ദുരിതകാലത്ത് അഭയമേകാന്‍ കുറുമാത്തൂരില്‍ ദുരിതാശ്വാസ കേന്ദ്രം
കുറുമാത്തൂര്‍: പ്രകൃതി ദുരന്തത്തില്‍ പ്രയാസപ്പെടുന്നവര്‍ക്ക് താല്‍ക്കാലിക അഭയം നല്‍കാന്‍ കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ച ദുരിതാശ്വാസ കേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങി.

മിനുക്കുപണികള്‍ പൂര്‍ത്തിയാക്കി മാര്‍ച്ച് മാസത്തില്‍ കെട്ടിടം നാടിന് സമര്‍പ്പിക്കും.
ചൊറുക്കളയില്‍ പഞ്ചായത്ത് ഓഫീസിന് സമീപം വിലയ്‌ക്കെടുത്ത എട്ട് സെന്റ് സ്ഥലത്താണ് ദുരിതാശ്വാസ കേന്ദ്രം നിര്‍മ്മിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെയും ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളുടെയും ദുരന്ത നിവാരണ ഫണ്ടുകളില്‍ നിന്നും 45 ലക്ഷം രൂപ ചെലവഴിച്ചാണ് ഇരുനില കെട്ടിടം ഒരുക്കിയത്.
ഒരേ സമയം 100 പേരെ ഇവിടെ താമസിപ്പിക്കാന്‍ കഴിയും. കഴിഞ്ഞ പ്രളയകാലത്ത് പഞ്ചായത്തിലെ കുറുമാത്തൂര്‍, കോട്ടുപുറം,
താനിക്കുന്ന്, മുയ്യം, പാറാട്, പനക്കാട്, മഴൂര്‍ എന്നീ ഭാഗങ്ങളില്‍ വെള്ളം കയറിയിരുന്നു. നൂറോളം കുടുംബങ്ങളെയാണ് അന്ന് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മാറ്റിപാര്‍പ്പിച്ചത്.
പ്രകൃതി ക്ഷോഭത്താല്‍ ദുരിതം അനുഭവിക്കുന്നവരെ മതിയായ സൗകര്യങ്ങള്‍ ഇല്ലാത്ത ഇടങ്ങളിലേക്ക് മാറ്റിപാര്‍പ്പിക്കേണ്ടി വരുന്നതിനാലാണ് പഞ്ചായത്ത് ഷെല്‍ട്ടര്‍ ഹോം നിര്‍മ്മിച്ചത്. ഇത് പ്രദേശത്തെ ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമാകും.
