പുരുഷോത്തമന്‍ മാസ്റ്ററെ കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരിക്കുന്നു-

പിലാത്തറ: ഇന്നലെ നിര്യാതനായ നാഷണല്‍ കോളേജ് സ്ഥാപകനും പ്രിന്‍സിപ്പാളുമായ എം.വി.പുരുഷോത്തമന്റെ ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം മൂന്നിന് കുഞ്ഞിമംഗലം മല്ലിയോട്ട് സമുദായ ശ്മശാനത്തില്‍ നടക്കും. പുരുഷോത്തമന്‍ മാസ്റ്ററെക്കുറിച്ച് പാരലല്‍ കോളേജ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്ററുടെ അനുസ്മരണം-

നഷ്ടമായത് സമാന്തര വിദ്യാഭ്യാസത്തിന് ദിശാബോധം നല്‍കിയ പ്രിയ അധ്യാപകനെ.

പാവപ്പെട്ട ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസവും, നൂറു കണക്കിനു ചെറുപ്പക്കാര്‍ക്ക് അധ്യാപന മേഖലയില്‍ തൊഴിലും നല്‍കി സമാന്തരവിദ്യാഭ്യാസ മേഖലക്ക് അഭിമാനമായ് വളര്‍ന്ന തളിപ്പറമ്പ നാഷണല്‍ കോളേജ് സ്ഥാപകനും പ്രിന്‍സിപ്പാളുമായ പുരുഷോത്തമന്‍ മാഷ് തന്റെ കര്‍മ്മഭൂമികയില്‍ നിന്ന് വിട വാങ്ങി.

അദ്ദേഹത്തിന്റെ ദേഹ വിയോഗം പാരലല്‍ വിദ്യാഭ്യാസ മേഖലക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.

അദേഹം പാരലല്‍ കോളേജ് അസോസിയേഷന്‍ പ്രസിഡണ്ടായിരിക്കെ നിരവധി കാലം സിക്രട്ടറിയായിരിക്കാന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ട്.

വിദ്യാര്‍ഥികള്‍ നേരിടുന്ന വിഷയങ്ങളെക്കുറിച്ച് അതാത് സമയം വേണ്ടരീതിയില്‍ ഇടപെടാനും ,അത് നേടും വരെ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കാനും മാഷ് കാണിച്ചിട്ടുള്ള ആര്‍ജവം എല്ലാവര്‍ക്കും ആ വേശമുളവാക്കുമായിരുന്നു.

പാരലല്‍ കോളേജ് കലോത്സവങ്ങള്‍ക്കും , കായിക മേളകള്‍ക്കും വേണ്ടി ഇത് എന്റെ കുട്ടികളുടെ മേളയാണെന്ന് പറഞ്ഞ് വേണ്ടുന്ന സാമ്പത്തിക സഹായം നല്‍കുവാനും മാഷ് മുന്നില്‍ തന്നെ ഉണ്ടാകു.ആരെയും വെറുപ്പിക്കാതെ എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാനുള്ള മാഷുടെ സംഘടനാ പാടവം എടുത്തു പറയേണ്ടതാണ്.

1974 ല്‍ തളിപ്പറമ്പ മാര്‍ക്കറ്റിലെ ഒരു ചെറിയ വാടകക്കെട്ടിടത്തില്‍ ട്യൂഷന്‍ സെന്ററായി തുടങ്ങിയ സ്ഥാപനം ഇന്ന് ഉത്തരകേരളത്തിലെ തന്നെ പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമാക്കി വളര്‍ത്തിയതിനു പിന്നില്‍ പുരുഷോത്തമന്‍ മാഷ് എന്ന കര്‍മ്മയോഗിയുടെ നിതാന്ത പരിശ്രമം തന്നെയായിരുന്നു.

എന്നും സൗമ്യഭാവമാണ്. വിദ്യാഭ്യാസം ബാലികേറാമലയായ മലയോര മേഖലയിലെ പതിനായിരങ്ങള്‍ക്ക് ആശ്രയമായി നാഷണല്‍ കോളേജ് വളര്‍ന്നെങ്കില്‍ അത് പൊതു സമൂഹം മാഷില്‍ അര്‍പ്പിച്ച വിശ്വാസമായിരുന്നു. ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ജീവിതോപാധി തേടുന്നവര്‍ ഏറെയും ഇവിടെ പഠിപ്പിച്ചവരോ പഠിച്ചവരോ ആയിരിക്കും.

ഒരാഴ്ച മുമ്പ് മാഷുമായി ഏറെ നേരം ചര്‍ച്ച ചെയ്തപ്പോഴും ഒരിക്കല്‍ പോലും തന്റെ ശാരീരിക വിഷമതകളെ കുറിച്ച് ഒരു വാക്കു പോലും പറഞ്ഞില്ല. പറഞ്ഞതു മുഴുവന്‍ ഈ മേഖലയിലെ കുട്ടികള്‍ നേരിടുന്ന വിഷയങ്ങളെ കുറിച്ചായിരുന്നു ,

അതിനു കാണേണ്ട പോംവഴികളെ കുറിച്ചായിരുന്നു. 2500 കുട്ടികള്‍ വരെ അവിടെ പഠിച്ച കാലഘട്ടത്തെ കുറിച്ചായിരുന്നു. ഒരു പക്ഷെ അവരുടെ ഒരു കണക്ക് എടുത്തിരുന്നെങ്കില്‍ ഒരു ലക്ഷത്തിനടുത്ത് ശിഷ്യ സമ്പത്തിനുടമയാണ് പുരുഷോത്തമന്‍ മാഷ് എന്ന് നിസ്സംശയം പറയാം.

ജീവകാരുണ്യ മേഖലയിലും മഹത്തായ സേവനം മാഷ് നടത്തിയിട്ടുണ്ട്. കാഴ്ച ശക്തി ഇല്ലാത്തവര്‍ക്കായി മാതമംഗലം തുമ്പത്തടത്തില്‍ പ്രവര്‍ത്തിക്കുന്ന ആ ശ്രയസ്വാശ്രയ സംഘത്തിന്റെ ചുമതലയില്‍ കഴിഞ്ഞ 18 വര്‍ഷമായി അദ്ദേഹം പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ഇപ്പോഴും ആയിരത്തോളം വിദ്യാര്‍ത്ഥികളും, 25 ല്‍ പരം അധ്യാപകരുമുള്ള നാഷണല്‍ കോളേജില്‍ ഇന്നും എത്രയോ നിര്‍ധനരായ കുട്ടികളെ മാഷ് പഠിപ്പിച്ചു വരുന്നു എന്നുളളത് തന്നെ പുരുഷോത്തമന്‍ മാഷ് എന്ന ആ വലിയ മനുഷ്യനോടുള്ള ആദരവ് വര്‍ധിപ്പിക്കുന്നു.