ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി–ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍–ഇവരാണ് ട്രബിള്‍ഷൂട്ടേഴ്‌സ്

തളിപ്പറമ്പ്: തളിപ്പറമ്പ് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സിയുടെ സന്ദര്‍ഭോചിതമായ ഇടപെടലും പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍ എടുത്ത യുക്തിസഹവും കര്‍ശനമായ നിലപാടുകളുമാണ് ഇന്നലെ മുതല്‍ നടന്നുവന്ന ബസ്‌സമരം പിന്‍വലിക്കാന്‍ കാരണമായത്.

ഇന്നലെ ബസ് സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ ജില്ലാ ഭരണകൂടവും പോലീസും അയഞ്ഞ സമീപനം സ്വീകരിച്ചത് ഇന്ന് മുതല്‍ സമരം കണ്ണൂര്‍ റൂട്ടിലേക്ക് കൂടി വ്യാപിക്കാന്‍ ഇടയാക്കിയിരുന്നു.

ഇന്ന് രാവിലെ താലൂക്ക് ഓഫീസില്‍ ചേര്‍ന്ന അനുരഞ്ജന ചര്‍ച്ചയില്‍ ട്രേഡ് യൂണിയനുകളും ബസ് ഉടമകളും സമരത്തെ പൂര്‍ണമായി തള്ളിപ്പറയുന്നതിന് ഇടയാക്കിയത് ആദ്യംതന്നെ ബസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് സ്വീകരിച്ച നിലപാടുകള്‍ ഡി.വൈ.എസ്.പി വിശദീകരിച്ചത് തന്നെയാണ്.

ഇക്കാര്യത്തില്‍ അദ്ദേഹം സ്വീകരിച്ച നിലപാടാണ് ബസുടമകളും യൂണിയനുകളും വേഗത്തില്‍ തന്നെ പ്രശ്‌നം തീര്‍ക്കണമെന്ന നിലപാടിലേക്ക് എത്തിച്ചത്.

ഇന്നലെ തന്നെ ഉത്തരവാദപ്പെട്ടവര്‍ ഇടപെട്ടിരുന്നെങ്കില്‍ എളുപ്പത്തില്‍ പരിഹരിക്കപ്പെടുമായിരുന്ന പ്രശ്‌നം നീട്ടിക്കൊണ്ടുപോകാനിടയാക്കിയതിനെ യൂണിയനുകളുടെ കണ്‍വീനറും സി.ഐ.ടി.യു നേതാവുമായ കെ.ജയരാജനും ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചത്.

സമൂഹമാധ്യമങ്ങള്‍ വഴി സമരത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ബസ് തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ

ഡി.വൈ.എസ്.പി ആവശ്യമാണെങ്കില്‍ സര്‍ക്കാര്‍ മുറപോലെ കാര്യങ്ങള്‍ ചെയ്യുമെന്ന് ഉറച്ചശബ്ദത്തില്‍ പറഞ്ഞതും സമരവുമായി മുന്നോട്ടുപോകാനുള്ള ഒരുവിഭാഗത്തിന്റെ നീക്കത്തിന് തിരിച്ചടിയായി.

ദേശീയപാതയില്‍ സര്‍വീസ് നടത്തുന്ന ബസ് ജീവനക്കാരും വിദ്യാര്‍ത്ഥികളുമായുള്ള പ്രശ്‌നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ അടുത്തദിവസം തന്നെ പ്രത്യേക യോഗം ചേരുമെന്നും ഡി.വൈ.എസ്.പി ഉറപ്പുനല്‍കി.