കുട എടുക്കണോ വേണ്ടയോ ആപ്പ് പറയും, തത്സമയ കാലാവസ്ഥ അറിയിപ്പുമായി കേരളത്തിന്റെ സ്വന്തം മൊബൈല്‍ ആപ്പ്

തിരുവനന്തപുരം: കാലാവസ്ഥയുടെ കാര്യം പറയാനാകാത്ത സ്ഥിതിയാണിപ്പോള്‍, നല്ല വെയില്‍ പൊടുന്നനെ മാറി മഴ പെയ്യാം മഴക്കാലത്ത് അപ്രതീക്ഷിതമായി അതിതീവ്രമഴ പെയ്യാം, കാലാവസ്ഥയെ കുറിച്ച് സംസാരിക്കാതെ ഒരു ദിവസം മുന്നോട്ട് പോകാത്ത നിലയിലെത്തി കേരളം.

അതുകൊണ്ടുതന്നെ യാത്രയ്ക്കിറങ്ങുമ്പോള്‍ വെയിലായലും മഴയായാലും കുടയും വെള്ളവുമൊക്കെ എടുക്കുന്ന സ്ഥിതിയിലായി.

എവിടെയെങ്കിലും പോകണമെങ്കില്‍ അവിടെ മഴയായിരിക്കുമോ എങ്ങനെയാകും കാലാവസ്ഥ എന്നൊന്നും ഉറപ്പിച്ചു പറയാന്‍ പഴയകാല അനുഭവങ്ങള്‍ മാത്രം പോര എന്ന സ്ഥിതിയിലായിരിക്കുന്നു കാര്യങ്ങള്‍ അത്തരം ബദ്ധപ്പാടുകള്‍ക്ക് പരിഹാരമാകുന്നു.

ഒരു പുതിയ സ്ഥലം സന്ദര്‍ശിക്കുമ്പോള്‍ കാലാവസ്ഥ എങ്ങനെ മാറുമെന്ന് പരിശോധിക്കണോ? എങ്കില്‍ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് അതത് സമയത്തെ ഉള്‍ക്കാഴ്ച നല്‍കുന്ന ഒരു പുതിയ കാലാവസ്ഥാ ആപ്ലിക്കേഷന്‍ (weather application) കേരളത്തില്‍ വരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് (Institute for Climate Change studies ) പുറത്തിറക്കുന്ന പുതിയ മൊബൈല്‍ ആപ്പ് (mobile app), തീവ്രമായ മഴയ്ക്കും മണ്ണിടിച്ചില്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കാന്‍ ശേഷിയുള്ളതാണ്.

ദുരന്തനിവാരണ തയ്യാറെടുപ്പ് മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി, കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്‍വയോണ്‍മെന്റിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് ഈ ആപ്ലിക്കേഷന്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു.

കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനാണ് ഈ ആപ്പ് വികസിപ്പിച്ചെടുത്തത്.

മഴയുമായി ബന്ധപ്പെട്ട ദുരന്തങ്ങള്‍ക്കുള്ള പ്രധാനകാരണങ്ങളിലൊന്നായ നിര്‍ദ്ദിഷ്ട സ്ഥലത്ത് പെയ്ത സഞ്ചിത മഴയെ (cumulative rainfall) അടിസ്ഥാനമാക്കിയായിരിക്കും ആപ്പ് മുന്നറിയിപ്പ് നല്‍കുക.

അതിതീവ്ര മഴയുടെ കൃത്യമായ പ്രാദേശിക പ്രവചനം വളരെക്കാലമായി വെല്ലുവിളിയാണ്. സമയബന്ധിതവും പ്രാദേശികവുമായ മുന്നറിയിപ്പുകള്‍ നല്‍കുന്നതിന് ഭൂമിയില്‍ നിന്ന് ശേഖരിക്കുന്ന മഴയളവുകള്‍ വച്ചുള്ള നിരീക്ഷണങ്ങളും ഉപഗ്രഹ ഡാറ്റയും സംയോജിപ്പിച്ച് ആ വിടവ് നികത്തുക എന്നതാണ് പുതിയ ആപ്ലിക്കേഷന്‍ ലക്ഷ്യമിടുന്നത്.

‘വയനാട്ടിലെ വന്‍തോതിലുള്ള മണ്ണിടിച്ചിലിന് മുമ്പ്, ഈ പ്രദേശത്ത് നിരവധി ദിവസങ്ങളില്‍ അതിശക്തമായ മഴ ഉണ്ടായിരുന്നു.

അത്തരം ദുരന്തങ്ങള്‍ക്ക് കാരണമാകുന്നത് മഴയുടെ സഞ്ചിത ഫലമാണ്.

ഒരു പ്രത്യേക പ്രദേശത്തെ വര്‍ദ്ധിച്ചുവരുന്ന മഴയെ അടിസ്ഥാനമാക്കി മുന്‍കൂര്‍ മുന്നറിയിപ്പുകള്‍ നല്‍കുന്നതിന് പ്രാദേശിക നിരീക്ഷണാലയങ്ങളില്‍ നിന്നുള്ള 15 ദിവസത്തെ മഴ ഡാറ്റ ഞങ്ങളുടെ ആപ്പ് ഉപയോഗിക്കും.

ഇത് മഴക്കാല പ്രതിസന്ധികളെ നേരിടുന്നതിനായി പൊതുജനങ്ങള്‍ക്ക് തയ്യാറെടുക്കാന്‍ വളരെയധികം സഹായകമാകും,’ ഐസിസിഎസ് ഡയറക്ടര്‍ ഡോ. കെ. രാജേന്ദ്രന്‍ പറഞ്ഞു.

നിലവില്‍, ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (IMD) 24 മണിക്കൂര്‍ മഴയെക്കുറിച്ചുള്ള അപ്ഡേറ്റുകളും ഹ്രസ്വകാല പ്രവചനങ്ങളും നല്‍കുന്നു.

എന്നാല്‍, പുതിയ ആപ്പ് കേരളത്തില്‍ പതിവായി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും പ്രധാന കാരണങ്ങളിലൊന്നായ സഞ്ചിത മഴയെക്കുറിച്ചുള്ള അതത് സമയത്തുള്ള വിവരങ്ങള്‍ നല്‍കും.

ഐഎംഡി ഡാറ്റ പ്രകാരം, 2001 നും 2018 നും ഇടയില്‍ കേരളത്തില്‍ 222 കനത്ത മഴ രേഖപ്പെടുത്തി. ഇതില്‍ 32 അതിതീവ്ര മഴ സംഭവങ്ങള്‍ ഉള്‍പ്പെടുന്നു. ഇതില്‍ ദിവസേനയുള്ള മഴ 204.4 മില്ലിമീറ്റര്‍ കവിഞ്ഞു. ഐഐടി മദ്രാസ്, ഐഐടി പാലക്കാട്, പര്‍ദ്യൂ സര്‍വകലാശാല എന്നിവയുമായി സഹകരിച്ച് ഐസിസിഎസ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത ‘നൗകാസ്റ്റിങ്’ (nowcasting) സാങ്കേതികതയും പുതിയ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടും. പിഎല്‍ഒഎസ് ക്ലൈമറ്റില്‍ (പബ്ലിക് ലൈബ്രറി ഓഫ് സയന്‍സ്) പ്രസിദ്ധീകരിച്ച ഈ രീതി, മേഘത്തുള്ളികളുടെ വലുപ്പവും താപനിലയും പോലുള്ളവ വിശകലനം ചെയ്ത്, ആറ് മണിക്കൂര്‍ മുമ്പ് 93 ശതമാനം കൃത്യതയോടെ തീവ്ര മഴ സാധ്യത പ്രവചിക്കുന്നതിന് സഹായിക്കുന്നു.

‘പരമ്പരാഗത പ്രവചനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഞങ്ങളുടെ സമീപനത്തിന് 93%-ത്തിലധികം കൃത്യതയോടെയും കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും മുന്‍കൂട്ടിയും പ്രവചിക്കാന്‍ കഴിയും.

ഇത് ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായകമാകും, പ്രത്യേകിച്ച് പശ്ചിമഘട്ടം പോലുള്ള പ്രദേശങ്ങളില്‍,’ കെഎസ്സിഎസ്ടിഇ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ കെ പി സുധീര്‍ പറഞ്ഞു.

ഡാറ്റ പങ്കിടലിനായി ഐഎംഡിയുമായി ധാരണാപത്രത്തില്‍ ഏര്‍പ്പെടാന്‍ ഐസിസിഎസ് പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ കേരളത്തില്‍ കനത്ത മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മണ്‍സൂണ്‍ ആരംഭിക്കുന്നതിന് മുമ്പ് ആപ്പ് പുറത്തിറക്കാന്‍ ആദ്യം പദ്ധതിയിട്ടിരുന്നെങ്കിലും, ആപ്പ് പൂര്‍ണ്ണമായും സജ്ജമാകാത്തതിനാല്‍ സമയം നീട്ടി.

‘കെഎസ്യുഎം ഇതിനായി 70 ദിവസത്തെ സമയം കൂടി ആവശ്യപ്പെട്ടിട്ടുണ്ട്, സെപ്റ്റംബറിന് മുമ്പ് ഇത് പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാക്കാനാണ് പദ്ധതി.

വിവിധ വകുപ്പുകളും സ്വകാര്യ ഏജന്‍സികളും പോലും കൈകാര്യം ചെയ്യുന്ന ലഭ്യമായ എല്ലാ മഴ ഡാറ്റയും സംയോജിപ്പിക്കുന്ന ഒരു പ്ലാറ്റ്ഫോമായി ഈ ആപ്ലിക്കേഷനെ മാറ്റാനും ഞങ്ങള്‍ ആലോചിക്കുന്നു,’