലും പ്രസാദിനെ അടുത്തറിഞ്ഞപ്പോള്‍ അയാള്‍ ഒരു തട്ടിപ്പുകമ്പനിക്കാരനാണെന്നു കാര്യ കാരണസഹിതം വിശദീകരിച്ചിട്ടും സുലോചന അവനുമായുള്ള ബന്ധം വിടര്‍ത്തുന്നതില്‍ വൈമുഖ്യം കാണിച്ചപ്പോള്‍ ബാബുവിനു് അവളോടു വെറുപ്പു തോന്നി.
ഇതിനിടയില്‍ അമ്മിണിയെ ബാബു പലപ്രാവശ്യം കണ്ടുമുട്ടി. അവര്‍ പ്രേമബദ്ധരാകുകയും ചെയ്തു. ശ്രീവിലാസത്തെ ഡ്രൈവര്‍ ശങ്കരന്‍ മുഖേന ഇളയമ്മ ഇതറിഞ്ഞു. തറവാടിന്റെ അന്തസ്സിനെച്ചൊല്ലി അവര്‍ ബാബുവിനോട് കയര്‍ത്തു. ശ്രീവിലാസത്ത് കയറുന്നതുപോലും ബാബു വെറുത്തു തുടങ്ങി. ആ വീട്ടില്‍ എന്തോ അജ്ഞാതമായ ചില സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നു സംശയം ജനിച്ച ബാബു വീട്ടുകാരില്‍ പലരേയും ചോദ്യം ചെയ്തു. ഒരു ദിവസം ഇളയമ്മയും സുലോചനയുടെ ഡാന്‍സ് മാസ്റ്ററും തമ്മിലുള്ള അനാശാസ്യ ബന്ധത്തെപ്പറ്റി ബാബു അറിയുവാനിടയായി. തന്റെ രഹസ്യം- ജീവിതത്തിലെ മഹാരഹസ്യം – വെളിപ്പെട്ടു പോകുമോ എന്നു ഭയന്ന ശ്യാമളാ തമ്പി ബാബുവിനെ കൊന്നുകളയുവാന്‍ തന്നെ തീരുമാനിച്ചു. അതിനായി തന്റെ വിശ്വസ്തരായ രണ്ടാളുകളെ നിയോഗിക്കുകയും ചെയ്തു. ബാബു വധിക്കപ്പെട്ടതായി അവര്‍ ആശ്വസിച്ചു.
പക്ഷെ ബാബു മരണമടഞ്ഞിരുന്നില്ല. തന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട ബാബുവിനെക്കണ്ട് അതവന്റെ പ്രേതമാണെന്നു വിശ്വസിച്ചുവശായ ശ്യാമളാ തമ്പി ഭയചകിതയായി. തന്റെ സഹോദരനും മദ്യപാനിയുമായ വിക്രമനുമായി ശ്യാമളാ തമ്പി പ്രേതബാധയെക്കുറിച്ചു സംസാരിച്ചു. ആര്‍ക്കെന്തു സംഭവിച്ചാലും തരക്കേടില്ല, തനിക്കു ആവോളം കുടിക്കുവാനുള്ള സൗകര്യം വേണമെന്നും കമ്പനി ചേര്‍ന്നു രസിക്കണമെന്നുമല്ലാതെ വിക്രമനു മറ്റാഗ്രഹങ്ങള്‍ ഒന്നുമില്ല.
പ്രസാദിന്റെ കള്ളത്തരങ്ങള്‍ വെളിയില്‍ കൊണ്ടുവരുവാനായി പ്രവര്‍ത്തിച്ചു പോന്ന ബാബു, തൊണ്ടിസഹിതം അവനെപ്പിടിച്ചു പോലീസില്‍ ഏല്‍പ്പിച്ചു. ബാബു ജീവിച്ചിരിക്കുന്നുവെന്ന്് തുടര്‍ന്നുനടന്ന സംഭവഗതികളില്‍നിന്നും മനസ്സിലാക്കിയ ശ്യാമളാ തമ്പി കുറ്റങ്ങള്‍ ഏറ്റു പറഞ്ഞു. ബാബു തന്റെ പ്രണയിനിയായ അമ്മിണിയെ വിവാഹം ചെയ്ത് ശ്രീവിലാസത്തില്‍ താമസമാക്കുന്നതോടെ രഹസ്യത്തിന് തിരശീല വീഴുന്നു.
