ഒറിജിനല്‍ റിലീസീവുന്നതിന് മുമ്പ് പകര്‍പ്പ് പുറത്തിറങ്ങി-രാസലീല@48.

കമലഹാസനും ശ്രീവിദ്യയും നായികാനായകന്‍മാരായി അഭിനയിച്ച് 1976 ല്‍ റിലീസ് ചെയ്ത തമിഴ് ചിത്രമാണ് ഉണര്‍ച്ചികള്‍.

ആര്‍.സി.ശക്തി കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത ഈ ചിത്രം ഷൂട്ടിംഗിനിടയില്‍ തന്നെ മലയാളത്തിലേക്ക് റീമേക്ക് ചെയ്യാന്‍ അന്നത്തെ പ്രമുഖ സംവിധായകനായ എന്‍.ശങ്കരന്‍നായര്‍ക്ക് അനുമതി നല്‍കി.

ശങ്കരന്‍നായര്‍ അന്ന് ശക്തിയുടെ സഹായിയായി തിരക്കഥാ രചനയില്‍ സഹകരിച്ചിരുന്നു.

കമലഹാസനാണ് ഈ ചിത്രത്തിന്റെ കഥ ആര്‍.സി.ശക്തിക്ക് നല്‍കിയത്. തമിഴ് സിനിമ ഷൂട്ടിംഗിന് ശേഷം ചില പ്രശ്‌നങ്ങളില്‍ കുടുങ്ങി റിലീസ് വൈകി.

ഈ സമയത്താണ് 1975 ഡിസംബര്‍ 12 ന് ഉണര്‍ച്ചികളുടെ മലയാളം റീമേക്ക് പ്രദര്‍ശനത്തിനെത്തിയത്.

കമലഹാസനും ജയസുധയും പ്രധാനറോളില്‍ അഭിനയിച്ച രാസലീലയാണ് ആ ചിത്രം. പക്ഷെ, തമിഴ്‌നാട്ടില്‍ വിവാദങ്ങളുണ്ടാക്കിയ ഉണര്‍ച്ചികള്‍ റിലീസ് ചെയ്തത് 1976 ജൂണ്‍-25 നായിരുന്നു.(ഉണര്‍ച്ചികള്‍ പിന്നീട് സെക്‌സ് ചിത്രമായി പല തിയേറ്ററുകളിലും ഉച്ചപ്പടമായി പ്രദര്‍ശിപ്പിച്ചിരുന്നു).

ആര്‍.ജെ.ടി ഫിലിംസിന്റെ ബാനറില്‍ കാര്‍മല്‍ ജോണി നിര്‍മ്മിച്ച ഈ ബ്ലാക്ക് ആന്റ് വൈറ്റ് സിനിമ കാര്‍മ്മല്‍ പിക്‌ച്ചേഴ്‌സ് തന്നെയാണ് വിതരണം ചെയ്തത്.

ജെ.വില്യംസ് ക്യാമറയും രവികിരണ്‍ ചിത്രസംയോജനവും നിര്‍വ്വഹിച്ചു. കല-പരസ്യം രാധാകൃഷ്ണന്‍(ആര്‍.കെ.). എം.ജി.സോമന്‍, ബഹദൂര്‍, ശങ്കരാടി, കനകദുര്‍ഗ്ഗ, മണിമാല, രാജശ്രീ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.

രാസലീല-

വയലാര്‍ രാമവര്‍മ്മ അവസാനമായി ഗാനങ്ങളെഴുതിയ സിനിമയാണ് രാസലീല. അദ്ദേഹത്തിന്റെ മരണത്തിന് ശേഷമാണ് സിനിമ റിലീസ് ചെയ്തത്. രാസലീലയിലെ ഗാനങ്ങള്‍ക്ക് സംഗീതംപകര്‍ന്നത് സലില്‍ചൗധരിയാണ്. ഈ സിനിമയിലെ നാല് ഗാനങ്ങളും ഇന്നും സൂപ്പര്‍ഹിറ്റുകളായി നിലനില്‍ക്കുന്നു.
ഒരു പതിനെട്ടുകാരന്‍ പയ്യന്റെ ലൈംഗിക ഉണര്‍വുകളുടെയും സാഹസങ്ങളുടെയും അനന്തരഫലമായ ലൈംഗികരോഗത്തിന്റെയും കഥയാണ് രാസലീല. കമല്‍ഹാസന്റെ മറ്റൊരു സൂപ്പര്‍ ഹിറ്റായ ‘മദനോത്സവം’ രചിച്ച് സംവിധാനം ചെയ്തതും ശങ്കരന്‍നായരാണ്. രാസലീല തമിഴിലും തെലുങ്കിലും ഡബ്ബ് ചെയ്ത് മദ്രാസിലും ഹൈദരാബാദിലും 100 ദിവസം ഓടി എന്നതും ചരിത്രം. തെലുഗു നടി ജയസുധയാണ് ‘രാസലീല’യിലെ നായിക. ‘രാസലീല’ ഇപ്പോഴും മലയാളികളുടെ മനസ്സില്‍ ദശപുഷ്പം ചൂടി നില്‍ക്കുന്നതിന്റെ കാരണം അതിലെ എവര്‍ഗ്രീന്‍ പാട്ടുകളാണ്. മനയ്ക്കലെ തത്തേ, ആയില്യം പാടത്തെ പെണ്ണേ, നിശാസുരഭികള്‍, നീയും വിധവയോ എന്നിവയായിരുന്നു വയലാര്‍-സലീല്‍ ചൗധരിമാര്‍ ഒരുക്കിയ പാട്ടുകള്‍. സെക്‌സിന്റെ  അതിപ്രസരം കാരണം രാസലീല വലിയ സാമ്പത്തിക വിജയം നേടി. 2012 ല്‍ മജീദ് മാറഞ്ചേരി രാസലീല അതേ പേരില്‍ വീണ്ടും റീമേക്ക് ചെയ്തുവെങ്കിലും ചിത്രം പരാജയമായിരുന്നു. വയലാറിന്റെ മകന്‍ ശരത്ചന്ദ്രവര്‍മ്മയും സലീല്‍ ചൗധരിയുടെ മകന്‍ സഞ്ജയ് സലില്‍ ചൗധരിയും യേശുദാസിന്റെ മകന്‍ വിജയ് യേശുദാസും ഒരുമിച്ച പുതിയ ‘രാസലീല’യിലെ പാട്ടുകളും ശ്രദ്ധിക്കപ്പെട്ടില്ല.

ഗാനങ്ങള്‍-

1-ആയില്യംപാടത്തെ പെണ്ണേ-യേശുദാസ്, വാണിജറാം.

2-മനക്കലെ തത്തേ-യേശുദാസ്.

3-നീയും വിധവയോ-പി.സുശീല.

4-നിശാസുരഭികള്‍-ജയചന്ദ്രന്‍.