അത്യാഹിത വിഭാഗത്തില്‍ എത്തുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞ സമയത്തില്‍ ചികിത്സ: ആരോഗ്യ മന്ത്രി
പരിയാരം: അതീവ ഗുരുതരാവസ്ഥയില്‍ അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ക്ക് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ചികിത്സ ലഭ്യമാക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.

പരിയാരത്ത് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് കെട്ടിട നവീകരണ പ്രവൃത്തിയും അത്യാധുനിക ഡിജിറ്റല്‍ റേഡിയോഗ്രാഫി യൂണിറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മള്‍ട്ടി ട്രോമ കേസുകളില്‍ എത്തുന്ന രോഗികളുടെ ചികിത്സ ഒരു കാരണവശാലും തടസ്സപ്പെടരുത്. ഇവര്‍ക്കായി പ്രത്യേകം ചുവന്ന ടാഗ് നല്‍കും.
ഒ പി ടിക്കറ്റിലും ചുവന്ന സ്റ്റിക്കര്‍ പതിക്കും. ഓരോ ജീവനും വിലപ്പെട്ടതാണ്.
ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് സമയബന്ധിതമായ ചികിത്സ ഉറപ്പു വരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം മന്ത്രി പറഞ്ഞു.
പരിയാരം മെഡിക്കല്‍ കോളേജിനെ സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷം നിരവധി പ്രതിസന്ധികളെ മറികടന്നാണ് പ്രവര്‍ത്തിക്കുന്നത്.
521 നഴ്‌സിംഗ് സ്റ്റാഫിനെയും 147 ഡോക്ടര്‍മാരെയും സര്‍ക്കാര്‍ ജീവനക്കാരായി ആഗിരണം ചെയ്തു.
സീനിയര്‍ നഴ്‌സുമാരുടെ തസ്തിക ഒഴിവുകള്‍ വര്‍ക്ക് അറേഞ്ച്‌മെന്റിലൂടെ നികത്തി.
22 അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പരിഗണയിലാണ്. പരിയാരത്ത് പ്ലാസ്റ്റിക് സര്‍ജറി യൂണിറ്റ് ആരംഭിക്കും. ഇതിനായി രണ്ട് തസ്തികകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും മാറ്റി നിയോഗിച്ചു.
നവീകരണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ട്രോമ കെയറിന്റെ ആദ്യഘട്ടം രണ്ട് മാസത്തിനകം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
എം വിജിന്‍ എംഎല്‍എ അധ്യക്ഷനായി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണന്‍, കടന്നപ്പള്ളിപാണപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി സുലജ, മുന്‍ എംഎല്‍എ ടി വി രാജേഷ്, ജെഡിഎംഇ (മെഡിക്കല്‍) ഡോ തോമസ് മാത്യു,
ഡിപി എം ഡോ. പി കെ അനില്‍ കുമാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ അജയകുമാര്‍, സൂപ്രണ്ട് ഡോ.കെ സുദീപ്, വാപ്‌കോസ് ലിമിറ്റഡ് റീജിയണല്‍ മാനേജര്‍ ദീപാങ്ക് അഗര്‍വാള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നവീകരണം 35.52 കോടി രൂപ ചെലവില്‍
സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി ഫണ്ടില്‍ നിന്നും 35.52 കോടി രൂപ ചെലവിലാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി നവീകരണം നടത്തുന്നത്.
മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടത്തിന്റെ പെയിന്റിംഗ്, കെട്ടിടത്തിലെ അറ്റകുറ്റപണികള്‍, പുതിയ അഗ്‌നിശമന സുരക്ഷാ സംവിധാനമൊരുക്കല്‍, മെഡിക്കല്‍ കോളേജ് കോമ്പൗണ്ടിലെ
റോഡുകളുടെ നവീകരണം, ഹൈമാസ്റ്റ് ലൈറ്റുകള്‍ സജ്ജീകരിക്കല്‍, അത്യാധുനിക ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറ സംവിധാന മൊരുക്കല്‍, കേന്ദ്രീകൃത ശീതീകരണ സംവിധാനം തുടങ്ങിയവയുള്‍പ്പെടുന്നതാണ് പ്രവൃത്തികള്‍.
2021-22 സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 1.74 കോടി രൂപ ചെലവില്‍ ഒരുക്കിയ ഡിജിറ്റല്‍ റേഡിയോഗ്രാഫി യൂണിറ്റിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
ഇതോടെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എക്‌സ്‌റേ വിഭാഗത്തില്‍ രോഗികള്‍ക്കായി അതിനൂതന സംവിധാനം ലഭ്യമാകും.
ഫോട്ടോ എടുക്കുന്ന വേഗതയില്‍ സെക്കന്റുകള്‍ക്കകം മികച്ച വ്യക്തതയോടെ എക്‌സ്‌റേ ഫലം ലഭിക്കും. തുടര്‍ച്ചയായി 100 പേരുടെ എക്‌സ്‌റേ എടുക്കാന്‍ കഴിയും.
റേഡിയേഷന്‍ തോത് കുറഞ്ഞ രോഗനിര്‍ണ്ണയ സംവിധാനമാണ് ഈ ഡിജിറ്റല്‍ റേഡിയോഗ്രാഫി സിസ്റ്റത്തിലേത്. റേഡിയേഷന്‍ സുരക്ഷ ഉറപ്പാക്കിയ ശേഷം ഈ സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള എഇആര്‍ബി ലൈസന്‍സും ലഭിച്ചു.
